അഴിമതിയുടെ കാര്യത്തിലും അഴിമതിക്കാരെ സംരക്ഷിക്കുന്നതിലും തൃണമുൽ കോൺഗ്രസും ബി.ജെ.പിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ മാത്രമാണ്. അഴിമതിക്കെതിരെ സുതാര്യവും കാര്യക്ഷമവുമായ അന്വേഷണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അത് രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനൽകുന്ന ഫെഡറൽ ജനാധിപത്യ സംവിധാനങ്ങൾ സംരക്ഷിച്ചുകൊണ്ടുമാവണം. അത്തരം തത്ത്വാധിഷ്ഠിത രാഷ്ട്രീയമാണ് ഇവിടെ വെല്ലുവിളി നേരിടുന്നത്.
പൊതുതെരഞ്ഞെടുപ്പ് ദിനങ്ങൾ അടുക്കുന്നതോടെ മോഡി ഭരണകൂടത്തിലും ബി.ജെ.പിയിലും വ്യാപകമാകുന്ന പരിഭ്രാന്തിയുടെ ഏറ്റവും പുതിയ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ സിബിഐയുടെ നേതൃത്വത്തിൽ അരങ്ങേറിയ അട്ടിമറി നാടകം. ഭരണഘടനാ തത്ത്വങ്ങളോടും അത് രാജ്യത്തിന് ഉറപ്പുനൽകുന്ന ഫെഡറൽ സംവിധാനത്തോടും സംസ്ഥാന ഭരണകൂടങ്ങളുടെ സ്വയം ഭരണാധികാരത്തോടുമുള്ള പരസ്യമായ വെല്ലുവിളിയായേ കൊൽക്കത്തയിലെ സംഭവവികാസങ്ങളെ നോക്കിക്കാണാനാവൂ. സംസ്ഥാന സർക്കാരിന്റെ അനുമതിയോ ബന്ധപ്പെട്ട കോടതിയുടെ വാറണ്ടോ കൂടാതെ നാൽപത് ഉദ്യോഗസ്ഥർ അടങ്ങുന്ന സി.ബി.ഐ സംഘം സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലെത്തി അദ്ദേഹത്തെ ചോദ്യം ചെയ്യാൻ നടത്തിയ ശ്രമം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട ഏടുകളിൽ ഒന്നായിരിക്കും.
ശാരദാ റോസ്‌വാലി ചിട്ടി തട്ടിപ്പു കേസുകൾ അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകിയിരുന്ന കമ്മീഷണർ രാജീവ് കുമാർ അതു സംബന്ധിച്ച് സുപ്രധാന തെളിവുകൾ മൂടിവെച്ചിരിക്കുന്നുവെന്നാരോപിച്ചാണ് സി.ബി.ഐ അസാധാരണ നീക്കത്തിനു മുതിർന്നത്. സി.ബി.ഐ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും അവരുടെ നടപടിക്ക് ഉപോദ്ബലകമായ തെളിവുകൾ ഒന്നും വ്യക്തമാക്കാൻ കേന്ദ്ര ഏജൻസിക്ക് കഴിഞ്ഞില്ലെന്നും സുപ്രീംകോടതിയിൽ ഇത് സംബന്ധിച്ച പരാതി പരിഗണിക്കവെ വെളിവാകുകയുണ്ടായി. നരേന്ദ്രമോഡിയുടെ വിശ്വസ്തനായ സിബിഐയുടെ ഇടക്കാല മേധാവി കേന്ദ്ര സായുധ പൊലീസ് സേനയായ സിആർപിഎഫിനെ തങ്ങളുടെ കൊൽക്കത്ത ഓഫീസിന് കാവലായി നിയോഗിച്ചതോടെ അത് കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഇരു ഗവൺമെന്റുകളുടെയും നിയന്ത്രണത്തിലുള്ള പൊലീസ് സേനയും തമ്മിലുള്ള അഭിമുഖീകരണമായി മാറി. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ പറ്റി മോഡി സർക്കാർ നിരന്തരം ഉരുവിട്ടുപോന്ന 'സഹകരണാത്മക ഫെഡറലിസം' എന്ന ആശയത്തിന്റെ നഗ്‌നമായ ലംഘനവും നിഷേധവുമാണ് കൊൽക്കത്തയിലെ നാടകീയ സംഭവങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.
കേന്ദ്ര അന്വേഷണ ഏജൻസി എന്ന നിലയിൽ സിബിഐയുടെ വിശ്വാസ്യത എല്ലാതലത്തിലും ഇത്രയേറെ ചോദ്യം ചെയ്യപ്പെട്ട മറ്റൊരു കാലം ഉണ്ടായിട്ടില്ല. സിബിഐ മേധാവിയെ പാതിരാത്രി അട്ടിമറിയിലൂടെ നീക്കം ചെയ്ത് സ്വന്തം ശിങ്കിടിയെ തൽസ്ഥാനത്ത് അവരോധിച്ച നടപടി സുപ്രീംകോടതി ഇടപെടലിലൂടെ അസാധുവാക്കപ്പെട്ട വിവാദം കെട്ടടങ്ങും മുമ്പാണ് അതേ ഏജൻസി വീണ്ടും ഭരണകൂട ചട്ടുകമാക്കി മാറ്റപ്പെട്ടത്.
