പൈലറ്റിന് അബദ്ധം പിണഞ്ഞു; പറക്കുന്നതിനിടെ വിമാന എഞ്ചിന്‍ മാറി ഓഫ് ചെയ്‌തെന്ന് അന്വേഷണ റിപോര്‍ട്ട് 

ന്യൂദല്‍ഹി- ദല്‍ഹിയില്‍ നിന്നും മുംബൈയിലേക്കു പറന്നുയരുന്നതിനിടെ എഞ്ചിനില്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് ഗോ എയര്‍ പൈലറ്റുമാര്‍ എഞ്ചിന്‍ മാറി ഓഫ് ചെയ്‌തെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.  രണ്ടാം എഞ്ചിനിലാണ് പക്ഷിയിടിച്ചത്. എന്നാല്‍ പൈലറ്റുമാര്‍ അബദ്ധത്തില്‍ ഒന്നാം എഞ്ചിന്‍ ഓഫ് ചെയ്തു. പക്ഷിയിടിച്ച എഞ്ചിന്‍ മാത്രം പ്രവര്‍ത്തിപ്പിച്ചാണ് വിമാനം 3,330 അടി ഉയരത്തിലെത്തിച്ചത്!  ഇതു തിരിച്ചറിഞ്ഞ ഉടന്‍ ഒന്നാം എഞ്ചിന്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്തതോടെ വലിയ ദുരന്തം വഴിമാറിയെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 ജൂണ്‍ 21-ന് പുലര്‍ച്ചെയാണ് ഈ സംഭവം നടന്നത്. ഒന്നര വര്‍ഷത്തിനു ശേഷം ഇപ്പോഴാണ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നത്. 2018 നവംബര്‍ അഞ്ചിനാണ് ഡി.ജി.സി.എ അന്വേഷണം പൂര്‍ത്തിയാക്കിയത്.

3,330 അടി ഉയരത്തിലേക്കു പറന്നുയര്‍ന്ന ശേഷമാണ് പൈലറ്റുമാര്‍ക്ക് അബദ്ധം മനസ്സിലായത്. ഉടന്‍ ഒന്നാം എഞ്ചിന്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ച് വിമാനം സുരക്ഷിതമായി ദല്‍ഹി എയര്‍പോര്‍ട്ടില്‍ ഇറക്കുകയായിരുന്നു. പക്ഷിയിടിച്ച എഞ്ചിന്‍ തിരിച്ചറിയുന്നതില്‍ പൈലറ്റുമാര്‍ക്ക് പിഴച്ചുവെന്ന് റിപോര്‍ട്ട് വ്യക്തമാക്കുന്നു. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ വിമാനത്തെ നിയന്ത്രിക്കുന്നതില്‍ വീഴ്ച സംഭവിച്ചു. സാഹചര്യങ്ങളോട് ശരിയായ രീതിയല്ല പ്രതികരിച്ചതെന്നും പൈലറ്റുമാര്‍ക്കെതിരെ റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

156 യാത്രക്കാരുമായി പറന്നുയര്‍ന്ന എ320 വിമാനത്തിലാണ് പക്ഷിയിടിച്ചത്. ടേക്ക് ഓഫിനിടെ രണ്ടാം എഞ്ചിനിലാണ് പക്ഷിയിടിച്ചത്. ഈ സമയം അസ്വാഭാവിക വിറയലും ശബ്ദവും ഉണ്ടായിരുന്നെങ്കിലും വിമാനം നിയന്ത്രിച്ച പൈലറ്റ് ടേക്ക് ഓഫ് തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഉച്ഛസ്ഥായിയിലെത്തിയ ശേഷം പരിശോധിക്കാമെന്ന് തീരുമാനിച്ചാകണം വിമാനം പറത്തിയതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ഒറ്റ എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചാണ് വിമാനത്തെ ഇത്ര ഉയരത്തിലെത്തിച്ചത്. മൂന്ന് മിനിറ്റ് സമയം ഇങ്ങനെ തുടര്‍ന്നു. 3,100 അടി ഉയരത്തിലെത്തിച്ച ശേഷം ഒന്നാം എഞ്ചിന്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്തു. പിന്നീട് പക്ഷിയിടിച്ച എഞ്ചിന്‍ ഓഫ് ചെയ്തു. ഒടുവില്‍ ഒറ്റ എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചാണ് വിമാനം സുരക്ഷിതമായി ലാന്‍ ചെയ്തത്. നിലത്തിറക്കിയ ശേഷം നടത്തിയ പരിശോധനയില്‍ പക്ഷിയിടിച്ച എഞ്ചിനില്‍ കേടുപാടുകള്‍ ഉള്ളതായും കണ്ടെത്തിയിരുന്നു.
 

Latest News