മഹാത്മജിയെ അവഹേളിച്ച പൂജ ശകുന്‍ പാണ്ഡെ അറസ്റ്റില്‍


അലിഗഡ്- മഹാത്മാഗാന്ധിയുടെ രൂപത്തില്‍ വെടിയുതിര്‍ത്ത് ഗാന്ധിവധം പുനഃസൃഷ്ടിച്ച സംഭവത്തില്‍ ഹിന്ദുമഹാസഭ നേതാവ് പൂജാ ശകുന്‍ പാണ്ഡെ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ അലിഗഡില്‍നിന്നാണ് ഹിന്ദുമഹാസഭ നേതാവിനെയും ഭര്‍ത്താവ് അശോക് പാണ്ഡെയെയും പിടികൂടിയത്. ജനുവരി 30 രക്തസാക്ഷിത്വ ദിനത്തിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവമുണ്ടായത്.

രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി വധം പുനഃസൃഷ്ടിച്ച പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്ത് ഇത് ആഘോഷിക്കുകയും ചെയ്തു.  പുറമേ ഗാന്ധിജിയെ വെടിവച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമയില്‍ പ്രവര്‍ത്തകര്‍ മാല അണിയിക്കുകയും ചെയ്തു. ഹിന്ദുമഹാസഭ നേതാവ് പൂജാ ശകുന്‍ പാണ്ഡെയാണു കളിത്തോക്ക് ഉപയോഗിച്ചു ഗാന്ധിയുടെ ചിത്രത്തിനു നേരെ പ്രതീകാത്മകമായി വെടിവച്ചത്. സംഭവം വിവാദമായതോടെ ഇവര്‍ ഒളിവിലായിരുന്നു.

സംഭവത്തില്‍ 12 പേര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പോലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിഡിയോ ദൃശ്യങ്ങളിലുണ്ടായിരുന്ന മൂന്ന് പേരെ കഴിഞ്ഞ ആഴ്ച പിടികൂടിയിരുന്നു.

 

Latest News