കോഴിക്കോട്ട് വീട്ടിലുണ്ടാക്കിയ ഭക്ഷണം  ഓൺലൈനിൽ ഓർഡർ ചെയ്തുവാങ്ങാം 


കോഴിക്കോട് - വീട്ടിലുണ്ടാക്കിയ ഭക്ഷണം ഓൺലൈനിൽ ഓർഡർ ചെയ്തു വാങ്ങാൻ കോഴിക്കോട് നഗരത്തിൽ പുതിയ ആപ്പ്. 
ഡൈൻ അപ്‌സ് എന്ന ആപ്പുപയോഗിച്ച് നഗരപരിധിയിലെവിടെനിന്നും നഗരവാസികൾക്കും മറ്റും ഇനി ഭക്ഷണം ഓർഡർ ചെയ്യാം. നഗരത്തിലെ വിവിധ ഭാഗങ്ങളിലെ എഴുപത് വീട്ടമ്മമാരായ സ്ത്രീകൾക്കാണ് ഈ പുതിയ സംവിധാനത്തിലൂടെ തങ്ങളുടെ  ഭക്ഷ്യവിഭവങ്ങളും കോർപറേറ്റ് വൻകിട സ്ഥാപനങ്ങളെപ്പോലെ സ്മാർട് ഫോണിലൂടെ വിൽപന നടത്തുവാനുള്ള സംവിധാനം കൈവരുന്നത്. മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും ചേർന്നുകൊണ്ടാണ് ഈ പുതിയ ആപിന് തുടക്കം കുറിച്ചിരിക്കുന്നത്.
ഡൈൻ അപ്‌സ് എന്ന ആപ്പ് ഡൗൺലോഡ് ചെയ്താൽ ജി.പി.എസിന്റെ സഹായത്തോടെ ഭക്ഷണം തയ്യാറാക്കിയവരുടെ ലിസ്റ്റും വിലവിവരങ്ങളുമെല്ലാം കിട്ടും. ഇതിൽനിന്ന് ഇഷ്ടപ്പെട്ട വിഭവം തെരഞ്ഞെടുത്ത് എ.ടി.എം കാർഡുപയോഗിച്ച് പണമടക്കാം. പരമാവധി ഒരു മണിക്കൂറിനുള്ളിൽ ഭക്ഷണം നിങ്ങളുടെ വീട്ടുപടിക്കലെത്തും.
നിലവിൽ വൻകിട കമ്പനികൾ ഹോട്ടലുകളിൽനിന്ന് ഭക്ഷണം വാങ്ങി തങ്ങളുടെ നെറ്റ്‌വർക്കിലൂടെ വിൽപന നടത്തുമ്പോൾ ഡൈൻ അപ്‌സിലൂടെ വീട്ടിലുണ്ടാക്കുന്ന വിഭവങ്ങളാണ് ഉപഭോക്താക്കളുടെ കൈകളിലെത്തിക്കുന്നതെന്നതാണ് ഈ സംരംഭത്തിന്റെ പ്രത്യേകതയെന്ന് പ്രധാന പ്രയോക്താക്കളായ കോഴിക്കോട് ആസ്ഥാനമായ യോർക്ക് എക്ലെറ്റിംഗ് ഈറ്റ്‌സിന്റെ സാരഥിയും അമേരിക്കയിൽ സീനിയർ എഞ്ചിനീയറുമായ കോഴിക്കോട് സ്വദേശിനി സജ്‌ന വീട്ടിൽ മലയാളം ന്യൂസിനോട് പറഞ്ഞു.
ഹോം ഡെലിവറിയോ ഇൻപേഴ്‌സൺ പിക്അപ്പായോ വിഭവങ്ങൾ എത്തിക്കും. വീടുകളിലുണ്ടാക്കിയ ഭക്ഷണമാണ് കൂടുതൽ ആരോഗ്യപ്രദവും വിശ്വാസയോഗ്യവുമെന്നതിനാൽ രുചിയുടെ തറവാടായ കോഴിക്കോടിന് ഇത് ഏറെ ഇഷ്ടപ്പെടുമെന്നാണ് ഇവരുടെ പ്രതീക്ഷ. പാചകവിദഗ്ധരായ വീട്ടമ്മമാർക്ക് തങ്ങളുണ്ടാക്കുന്ന വിഭവങ്ങൾ ഉപഭോക്താക്കളിലെത്തിക്കുവാൻ ഡൈൻ അപ്‌സ് ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം രജിസ്റ്റർ ചെയ്യാം. ഡൈൻഅപ്‌സ് ആപ്പിന്റെ ലോഞ്ചിംഗ് ഒമ്പതിന് വൈകീട്ട് 4.30ന് കോസ്‌മോപോളിറ്റൻ ക്ലബ്ബിൽ നടക്കും. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. 
സജ്‌ന വീട്ടിലിനെ കൂടാതെ സോമി സിൽവിയും ന്യൂയോർക്ക് സ്വദേശി മാർക്ക വോങ്ങുമാണ് കമ്പനിയുടെ മുഖ്യസാരഥികൾ. കോഴിക്കോട്ടെ ഷൈബ, റാശിദ, റശീദ് എന്നിവരും ഈ സംരംഭത്തിന്റെ അണിയറയിലുണ്ട്.

 

Latest News