മലപ്പുറം- കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ബജറ്റുകളെ ആയുധമാക്കി മുന്നണികൾ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഗോദയിലേക്കിറങ്ങുന്നു. മോഡി സർക്കാർ കേന്ദ്രത്തിൽ അവതരിപ്പിച്ച ബജറ്റിന്റെ ഗുണവശങ്ങളെ ഉയർത്തിക്കാട്ടി ബി.ജെ.പി.സഖ്യവും പിണറായി സർക്കാരിന്റെ ബജറ്റിലെ ജനപ്രിയ ഘടകങ്ങൾ വിശദീകരിച്ച് ഇടതുമുന്നണിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തയാറെടുക്കുകയാണ്. ഇരു ബജറ്റുകളെയും വിമർശിക്കുന്നതിനുള്ള വാൾതലക്ക് മൂർഛ കൂട്ടുകയാണ് യു.ഡി.എഫ് നേതൃത്വം. ദേശീയ വിഷയങ്ങൾക്കൊപ്പം സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികളും പാർലമെന്റ് തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാകും. തെരഞ്ഞെടുപ്പിൽ ജനപിന്തുണ ഉറപ്പാക്കുന്നതിന് വേണ്ട പ്രഖ്യാപനങ്ങളുമായാണ് ഇത്തവണ കേന്ദ്ര സർക്കാർ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. അതേ സമയം, പ്രളയത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെട്ട സംസ്ഥാന ബജറ്റിൽ ജനങ്ങൾക്ക് പൊതുവെ മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ഇല്ലെങ്കിലും പ്രാദേശികമായി ഫണ്ട് അനുവദിക്കുന്നതിന് ധനമന്ത്രി ശ്രദ്ധിച്ചിട്ടുണ്ട്. ഇതെല്ലാം ഉയർത്തിക്കാട്ടിയാകും ഇടതുമുന്നണിയുടെ പ്രചാരണ പ്രവർത്തനങ്ങൾ.
മലബാർ മേഖലക്കായി സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളെ ഉയർത്തിക്കാട്ടിയാകും ഇടതുമുന്നണിയുടെ ഈ മേഖലയിലെ വോട്ട് പിടിത്തം. ഇതുപക്ഷം ഇത്തവണ കടുത്ത മൽസരം കാഴ്ചവെക്കാനൊരുങ്ങുന്ന പൊന്നാനി, വയനാട് മണ്ഡലങ്ങളിൽ ബജറ്റ് പ്രഖ്യാപനങ്ങൾ അവർ ശക്തമായ ആയുധമാക്കും. പൊന്നാനി മണ്ഡലം കൂടി ഉൾപ്പെടുന്ന സ്‌പൈസസ് റൂട്ടും വയനാട്ടിലെ കാപ്പി കർഷകർക്കായി പ്രഖ്യാപിച്ച മലബാർ കോഫി പദ്ധതിയും ഇത്തവണ തെരഞ്ഞെടുപ്പു പ്രസംഗങ്ങളിൽ ഉയർന്നു കേൾക്കും. കുടുംബശ്രീക്കുള്ള ആയിരം കോടിയുടെ സഹായം സ്ത്രീകൾക്കിടയിൽ പിന്തുണ വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്. പ്രവാസികൾക്കായി സർക്കാർ പ്രഖ്യാപിച്ച പദ്ധതികളാണ് മലബാർ മേഖലയിൽ വോട്ടാക്കി മാറ്റാൻ ഇടതുമുന്നണി ആയുധമാക്കുക. ഗൾഫിൽ വെച്ച് മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കാനുള്ള പദ്ധതി, തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനുള്ള സാന്ത്വനം പദ്ധതി എന്നിവ ഗൾഫ് മലയാളികൾ ഏറെയുള്ള മലബാർ മേഖലയിൽ അനുകൂല ഘടകങ്ങളാകുമെന്നാണ് ഇടതു നേതൃത്വം കരുതുന്നത്.
