Sorry, you need to enable JavaScript to visit this website.

'മോഡി മുര്‍ദാബാദ്' വിളി വേണ്ട, ബിജെപിയെ സ്‌നേഹിച്ചു തോല്‍പ്പിക്കാന്‍ രാഹുലിന്റെ ആഹ്വാനം

ഭുവനേശ്വര്‍- രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഒരിക്കലും മുര്‍ദാബാദ് വിളിക്കരുതെന്ന് കോണ്‍ഗ്രസ് അണികളോട് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം. ഈ വാക്ക് (മുര്‍ദാബാദ്) ബിജെപി, ആര്‍എസ്എസ് അണികളുടെ ഭാഷയാണ്. കോണ്‍ഗ്രസില്‍ നാം ഒരിക്കലും ഈ വാക്കുകള്‍ ഉപയോഗിക്കരുത്. സ്‌നേഹത്തിലും മമതയിലും വിശ്വസിക്കുന്നവരാണ് നാം. അതിനുവേണ്ടിയാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നത്- കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രാഹുല്‍ പറഞ്ഞു. ഒഡീഷയിലെ റൂര്‍ക്കേലയില്‍ കോണ്‍ഗ്രസ് പരിപാടിയില്‍ പ്രസംഗിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേര് പരാമര്‍ശിക്കപ്പെട്ടപ്പോള്‍ അണികള്‍ മുര്‍ദാബാദ് വിളിച്ചതിനെ തുടര്‍ന്നാണ് രാഹുലിന്റെ ഉപദേശം. 

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിദ്വേഷത്തിനു അവസരം നല്‍കാതെ തന്നെ കോണ്‍ഗ്രസ് ബിജെപിയെ പരാജയപ്പെടുത്തുമെന്നും രാഹുല്‍ പറഞ്ഞു. വിദ്വേഷ പ്രചാരണം നടത്താതെ തന്നെ കോണ്‍ഗ്രസ് പ്രധാനമന്ത്രി മോഡിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. നരേന്ദ്ര മോഡിയുടെ മുഖഭാവങ്ങളില്‍ മാറ്റം പ്രകടമാണ്. നാലു ഭാഗത്തു നിന്നും അദ്ദേഹത്തെ വളഞ്ഞിരിക്കുന്നു. മോഡി എങ്ങോട്ടു നോക്കിയാലും അവിടെ റഫാല്‍, കര്‍ഷകര്‍, തൊഴിലാളികള്‍, സ്ത്രീകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉണ്ടാകും. അദ്ദേഹം ഘരാവോ ചെയ്യപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ മുഖഭാവത്തിലും പ്രകടനങ്ങളിലും ഈ മാറ്റം ഉണ്ടായിട്ടുണ്ട്. ഇത് വിദ്വേഷം കൊണ്ട് നേടിയെടുത്തതല്ല. സ്‌നേഹത്തോടെയാണ് അദ്ദേഹത്തെ നാം ചോദ്യം ചെയ്തത്. അദ്ദേഹത്തെ നാം തോല്‍പ്പിക്കുക തന്നെ ചെയ്യും,-രാഹുല്‍ പറഞ്ഞു.
 

Latest News