Sorry, you need to enable JavaScript to visit this website.

ശബരിമല വിഷയത്തില്‍ രാഷ്ട്രീയമില്ല, കാലുപിടിക്കാമെന്ന് പറഞ്ഞിട്ടും കേട്ടില്ല -കോടിയേരിക്കെതിരെ സുകുമാരന്‍ നായര്‍

കോട്ടയം- ശബരിമല വിഷയത്തില്‍ രാഷ്ട്രീയം കണ്ടിട്ടില്ലെന്നും സര്‍ക്കാരിനോട് സൗഹൃദ നിലപാട് മാത്രമാണെന്നും  എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകമാരന്‍ നായര്‍. ആരെയും ഭയപ്പെടുത്താന്‍ ഉദ്ദേശമില്ലെന്നും ആരുമായും നിഴല്‍യുദ്ധത്തിനുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈശ്വരവിശ്വാസവും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും നിലനില്ക്കണം എന്ന വ്യക്തമായ നിലപാട് എന്‍എസ്എസ്സിനുണ്ട്. അതിനാല്‍, ഇതു സംബന്ധിച്ച് സുപ്രീംകോടതിയില്‍ വന്ന കേസില്‍ ആരംഭത്തില്‍തന്നെ കക്ഷിചേര്‍ന്ന്, വിശ്വാസം സംരക്ഷിക്കാന്‍ എന്‍എസ്എസ് നിലകൊള്ളുകയാണ്.

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തിടുക്കം കാണിക്കരുത്, കോടതിയില്‍ ഒരു സാവകാശഹര്‍ജി ഫയല്‍ ചെയ്ത് റിവ്യൂഹര്‍ജിയുടെ തീരുമാനം വരുന്നതുവരെ നടപടികള്‍ നിര്‍ത്തിവെക്കണം എന്ന കാര്യം കോടിയേരിയെ ഫോണ്‍ ചെയ്ത് പറഞ്ഞിരു്ന്നു. ഇതേ രീതിയില്‍ മുന്നോട്ടുപോകാനാണ് തീരുമാനിക്കുന്നതെങ്കില്‍,  എന്‍എസ്എസ്സിന് വിശ്വാസികളോടൊപ്പം നില്‍ക്കേണ്ടിവരുമെന്നും അന്നേ വ്യക്തമാക്കിയതാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

സി.പി.എമ്മിന്റെയെന്നല്ല, ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും ആഭ്യന്തരപ്രശ്‌നങ്ങളില്‍ എന്‍എസ്എസ് ഇടപെട്ടിട്ടുമില്ല. ഇപ്പോഴത്തെ സംസ്ഥാനസര്‍ക്കാരിനോട് ആരംഭം മുതല്‍ സൗഹൃദനിലപാടേ എന്‍എസ്എസ്. സ്വീകരിച്ചിട്ടുള്ളു. അനാവശ്യമായി ഏതെങ്കിലും വിഷയങ്ങളില്‍ വിലപേശല്‍ നടത്തുകയോ ഇടപെടുകയോ ചെയ്തിട്ടില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

നിരീശ്വരവാദികളായിട്ടുള്ള ആക്ടിവിസ്റ്റുകളെ പൊലീസ് സന്നാഹത്തോടെ സന്നിധാനത്തേക്ക് കയറ്റിക്കൊണ്ടുപോയപ്പോള്‍, വിശ്വാസികളുടെ മനോവേദന മനസ്സിലാക്കി 'ഇതൊന്നു നിര്‍ത്തിവയ്ക്കുന്നപക്ഷം ഞാന്‍ ആരുടെ കാലുവേണമെങ്കിലും പിടിക്കാം' എന്നുവരെ അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയുമായും ഫോണില്‍ ബന്ധപ്പെട്ടു. അതിനെയും അവഗണിച്ചുകൊണ്ട് മുന്നോട്ടുപോയ സാഹചര്യത്തിലാണ് ഈശ്വരവിശ്വാസവും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ വിശ്വാസി സമൂഹത്തോടൊപ്പം ഉറച്ചുനില്ക്കാന്‍ എന്‍എസ്എസിനു തീരുമാനമെടുക്കേണ്ടിവന്നതെന്നും അതില്‍  രാഷ്ട്രീയം കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Latest News