Sorry, you need to enable JavaScript to visit this website.

കരിപ്പൂരിൽനിന്ന് എയർ ഇന്ത്യ സർവീസ് ഒരു മാസത്തിനകം -വിമാനത്താവള ഡയറക്ടർ 

കോഴിക്കോട്- എയർ ഇന്ത്യയുടെ വലിയ വിമാനങ്ങൾ (കോഡ്-ഇ) ഒരു മാസത്തിനുള്ളിൽ കരിപ്പൂരിൽ നിന്ന് സർവീസ് പുനരാരംഭിക്കുമെന്ന് കോഴിക്കോട് വിമാനത്താവള ഡയറക്ടർ കെ.ശ്രീനിവാസ റാവു. 
സുരക്ഷാ പരിശോധന പൂർത്തിയായെന്നും വലിയ വിമാനങ്ങൾക്ക് ഡി.ജി.സി.എ ഉടൻ അനുമതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി സംഘടിപ്പിച്ച കാലിക്കറ്റ് എയർപോർട്ട് വിഷൻ-2030 വികസന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എമിറേറ്റ്‌സിന്റെ വലിയ വിമാനങ്ങളുടെ സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പുരോമഗിച്ചു വരികയാണ്. കരിപ്പൂരിൽ നിന്ന് സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി എമിറേറ്റ് എയർ സാങ്കേതിക വിദഗ്ധർ മാർച്ച് 3, 4 തിയ്യതികളിൽ കരിപ്പൂരിലെത്തും. ആറു മാസത്തിനുള്ളിൽ ഗൾഫ് രാജ്യങ്ങളിലേക്ക് നോൺസ്റ്റോപ്പ് സർവീസ് ആരംഭിക്കും. കഴിഞ്ഞ ഡിസംബറിൽ വലിയ വിമാനങ്ങളുടെ സർവീസ് ആരംഭിച്ച സൗദി എയർലൈൻസ് സർവീസുകളുടെ എണ്ണം ക്രമേണ കൂട്ടിവരികയാണ്. 
ന്യൂദൽഹിയിലേക്ക് ആഴ്ചയിൽ മൂന്ന് (ചൊവ്വ, വ്യാഴം, ശനി) നോൺസ്റ്റോപ്പ് സർവീസ് ഫെബ്രുവരി ഏഴു മുതൽ ആരംഭിച്ചെന്നും ഒരു മാസത്തേക്കു നടത്തുന്ന ട്രയൽ സർവീസ് ലാഭകരമാണെങ്കിൽ പിന്നീട് സർവീസ് സ്ഥിരപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരം, കൊൽക്കത്ത, മംഗലാപുരം തുടങ്ങി ആഭ്യന്തര വിമാനത്താവളങ്ങളിലേക്ക് കൂടുതൽ സർവീസ് ആരംഭിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. 
സിംഗപ്പൂർ, ചൈന, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് കരിപ്പൂരിൽ നിന്ന് കണക്ഷൻ വിമാനങ്ങളുടെ സർവീസ് ആരംഭിക്കാൻ സംസ്ഥാന സർക്കാരിന്റെ പിന്തുണ ആവശ്യമാണ്. ആഭ്യന്തര സർവീസുകൾക്കുള്ള ഇന്ധന നികുതി സംസ്ഥാന സർക്കാർ അഞ്ചു ശതമാനമായി കുറച്ചത് കരിപ്പൂരിനെ സംബന്ധിച്ച് ആശ്വാസകരമാണ്. കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങിയത് യാത്രക്കാരിൽ ചെറിയ നഷ്ടമുണ്ടാക്കുമെങ്കിലും കോഴിക്കോട് വിമാനത്താവളത്തിന്റെ വ്യോമ ഗതാഗതത്തിൽ വലിയ കുറവുണ്ടാക്കില്ലെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, കൂടുതൽ വലിയ വിമാനങ്ങളുടെ സർവീസ് ആരംഭിക്കുന്നതോടെ ഈ നഷ്ടം നികത്താനാകുമെന്നും വ്യക്തമാക്കി. 
ആവശ്യമായ സ്ഥലം ഇല്ലാതെ വീർപ്പു മുട്ടുകയാണ് വിമാനത്താവളമെന്നും റൺവേ വികസനത്തിനും പുതിയ ടെർമിനലിനും പാർക്കിംഗ് സംവിധാനത്തിനും 137 ഏക്കർ ഭൂമി കൂടി അനിവാര്യമാണ്. കൂടുതൽ വിമാനങ്ങൾ നിർത്തിയിടാനും കാറുകൾ പാർക്കു ചെയ്യാനും സൗകര്യങ്ങൾ വേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട നിവേദനം ചേംബർ മുൻ പ്രസിഡന്റ് ടി.പി അഹമ്മദ് കോയ ഡയറക്ടർക്കു സമർപ്പിച്ചു. ചേംബർ പ്രസിഡന്റ് സുബൈർ കൊളക്കാടൻ അധ്യക്ഷനായിരുന്നു. എയർപോർട്ട് സബ്കമ്മിറ്റി ചെയർമാൻ ഡോ. കെ.മൊയ്തു ആമുഖ പ്രസംഗം നിർവഹിച്ചു. രാജേഷ് കുഞ്ഞപ്പൻ, എം.മുസമ്മിൽ തുടങ്ങിയവർ സംസാരിച്ചു. 
 

Latest News