Sorry, you need to enable JavaScript to visit this website.

ജിസാൻ പൈതൃക ഗ്രാമം തുറന്നുവെച്ചത് ചരിത്രപ്പഴമയുടെ പൊൻചിമിഴുകൾ

ജിസാൻ പൈതൃകോൽസവത്തിൽ നിന്നുള്ള വിവിധ ദൃശ്യങ്ങൾ. ഫോട്ടോ: എം. താഹ  

ജിസാൻ - തെക്കു പടിഞ്ഞാറൻ സൗദിയുടെ തുറമുഖ നഗരത്തിൽ അറേബ്യൻ സാംസ്‌കാരിക പൈതൃകത്തിന്റെ അടയാളങ്ങളുമായി ഹെറിറ്റേജ് വില്ലേജ് ഫെസ്റ്റിവൽ. വ്യത്യസ്ത ഋതുക്കളിൽ പൂത്തുലയുന്ന സംസ്‌കൃതിയുടെ ശേഷിപ്പുകൾ പുതുതലമുറയ്ക്ക് അറിയാനും പകർത്താനുമുതകും വിധമാണ് പൈതൃക ഗ്രാമം രൂപകൽപന ചെയ്തിട്ടുള്ളത്. 
2009 ൽ ആരംഭിച്ച ഹെറിറ്റേജ് ഗ്രാമമെന്ന ആശയത്തിന്റെ ശിൽപി ജിസാൻ ഗവർണർ മുഹമ്മദ് ബിൻ നാസർ ബിൻ അബ്ദുൽ അസീസ് രാജകുമാരനാണ്. ഇന്നും സീസണുകളിൽ കൊടിയേറുന്ന പൈതൃകോൽസവത്തിലേക്ക് ജിസാനിൽ നിന്നും പുറത്ത് നിന്നുമുള്ള നിരവധിയാളുകൾ ഒഴുകിയെത്തുന്നു. ശൈത്യകാലത്താണ് ഉൽസവ പ്രഹർഷം ഇവിടെ തിരയടിക്കുന്നത്. 


യെമന്റെ അതിർത്തി പ്രദേശമായ ഫിഫാ മലനിരകളിലെ ഗോത്രവർഗക്കാരുടെ ഉടയാടകളും ഭക്ഷണ രീതിയും മറ്റും ചിത്രീകരിക്കുന്ന സ്റ്റാളുകൾ പൈതൃകോൽസവത്തിലെ പ്രധാന കാഴ്ചയാണ്. നൂറുകണക്കിന് വർഷങ്ങളുടെ പഴക്കമുള്ള അറേബ്യൻ ജീവിത രീതിയുടെ തുടിപ്പുകളാണ് പുനരാവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്. അക്കാലത്തെ വസ്ത്രധാരണ രീതി, മലമ്പ്രദേശങ്ങളിലെ വിവിധ ഗോത്രസമൂഹത്തിന്റെ പരമ്പരാഗത വസ്ത്രങ്ങൾ, തലയിൽ ഇലയും പൂവും ചൂടുന്ന പുരുഷന്മാരുടെ പ്രതീകാത്മക രൂപങ്ങൾ, സ്ത്രീകളും കുട്ടികളും ധരിച്ചിരുന്ന വസ്ത്രങ്ങൾ, വിവിധ കാലങ്ങളിൽ വിവിധ ജനവിഭാഗം ഉടുത്തൊരുങ്ങിയിരുന്ന അബായ, തോബ് എന്നിവയൊക്കെ ആകർഷകവും അതേ സമയം പഴമ നഷ്ടപ്പെടാതെയുമാണ് പ്രദർശിപ്പിച്ചിട്ടുള്ളത്.


കല്ല് കൊണ്ടുള്ള അടുപ്പുകൾ, അരയ്ക്കാനുപയോഗിച്ചിരുന്ന അമ്മിക്കല്ലുകൾ, തൈര് കടയാനുപയോഗിച്ച കയിലുകൾ (തവി), മീൻ ചുട്ടെടുക്കാനുപയോഗിച്ചിരുന്ന ദുബായ, കല്ല് കൊണ്ടുണ്ടാക്കിയ മിഗൂഷ്, ജഖ്‌റ (പാത്രം), സൂപ്പ് കുടിക്കാനുപയോഗിച്ച ചെറുപാത്രങ്ങൾ, വിവിധ കാർഷികോപകരണങ്ങൾ, കളിമൺവീടുകൾ, പൂട്ടും താക്കോലും, കൃഷിനിലം ഉഴാനുപയോഗിക്കുന്ന കലപ്പ തുടങ്ങിയവയെല്ലാം പൈതൃകോൽസവത്തിൽ പ്രദർശിപ്പിച്ചിട്ടുള്ളത് ഇംഗ്ലീഷിലും അറബിയിലുമുള്ള അടിക്കുറിപ്പുകളോടെയാണ്. ചെങ്കടൽത്തീരത്ത് കമനീയമായി ഉയർത്തിയിട്ടുള്ള പൈതൃക ഗ്രാമത്തിന്റെ കവാടം - ബൈത്തുൽ ജബലി- പ്രകൃതിക്ഷോഭം തടയുന്നതിന്റെ ഭാഗമായി കരിങ്കല്ല് അടുക്കിവെച്ച് പണ്ടു കാലങ്ങളിൽ നിർമിച്ച സൗദി വീടുകളുടെ ആകൃതിയിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്. 
കളിമണ്ണ് കൊണ്ടുണ്ടാക്കിയ വീടുകൾ - അൽ ബൈത്തുൽ തിഹാമി -, കളിമൺ കൂട് - അൽഉശാ അത്തിനിയി - എന്നിവയുടെയൊക്കെ മിനിയേച്ചറുകളാണ് ജിസാൻ പൈതൃകോൽസവത്തിന്റെ മറ്റൊരു സവിശേഷത. 


ചെങ്കടലിലുയർത്തിയ ബൈത്തുൽ ഫർസാനിയിലേക്ക് കടൽപാലം കടന്നുവേണം പോകാൻ. മുത്തും പവിഴവും നിറഞ്ഞ, പരിസ്ഥിതി സംരക്ഷണത്തിന്റെ ഉദാത്ത മാതൃകയായ ഫർസാൻ ദ്വീപുകളുടെ കൊച്ചുമാതൃകകളാണ് പൈതൃകോൽസവത്തിലെ ബൈത്തുൽ ഫർസാനി. ഈ കാഴ്ചകൾ കണ്ടു കഴിഞ്ഞാൽ പൈതൃകഗ്രാമത്തിന്റെ നടുവിൽ വിശാലമായ സൂഖ് സജ്ജീകരിച്ചിരിക്കുന്നു. പഴയ കാലത്തെ സൗദി ഗ്രാമച്ചന്തകളുടെ പുനരാവിഷ്‌കാരം. വിവിധ തരം ഭക്ഷ്യോൽപന്നങ്ങൾ, പാനീയങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, മറ്റു നിത്യോപയോഗ വസ്തുക്കൾ, ചെടികൾ, പൂക്കൾ, നാടൻ ഔഷധങ്ങൾ എന്നിവയ്ക്ക് പുറമെ പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന വാളുകളും തോക്കുകളും കത്തികളുമെല്ലാം പഴമ ചോർന്നു പോകാത്തവിധം പൈതൃകോൽസവത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

 

Latest News