Sorry, you need to enable JavaScript to visit this website.

കേരളത്തിലെ സ്റ്റാർട്ടപ്പുകളിൽ ആയിരം കോടിയുടെ നിക്ഷേപസാധ്യത

കൊച്ചി - സീഡിംഗ് കേരളയുടെ ഭാഗമായി അടുത്ത നാല് വർഷത്തേക്ക് കേരളത്തിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ 1000 കോടിയിൽ പരം രൂപയുടെ നിക്ഷേപ സാധ്യതകളുമായി മുന്നോട്ടുവന്ന നാല് എയ്ഞ്ജൽ, വെഞ്ച്വർ ക്യാപിറ്റൽ(വിസി)ഫണ്ടുകളെ സർക്കാർ തെരഞ്ഞെടുത്തു. കൊച്ചിയിൽ നടന്ന സീഡിംഗ് കേരള സമ്മേളനത്തിനിടെ നടത്തിയ വാർത്താസമ്മേളനത്തിൽ സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കർ കൊച്ചിയിൽ അറിയിച്ചതാണിക്കാര്യം.
നഷ്ടസാധ്യത കണക്കിലെടുക്കാതെ സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ വിവിധ വികസന ഘട്ടങ്ങളിൽ നടത്തുന്ന നിക്ഷേപത്തിനാണ് എയ്ഞ്ജൽ നിക്ഷേപങ്ങൾ എന്ന് പറയുന്നത്. ധനപരമായ നിക്ഷേപത്തിനു പുറമെ വിദഗ്ധ പങ്കാളിത്തവും എയ്ഞ്ജൽ നിക്ഷേപത്തിൻെറ പരിധിയിൽ വരും.എയ്ഞ്ജൽ, വിസി നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ഫണ്ട് ഓഫ് ഫണ്ട് മാതൃകയാണ് സ്വീകരിച്ചിട്ടുള്ളത്. വർഷം 15 കോടി രൂപയാണ് സംസ്ഥാന സർക്കാർ നിക്ഷേപമായി നൽകുന്നത്. ആദ്യ ഘട്ടത്തിൽ ലഭിച്ച അഭൂതപൂർവമായ പ്രതികരണത്തെ തുടർന്ന് അടുത്ത നാല് വർഷത്തേക്ക് 60 കോടി രൂപയാണ് സംസ്ഥാന സർക്കാർ മുന്നോട്ടു വച്ചത്. എയ്ഞ്ജൽ വിസി നിക്ഷേപകർ ഇതിൽ നിന്ന് എത്ര ഉയർന്ന തുകയുടെ നിക്ഷേപവാഗ്ദാനമാണ് നൽകുന്നതെന്നതായിരുന്നു മാനദണ്ഡം. നാല് ഫണ്ടുകൾ ചേർന്ന് 1000 കോടിയിൽ പരം രൂപയുടെ നിക്ഷേപ സാധ്യതകളാണ് നൽകിയതെന്ന് ഐടി സെക്രട്ടറി പറഞ്ഞു. ഈ ഫണ്ടുകളെയാണ് കേരളത്തിലെ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താൻ തെരഞ്ഞെടുത്തത്. അടുത്ത നാല് വർഷത്തിനുള്ളിൽ വാഗ്ദാനം ചെയ്ത തുകയുടെ 25 ശതമാനമെങ്കിലും നിക്ഷേപം നടത്തണമെന്നതാണ് കരാർ. അതിനാൽ തന്നെ 300 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളിൽ ഉറപ്പാണെന്നും ഐടി സെക്രട്ടറി ചൂണ്ടിക്കാട്ടി.
യൂണികോൺ ഇന്ത്യ വെൻച്വേഴ്‌സ്, ഇന്ത്യൻ എയ്ഞ്ജൽ നെറ്റ് വർക്ക്, എക്‌സീഡ് ഇലക്ട്രോൺ ഫണ്ട്, സ്‌പെഷ്യാലി ഇൻസെപ്റ്റ് ഫണ്ട് എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട നാല് എയ്ഞ്ജൽ ഫണ്ടുകൾ. പൂർണമായും ബഹിരാകാശമേഖലയിലെ സാങ്കേതികവിദ്യയിലധിഷ്ഠിതമായ സ്റ്റാർട്ടപ്പുകളിൽ മാത്രമായിരിക്കും എക്‌സീഡ് ഫണ്ട് നിക്ഷേപിക്കുന്നത്. അർബുദരോഗ ചികിത്സ, ദുരന്തനിവാരണം തുടങ്ങി പ്രത്യേക പ്രമേയത്തിലധിഷ്ഠിതമായ സ്റ്റാർട്ടപ്പുകളിലെ നിക്ഷേപങ്ങൾക്ക് സർക്കാർ പ്രോത്സാഹനം നൽകുമെന്നും ഐടി സെക്രട്ടറി പറഞ്ഞു.
കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപത്തിൻെറ അപര്യാപ്തത നാല് ഫണ്ടുകളെ തെരഞ്ഞെടുത്തതിലൂടെ പരിഹരിച്ചതായി കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. സ്റ്റാർട്ടപ്പുകൾ കൂടുതൽ വിപണികേന്ദ്രീകൃതമായ പ്രവർത്തനങ്ങളാണ് നടത്തേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ നിക്ഷേപശേഷിയുള്ള സമൂഹത്തെ സ്റ്റാർട്ടപ്പ് സംരംഭങ്ങളുമായി ബന്ധിപ്പിക്കുന്നതിനു വേണ്ടിയാണ് രണ്ട് വർഷങ്ങൾക്ക് മുമ്പ് സീഡിംഗ് കേരള സർക്കാർ ആരംഭിച്ചത്. കേരളത്തിനു പുറത്തുള്ള എയ്ഞ്ജൽ നിക്ഷേപകരെ പരിചയപ്പെടുത്തുന്നതായിരുന്നു ആദ്യ രണ്ട് സീഡിംഗ് കേരള പരിപാടികളും. എന്നാൽ നിക്ഷേപ ശേഷിയുള്ള കേരളത്തിലെ വ്യക്തികളെയും സ്ഥാപനങ്ങളെയും സ്റ്റാർട്ടപ്പ് മേഖലയുമായി പരിചയപ്പെടുത്തുന്നതായിരുന്നു സീഡിംഗ് കേരളയുടെ മൂന്നാംഘട്ടം. നിലവിൽ സ്റ്റാർട്ടപ്പുകളിൽ വ്യാപകമായി നിക്ഷേപം നടത്തുന്ന സ്ഥാപനങ്ങളുടെ അനുഭവങ്ങളും പരിപാടിയിൽ പങ്കുവെച്ചു. തെരഞ്ഞെടുക്കപ്പെട്ട സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപകരുമായി കൂടിക്കാഴ്ചയ്ക്കുള്ള അവസരവും പരിപാടിയിൽ ഒരുക്കിയിരുന്നു.
വിദഗ്ധർ നയിച്ച പാനൽ ചർച്ചകളും സംരംഭകരുടെ അവതരണങ്ങളും പരിപാടിയിൽ നടന്നു. കെഎസ്‌ഐഡിസി ചെയർമാൻ ഡോ.ക്രിസ്റ്റി ഫെർണാണ്ടസ്  (റിട്ട. ഐഎഎസ്) സമാപനസമ്മേളനത്തിൽ പങ്കെടുത്തു.

 

Latest News