തലശ്ശേരി - ബംഗാളിന്റേയും ആന്ധ്രയുടേയും വഴിയേ കേരളവും സി.ബി.ഐയെ പുറത്താക്കൽ നടപടിയിലേക്ക് നീങ്ങിയാൽ കണ്ണൂർ, കാസർകോട്, കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ ഏറ്റെടുത്തിട്ടുള്ള വിവിധ കൊലപാതക കേസുകളുടെ അന്വേഷണത്തിൽ സി.ബി.ഐ ഉദ്യോഗസ്ഥർ വിയർത്ത് വെള്ളം കുടിക്കേണ്ടി വരും.
അന്വേഷണ കാര്യങ്ങൾക്കായി നാളിതുവരെ തലശ്ശേരി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ഗസ്റ്റ് ഹൗസുകളിൽ താമസിച്ചു വന്ന ശീതീകരിച്ച മുറികൾ ഒഴിയാനും അതുവരെ താമസിച്ചതിന് വാടക നൽകാനും 2017ൽ തന്നെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് സി.ബി.ഐക്ക് നോട്ടീസ് നൽകിയിരുന്നു.
മലബാറിൽ ഹക്കീം വധം, അരിയിൽ ഷുക്കൂർ വധം, കതിരൂർ മനോജ് വധം, തലശ്ശേരി ഫസൽ വധം, തലശ്ശേരി ദിനേശൻ വധം, പയ്യോളി മനോജ് വധം തുടങ്ങിയ പ്രമാദമായ കൊലക്കേസുകളുടെ അന്വേഷണം ഇപ്പോൾ സി.ബി.ഐ പാതി വഴിയിലെത്തിച്ചു നിൽക്കുകയാണ്. ഇതിൽ മിക്കതിലും തുടക്കത്തിൽ സഹായിച്ചതും ഇതുവരെ സഹായിച്ചു വന്നതും ലോക്കൽ പോലീസാണ്. സഹായികളായി കൂടെ നിന്ന ലോക്കൽ പോലീസുകാരെ ഏതാനും മാസം മുൻപ് സി.ബി.ഐ ഒഴിവാക്കിയിരുന്നു. ഇപ്പോൾ തനിച്ചാണ് കേസന്വേഷിക്കുന്നത്. സംസ്ഥാനത്തെ ഭരണകക്ഷി മുഖ്യ പ്രതിസ്ഥാനത്തുള്ള കേസുകളിൽ സി.ബി.ഐ നടത്തുന്ന അന്വേഷണം മിക്കപ്പോഴും ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതേ തുടർന്നാണ് കൂട്ടിലിട്ട തത്തയെന്ന് സുപ്രിം കോടതി പോലും പരാമർശിച്ച സി.ബി.ഐക്ക് മൂക്ക് കയറിടാൻ കിട്ടുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്ന ആവശ്യം ഉയർന്നുവരുന്നത്.
ഡൽഹി പോലീസ് സ്‌പെഷൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം പ്രവർത്തിക്കുന്ന സി.ബി.ഐക്ക് മറ്റ് സംസ്ഥാനങ്ങളിൽ അന്വേഷണവും റെയ്ഡും നടത്താൻ അതത് സർക്കാരുകളുടെ പൊതുസമ്മതം (ജനറൽ കൺസന്റ് ) വേണം. ഇതാണ് ആന്ധ്ര, ബംഗാൾ സർക്കാരുകൾ കഴിഞ്ഞ വർഷം എടുത്ത് കളഞ്ഞത്. ഏറെ ഭരണഘടനാ പ്രശ്‌നം ഉയർത്തുന്ന സമീപനമാണിതെന്ന വിലയിരുത്തൽ നിയമ വിദഗ്ധരിലുണ്ട്. ഹൈക്കോടതി നിർദ്ദേശവും ഉത്തരവും പ്രകാരം ഏറ്റെടുക്കുന്ന കേസുകളിൽ സി.ബി.ഐ നടത്തുന്ന അന്വേഷണത്തോട് സഹകരിക്കാതിരിക്കാൻ സംസ്ഥാന സർക്കാരുകൾക്കാവില്ലെന്ന വാദവും കേന്ദ്രവും സംസ്ഥാന സർക്കാരുകളും തമ്മിൽ തർക്കമുണ്ടായാൽ അവിടെ കേന്ദ്രത്തിന്റെ തീരുമാനമാണ് പാലിക്കപ്പെടേണ്ടതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാൽ ഫെഡറൽ തത്വങ്ങളെ നിരാകരിക്കുന്നതെങ്ങനെയെന്ന വാദവും പ്രസക്തമാണ്. നിലവിൽ സി.ബി.ഐക്ക് റെയ്ഡും അന്വേഷണവും നടത്താൻ കേരളം അനുമതി നൽകിയിട്ടുണ്ട്. ഇത് നിർത്തലാക്കാൻ ആലോചന നടക്കുന്നതായാണ് സൂചനകൾ.