പുതിയ സിബിഐ മേധാവി ചുമതലയേൽക്കുന്നത് ഈ നാണംകെട്ട നാടകത്തിന്റെ പശ്ചാത്തലത്തിലാണ്. സിബിഐ മോഡി ഭരണത്തിൻകീഴിൽ ഭരണഘടന അട്ടിമറിക്കുള്ള ഉപകരണമാക്കപ്പെടുന്നത് ഇത് ആദ്യമല്ല. ഉത്തർപ്രദേശിലും കർണാടകത്തിലും തമിഴ്‌നാട്ടിലുമെല്ലാം സമാനമായ വിടുപണിക്കായാണ് ഈ അന്വേഷണ ഏജൻസിയെ മോഡി ഭരണകൂടം ഉപയോഗിച്ചുവരുന്നത്. ക്രമസമാധാനപാലനം ഭരണഘടനാനുസൃതം സംസ്ഥാന വിഷയമാണ്. എന്നാൽ സംസ്ഥാനങ്ങളുടെ അധികാരങ്ങൾക്കും അവകാശങ്ങൾക്കും യാതൊരു വിലയും കൽപ്പിക്കാതെയാണ് കേന്ദ്രസർക്കാർ നേരിട്ട് സംസ്ഥാനങ്ങളിൽ സിആർപിഎഫ് പോലെയുള്ള സായുധ പൊലീസ് സേനാവിഭാഗങ്ങളെ വിന്യസിക്കുന്നത്. ഇത് രാജ്യത്തെ അപകടകരമായ ഭരണഘടനാ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. രാഷ്ട്രീയ വൈവിധ്യത്തെയും ബലതന്ത്രത്തേയും കണക്കിലെടുക്കാതെ മോഡി സർക്കാർ നടത്തുന്ന ഭരണഘടനാ തത്വങ്ങളുടെ അട്ടിമറി രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും നേരെ കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ഭരണഘടനയേയും ഭരണഘടനാ സ്ഥാപനങ്ങളേയും ജനങ്ങൾ വിശ്വാസം അർപ്പിച്ചുപോന്ന അന്വേഷണനിയമവാഴ്ചാ ഏജൻസികളെയും ദുരുപയോഗം ചെയ്തും അധികാരം നിലനിർത്താനുള്ള തീക്കളിയിലാണ് നരേന്ദ്രമോഡി സർക്കാർ ഏർപ്പെട്ടിട്ടുള്ളത്.
രാജ്യത്ത് സമീപകാലത്തായി പെരുകിവരുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളും കുംഭകോണങ്ങളും സുതാര്യമായി അന്വേഷിക്കുന്നതിനും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനും അന്വേഷണ ഏജൻസികൾക്ക് കഴിയുന്നില്ല. അതിന്റെ മുഖ്യകാരണം അധികാര രാഷ്ട്രീയം അത്തരം സാമ്പത്തിക കുറ്റവാളികൾക്ക് നൽകിവരുന്ന പിന്തുണയാണ്. ശാരദാ ചിട്ടി ഫണ്ട് തട്ടിപ്പ് അന്വേഷണത്തിൽ കേന്ദ്രസർക്കാരിനും ബി.ജെ.പിക്കും
എന്ത് ആത്മാർഥതയാണുള്ളത്? ഈ അഴിമതിക്കേസിൽ കുറ്റാരോപിതനായ തൃണമുൽ കോൺഗ്രസ് നേതാവിനെ ബി.ജെ.പിയിലേക്ക് സ്വീകരിച്ച് കേസിൽ നിന്നും സംരക്ഷണം ഉറപ്പു നൽകുകയാണ് ബി.ജെ.പി ചെയ്തത്.
അഴിമതിയുടെ കാര്യത്തിലും അഴിമതിക്കാരെ സംരക്ഷിക്കുന്നതിലും തൃണമുൽ കോൺഗ്രസും ബി.ജെ.പിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ മാത്രമാണ്. അഴിമതിക്കെതിരെ സുതാര്യവും കാര്യക്ഷമവുമായ അന്വേഷണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അത് രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനൽകുന്ന ഫെഡറൽ ജനാധിപത്യ സംവിധാനങ്ങൾ സംരക്ഷിച്ചുകൊണ്ടുമാവണം. അത്തരം തത്ത്വാധിഷ്ഠിത രാഷ്ട്രീയമാണ് ഇവിടെ വെല്ലുവിളി നേരിടുന്നത്.






