മാധ്യമ നിയമ ലംഘനങ്ങൾ 60 ദിവസത്തിനകം  തീർപ്പാക്കും; നിയമ ഭേദഗതിയുമായി മന്ത്രാലയം 

റിയാദ് - വാർത്താ മാധ്യമങ്ങൾ വരുത്തുന്ന നിയമ ലംഘനങ്ങളിൽ വേഗത്തിൽ വിചാരണ പൂർത്തിയാക്കൽ നിർബന്ധമാക്കുന്ന നിലക്ക് പ്രസ് നിയമാവലിയിൽ മീഡിയ മന്ത്രാലയം ഭേദഗതികൾ വരുത്തി. ഇതനുസരിച്ച് ഇത്തരം കേസുകൾ പരിശോധിക്കുന്ന മന്ത്രാലയത്തിനു കീഴിലെ കമ്മിറ്റികളുടെ പ്രവർത്തനം പുനഃക്രമീകരിക്കും. പ്രസ് നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ 60 ദിവസത്തിനകം കമ്മിറ്റികൾ വിചാരണ പൂർത്തിയാക്കിയിരിക്കണമെന്ന് പുതിയ നിയമാവലി വ്യക്തമാക്കുന്നു. ഇതുവരെ ഇത്തരം കേസുകൾ പത്തു വർഷം വരെ എടുത്താണ് പൂർത്തിയാക്കിയിരുന്നത്. മാധ്യമങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് 90 ദിവസത്തിനു ശേഷം നൽകുന്ന പരാതികൾ കമ്മിറ്റികൾ സ്വീകരിക്കില്ലെന്ന് പുതിയ നിയമാവലി പ്രതിപാദിക്കുന്നു.  
കമ്മിറ്റികൾ പുറപ്പെടുവിക്കുന്ന വിധികൾക്കെതിരെ അപ്പീൽ നൽകുന്നതിനുള്ള സമയം 15 ദിവസമായി കുറച്ചിട്ടുമുണ്ട്. 
അപ്പീൽ കമ്മിറ്റി തീരുമാനുണ്ടെങ്കിൽ ഒഴികെ, രണ്ടു തവണ തള്ളിക്കളഞ്ഞ പരാതികൾ കമ്മിറ്റികൾ വീണ്ടും പരിഗണിക്കില്ല. ആദ്യ സിറ്റിംഗ് നടത്തി 60 ദിവസത്തിനകം കമ്മിറ്റികൾ തീരുമാനം (വിധി പ്രഖ്യാപനം) കൈക്കൊണ്ടിരിക്കണമെന്ന് ഭേദഗതി ആവശ്യപ്പെടുന്നു. പ്രസ് നിയമത്തിലെ ഒമ്പതാം വകുപ്പ് പ്രകാരം വിദേശങ്ങളിൽ വെച്ച് നിയമ ലംഘനങ്ങൾ നടത്തുന്ന സൗദി പൗരന്മാരുടെ കേസുകൾ പരിശോധിക്കാനും കമ്മിറ്റികൾക്ക് അധികാരമുണ്ട്. ഇസ്‌ലാമിന് അപകീർത്തിയുണ്ടാക്കൽ, രാഷ്ട്രത്തിന്റെ ഉന്നത താൽപര്യങ്ങൾക്ക് കോട്ടം തട്ടിക്കൽ, കോടതികൾ പരിശോധിക്കേണ്ട ഗുരുതരമായ നിയമ ലംഘനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ കൂടുതൽ കടുത്ത ശിക്ഷകൾ വിധിക്കുന്നതിന് കമ്മിറ്റികൾ പ്രത്യേക കോടതിക്ക് സമർപ്പിക്കും. ഇത്തരം കേസുകൾ കോടതിക്ക് കൈമാറുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ മീഡിയ മന്ത്രി രാജാവിന് റിപ്പോർട്ട് സമർപ്പിക്കുകയാണ് ചെയ്യുക. 
കേസ് പരിശോധനക്ക് നിശ്ചിച്ച സമയത്ത് പരാതിക്കാരൻ എത്താത്ത പക്ഷം പരാതികളിൽ കമ്മിറ്റി ഓട്ടോമാറ്റിക് ആയി തീർപ്പ് കൽപിക്കും. ഇത്തരം സാഹചര്യങ്ങളിൽ പരാതികൾ തള്ളിക്കളയുന്ന പക്ഷം പരാതി വീണ്ടും പരിഗണിക്കുന്നതിന് ആവശ്യപ്പെട്ട് രണ്ടാഴ്ചക്കകം പരാതിക്കാർക്ക് അപേക്ഷ നൽകാവുന്നതാണ്. രണ്ടാം തവണയും തള്ളിക്കളയുന്ന പരാതികൾ രണ്ടാഴ്ചക്കകം അപ്പീൽ കമ്മിറ്റി വിധിയില്ലാതെ വീണ്ടും പരിഗണിക്കില്ല. 
കേസിലെ എതിർ കക്ഷി ആദ്യ തവണത്തെ സിറ്റിംഗിന് ഹാജരാകാത്ത പക്ഷം സിറ്റിംഗ് നീട്ടിവെക്കുകയും ഇക്കാര്യം കക്ഷിയെ അറിയിക്കുകയും ചെയ്യും. രണ്ടാം തവണയും ന്യായീകരിക്കത്തക്ക കാരണമില്ലാതെ സിറ്റിംഗിന് ഹാജരാകാത്ത പക്ഷം അവരുടെ അഭാവത്തിൽ തന്നെ വിചാരണ പൂർത്തിയാക്കി വിധി പ്രഖ്യാപിക്കും. കേസുകൾ ലഭിച്ച് 60 ദിവസത്തിനകം അപ്പീൽ കമ്മിറ്റികൾ വിധികൾ പ്രസ്താവിക്കൽ നിർബന്ധമാണ്. അപ്പീൽ കമ്മിറ്റി വിധിക്കെതിരെ മറ്റു വകുപ്പുകളിൽ അപ്പീൽ നൽകുന്നതിന് സാധിക്കില്ല. മൂന്നു സാഹചര്യങ്ങളിലാണ് കമ്മിറ്റി വിധികൾ അന്തിമമായി മാറുക. കമ്മിറ്റി വിധിക്കെതിരെ നിശ്ചിത സമയത്തിനകം അപ്പീൽ നൽകാതിരിക്കൽ, കമ്മിറ്റി വിധികൾ അപ്പീൽ കമ്മിറ്റി ശരിവെക്കൽ, അപ്പീൽ കമ്മിറ്റി പുറപ്പെടുവിക്കുന്ന വിധികൾ എന്നീ സാഹചര്യങ്ങളിൽ വിധികൾ അന്തിമമായി മാറുമെന്നും മീഡിയ മന്ത്രാലയം വരുത്തിയ പ്രസ് നിയമ ഭേദഗതി വ്യക്തമാക്കുന്നു. 

Latest News