കേന്ദ്ര സർക്കാരിന്റെ ബജറ്റിലെ ജനപ്രിയ പ്രഖ്യാപനങ്ങളാകും എൻ.ഡി.എ നേതൃത്വത്തിൽ പ്രചാരണ ആയുധങ്ങളിൽ പ്രധാനം. ഒട്ടേറെ മധ്യവർഗ കുടുംബങ്ങൾക്ക് ഗുണകരമാകുന്ന ആദായ നികുതി ഇളവ് പ്രഖ്യാപനത്തെ പരമാവധി ജനങ്ങളിലെത്തിക്കാൻ ബി.ജെ.പി നേതൃത്വം തെരഞ്ഞെടുപ്പു കാലത്ത് ശ്രമിക്കും. കർഷകർക്ക് പ്രതിവർഷം ആറായിരം രൂപ സൗജന്യമായി നൽകുമെന്ന പ്രഖ്യാപനവും ജനങ്ങളെ സ്വീധീനിക്കുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. ബി.ജെ.പിയുടെ ദേശീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ കേരളത്തിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തുമ്പോൾ ഉയർത്തിക്കാട്ടുന്നത് ഈ പ്രഖ്യാപനങ്ങളായിരിക്കും.
അതേസമയം, ഇരു ബജറ്റുകളെയും തുറന്നെതിർക്കുന്നതിനുള്ള തയാറെടുപ്പിലാണ് യു.ഡി.എഫ്. പിണറായി സർക്കാരിന്റെ ബജറ്റ് സംസ്ഥാനത്ത് വിലക്കയറ്റമുണ്ടാക്കുമെന്ന നിലപാട് യു.ഡി.എഫ് നേതാക്കൾ ഉയർത്തിക്കഴിഞ്ഞു. പ്രളയ പുനരധിവാസത്തിനായി ഏർപ്പെടുത്തിയ സെസ് സാധാരണക്കാരുടെ മേൽ വലിയ സാമ്പത്തിക ഭാരമാണ് അടിച്ചേൽപിക്കുകയെന്ന് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തിയിട്ടുണ്ട്. സർക്കാർ സേവനങ്ങളുടെ ചാർജ് വർധന, വിനോദ നികുതിയിൽ വരുത്തിയ വർധന, ഭൂമിയുടെ ന്യായവില വർധന, വലിയ വീടുകൾക്ക് ഏർപ്പെടുത്തിയ ആഡംബര നികുതി എന്നിവയെ കടുത്ത ഭാഷയിലാകും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് യു.ഡി.എഫും ബി.ജെ.പിയും വിമർശിക്കുക. കേന്ദ്ര സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ പൊള്ളയാണെന്ന വാദമുയർത്തിയാകും യു.ഡി.എഫും ഇടതുമുന്നണിയും എൻ.ഡി.എയുടെ വാദങ്ങളെ നേരിടുക. കർഷകർക്കായി പ്രഖ്യാപിച്ച പദ്ധതികളുടെ ഗുണം കൃഷി ചെയ്ത് ജീവിക്കുന്നവർക്ക് ലഭിക്കില്ലെന്നാണ് കേന്ദ്രത്തിൽ പ്രതിപക്ഷ നിലപാട്. കർഷകരായി ജീവിക്കുന്നവർ ഭൂമി സ്വന്തമായി ഇല്ലാത്തവരാണെന്നും പാട്ടത്തിനെടുത്ത ഭൂമിയിലാണ് വലിയൊരു വിഭാഗം പേർ കൃഷി ചെയ്യുന്നതെന്നുമുള്ള വാദം യു.ഡി.എഫ് മുഖ്യമായി ഉയർത്തും.
തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച ബജറ്റുകൾ കേരളത്തിലും കേന്ദ്രത്തിലും ഭരണത്തിലുള്ള സർക്കാരുകൾക്ക് രാഷ്ട്രീയമായി അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഇത് പരമാവധി പ്രയോജനപ്പെടുത്താൻ പ്രചാരണ രംഗത്ത് ഇടതുമുന്നണിയും ബി.ജെ.പിയും ശ്രമിക്കും. ബജറ്റ് പ്രഖ്യാപനങ്ങളുടെ വെല്ലുവിളികളെ മറികടക്കാനുള്ള തന്ത്രങ്ങളാണ് യു.ഡി.എഫ് പാളയത്തിൽ മെനയുന്നത്.