ന്യൂദല്‍ഹി- ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വാട്‌സാപ്പ് ദുരുപയോഗം ചെയ്യാറുണ്ടെന്ന് വാട്‌സാപ്പ് കമ്മ്യൂണിക്കേഷന്‍സ് മേധാവി കാള്‍ വൂഗ്. രണ്ടു മാസത്തിനുശേഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കമ്പനി ഇക്കാര്യം പരസ്യമായി സമ്മതിച്ചത്. ആസന്നമായ തെരഞ്ഞെടുപ്പില്‍ വാട്‌സാപ്പ് ദുരുപയോഗം തടയുന്നതിന് സ്വീകരിക്കുന്ന മാര്‍ഗങ്ങളെ കുറിച്ച് നടത്തിയ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു കാള്‍ വൂഗ്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വാട്‌സാപ്പ് ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മേയില്‍ നടന്ന കര്‍ണാടക തെരഞ്ഞെടുപ്പിനുശേഷം തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നു. ബള്‍ക്ക് മെസേജുകള്‍ അയക്കാന്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നതിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
എന്‍ക്രിപ്ഷന്‍ ഒഴിവാക്കി വാട്‌സാപ്പ് മെസേജുകളുടെ ഉറവിടം കണ്ടെത്താന്‍ അനുവദിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇത് തങ്ങളുടെ ശക്തമായ സ്വകാര്യതാ സംരക്ഷണത്തോട് യോജിക്കുന്നതല്ലെന്നും അദ്ദേഹം വിശദീകരിച്ചു. തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ നിര്‍മിത ബുദ്ധിയും മെഷീന്‍ ലേണിംഗ് സംവിധാനങ്ങളും ഉപയോഗിക്കുമെന്ന് വാട്‌സാപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബള്‍ക്ക് മെസേജുകള്‍ നിരീക്ഷിച്ച ശേഷം ദുരുപയോഗം ചെയ്യുന്ന അക്കൗണ്ടുകള്‍ നിരോധിക്കുകയെന്നതാണ് കമ്പനി ഇപ്പോള്‍ ആവിഷ്‌കരിച്ചിരിക്കുന്ന തന്ത്രം.