സൗദിയില്‍ ഇഖാമയില്ലാത്തവര്‍ക്ക് ജോലി നല്‍കിയാല്‍ ജയിലും പിഴയും; മാനേജര്‍മാരെ നാടുകടത്തും

റിയാദ് - ഇഖാമ, തൊഴിൽ നിയമ ലംഘകരെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങൾക്ക് അഞ്ചു വർഷത്തേക്ക് റിക്രൂട്ട്‌മെന്റ് വിലക്ക് ഏർപ്പെടുത്തുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ്. 
വിദേശങ്ങളിൽനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഇത്തരം സ്ഥാപനങ്ങൾക്ക് വിസ അനുവദിക്കില്ല. ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുകയും ചെയ്യും. സ്ഥാപനങ്ങളുടെ പേരുവിവരങ്ങ ളും സ്ഥാപനങ്ങൾ നടത്തിയ നിയമ ലംഘനവും മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തും. 
നിയമ ലംഘകരെ ജോലിക്കു വെക്കുന്ന മാനേജർമാരെ ഒരു വർഷം വരെ തടവിന് ശിക്ഷിക്കും. മാനേജർമാർ വിദേശികളാണെങ്കിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്തും. ജോലിക്കു വെക്കുന്ന ഇഖാമ, തൊഴിൽ നിയമ ലംഘകരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങൾക്ക് ഇരട്ടി തുക പിഴ ചുമത്തും. ശിക്ഷാ നടപടികൾ ഒഴിവാക്കുന്നതിന് ഇഖാമ, തൊഴിൽ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും ജോലിക്കു വെക്കരുതെന്ന് സ്വകാര്യ സ്ഥാപന ഉടമകളോട് ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. 
ഇത്തരക്കാർക്ക് ജോലിയോ യാത്രാ സൗകര്യമോ അഭയമോ നൽകുന്ന വ്യക്തികൾക്ക് ആറു മാസം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. സഹായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്ന വിദേശികളെ നാടുകടത്തും. ജോലിയും യാത്രാ സൗകര്യവും അഭയവും നൽകുന്ന നിയമ ലംഘകരുടെ എണ്ണത്തിനനുസരിച്ച് അവരെ സഹായിക്കുന്നവർക്ക് ഇരട്ടി തുക പിഴ ചുമത്തും. വിസിറ്റ് വിസകളിൽ സൗദിയിൽ പ്രവേശിക്കുന്നവർ വിസ കാലാവധിക്കുള്ളിൽ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകണമെന്നും ജവാസാത്ത് ഡയക്ടറേറ്റ് ആവശ്യപ്പെട്ടു. റീ-എൻട്രി വിസയിൽ സൗദി അറേബ്യ വിട്ട് വിസ കാലാവധിക്കുള്ളിൽ രാജ്യത്ത് തിരികെയെത്താത്ത വിദേശികൾക്ക് മൂന്നു വർഷത്തേക്ക് പ്രവേശന വിലക്ക് ബാധകമാണെന്ന് ജവാസാത്ത് ഡയക്ടറേറ്റ് ആവർത്തിച്ച് വ്യക്തമാക്കി. ഇത്തരക്കാർക്ക് മൂന്നു വർഷം പിന്നിടാതെ പുതിയ വിസയിൽ വരാനാവില്ല. ആശ്രിത വിസയിൽ സൗദിയിൽ കഴിയുന്നവർക്ക് ഇത് ബാധകമല്ല. 
ഇഖാമ കൈവശം വെക്കാതെ പുറത്തിറങ്ങി നടന്ന് കുടുങ്ങുന്ന വിദേശികൾക്ക് മൂവായിരം റിയാൽ പിഴ ചുമത്തുകയോ ആറാഴ്ച തടവു ശിക്ഷ നൽകുകയോ രണ്ടും കൂടി നൽകുകയോ ചെയ്യും. നിശ്ചിത സമയത്ത് ഇഖാമ പുതുക്കാത്തവർക്ക് ആദ്യ തവണ 500 റിയാൽ പിഴ ചുമത്തും. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് ആദ്യം ആയിരം റിയാൽ പിഴയും പിന്നീട് നാടുകടത്തലുമാണ് ശിക്ഷ.

Latest News