Sorry, you need to enable JavaScript to visit this website.

ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ക്കുന്നു; സീറ്റു പങ്കിടല്‍ ധാരണയിലേക്ക്?

ന്യൂദല്‍ഹി- പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും വെല്ലുവിളികള്‍ നേരിടുന്നതിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ക്കുന്നതായി റിപോര്‍ട്ട്. സീറ്റുകള്‍ പങ്കിടുന്നതു സംബന്ധിച്ച് ഇരു പാര്‍ട്ടികളും ധാരണയിലെത്താനുളള അണിയറ നീക്കങ്ങള്‍ സീജവമാണെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 42 ലോക്‌സഭാ സീറ്റുള്ള ബംഗാളില്‍ നിലവില്‍ കോണ്‍ഗ്രസിന് നാലും സിപിഎമ്മിന് രണ്ടും സീറ്റാണുള്ളത്. ഈ സീറ്റുകളില്‍ പരസ്പരം മത്സരിക്കേണ്ട എന്നാണ് ധാരണ. വെള്ളിയാഴ്ച നടക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ ധാരണ ഉണ്ടായേക്കും. ഇരു പാര്‍ട്ടികളും ഒന്നിച്ചു നില്‍ക്കാന്‍ നേരത്തെ തന്നെ ധാരണയായതായി രാഷ്ട്രീയ വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. ഫെബ്രുവരി മൂന്നിന് സിപിഎം നടത്തിയ ഇടതുപക്ഷ റാലിക്കു ശേഷം ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടു പോകാനായിരുന്നു ധാരണ. കൊല്‍ക്കത്തയിലെ ബ്രിഗേഡ് മൈതാനത്ത് നടന്ന കൂറ്റന്‍ റാലിയുടെ വന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബംഗാളിലെ ഇടതു പക്ഷം.

അതിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും തമ്മില്‍ പാര്‍ലമെന്റിനകത്തും പാര്‍ലമെന്റ് മന്ദിരത്തിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസിലും വച്ച് സംസാരിച്ചതായും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. സഖ്യം സംബന്ധിച്ച് അന്തിമ തീരുമാന എടുക്കും മുമ്പ് തങ്ങളുടെ ബംഗാള്‍ ഘടകങ്ങളുടെ അഭിപ്രായം അറിയാന്‍ കാത്തിരിക്കുകയാണ് ഇരുപാര്‍ട്ടികളും. അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും ഔപചാരിക ചര്‍ച്ചകള്‍ ഉടന്‍ നടക്കുമെന്നും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ബംഗാളിലെ ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു.

അതേസമയം സിപിഎം കേരള നേതാക്കള്‍ ഈ സഖ്യ നീക്കത്തെ എതിര്‍ത്തേക്കും. കരുത്ത് കാട്ടാന്‍ സിപിഎം ഒറ്റയ്ക്കു മത്സരിക്കണമെന്ന അഭിപ്രായവും ബംഗാളിലെ ഒരു വിഭാഗം നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. ഇതിനു കേരളത്തില്‍ നിന്നും പിന്തുണയും ലഭിക്കും. കോണ്‍ഗ്രസ് സഖ്യം പാര്‍ട്ടിയെ ബാധിക്കുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎമ്മും കോണ്‍ഗ്രസും പരസ്യമായി ധാരണയുണ്ടാക്കിയിരുന്നു. ഒറ്റയ്ക്കു മത്സരിക്കണമെന്ന അഭിപ്രായക്കാര്‍ കോണ്‍ഗ്രസിലുമുണ്ട്. എന്നാല്‍ ഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളും സിപിഎമ്മുമായി അനൗപചാരിക സീറ്റു പങ്കിടല്‍ ധാരണ ഉണ്ടാക്കുന്നതിനെ അനൂകൂലിക്കുന്നവരാണെന്നും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

18-20 സീറ്റുകളില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് ബംഗാള്‍ ഘടകത്തിന്റെ നീക്കങ്ങള്‍. ഇവയില്‍ കഴിഞ്ഞ തവണ സിപിഎം ജയിച്ച രണ്ടേ രണ്ടു മണ്ഡലങ്ങളായ റായ്ഗഞ്ചും മുര്‍ശിദാബാദും ഉള്‍പ്പെടും. ഈ രണ്ടു സീറ്റുകളും ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ തര്‍ക്ക വിഷയമായേക്കാം. കാലങ്ങളായി കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായിരുന്ന ഈ മണ്ഡലങ്ങള്‍ കഴിഞ്ഞ തവണ ചതുഷ്‌കോണ മത്സരത്തില്‍ സിപിഎം പിടിച്ചെടുത്തതാണ്. റായ്ഗഞ്ചില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്നു പ്രിയരജ്ഞന്‍ ദാസ് മുന്‍ഷിയുടെ ഭാര്യ ദീപദാസ് മുന്‍ഷിയെ 2014-ല്‍ വെറും 2000 വോട്ടുകള്‍ക്കാണ് സിപിഎമ്മിന്റെ മുഹമ്മദ് സാലിം തോല്‍പ്പിച്ചത്.

ബംഗാളിലെ വോട്ട് ഓഹരിയില്‍ വലിയ വിഹിതമുള്ളത് മമത ബാജര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനാണ്. 39.3 ശതമാനം. 29.5 ശതമാനം വോട്ടോടെ സിപിഎം നേതൃത്വത്തിലുള്ള ഇടതു പക്ഷം രണ്ടാം സ്ഥാനത്ത് തന്നെ ഉണ്ട്. ബിജെപിയുടെ വോട്ടു ശതമാനം ഏതാനും വര്‍ഷങ്ങള്‍ക്കിടെ 16.9 ശതമാനമായി ഉയര്‍ന്നതാണ് മറ്റു പാര്‍ട്ടികളുടെ ആശങ്ക. മാത്രവുമല്ല സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും പിന്തള്ളി ബംഗാളിലെ മുഖ്യപ്രതിപക്ഷ ശബ്ദമായി ബിജെപി ഉയര്‍ന്നു വരികയും ചെയ്തു.  


 

Latest News