Sorry, you need to enable JavaScript to visit this website.

മമത-സി.ബി.ഐ യുദ്ധം; സുപ്രീം കോടതി തീരുമാനം നിര്‍ണായകം

ന്യൂദല്‍ഹി/കൊല്‍ക്കത്ത-പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും കേന്ദ്രസര്‍ക്കാരിനും ഇന്ന് നിര്‍ണായകം.  സി.ബി.ഐയും മമതയും തമ്മില്‍ തുടരുന്ന യുദ്ധത്തില്‍ ഇന്ന് സുപ്രീം കോടതി തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ രാജീവ്കുമാര്‍ സി.ബി.ഐയുമായി സഹകരിക്കണമെന്ന്  സുപ്രീം കോടതി നിര്‍ദേശിച്ചാല്‍ മമതാ ബാനര്‍ജിക്ക് അത് അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. അങ്ങനെ വന്നാലും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രക്തസാക്ഷി പരിവേഷത്തോടെ അതു മുതലാക്കാന്‍ അവര്‍ക്ക് കഴിയുമെന്ന് നിരീക്ഷകര്‍ കരുതുന്നു.
ഭരണഘടനയും രാജ്യവും രക്ഷിക്കപ്പെടുംവരെ സത്യഗ്രഹം തുടരുമെന്നു പ്രഖ്യാപിച്ച മമത മുന്നില്‍ കാണുന്നതും ആസന്നമായ പൊതു തെരഞ്ഞെടുപ്പ് തന്നെ. കഴിഞ്ഞ ദിവസത്തെ സംഭവവികാസങ്ങളുടെ  പേരില്‍ ബംഗാളില്‍ രാഷ്ട്രപതി ഭരണത്തിനു നടപടി വേണ്ടെന്നാണു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. സുപ്രീം കോടതി മമതക്കെതിരെ കടുത്ത നിലപാടെടുത്താല്‍ അതു കേന്ദ്രത്തിനു പ്രയോജനപ്പെടുത്താനാവും.
പക്ഷേ, രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുന്നതു മമതക്കു വീരപരിവേഷം നല്‍കുമെന്നു ബി.ജെ.പി വിലയിരുത്തുന്നു. ബംഗാളില്‍ വലിയ തോതില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന നിലപാടിലാണു ബി.ജെ.പി. അതിനായി പുതിയ സാഹചര്യം ഉപയോഗപ്പെടുത്തും.
സി.ബി.ഐയുടെ നടപടിയെ രാഷ്ട്രീയ പ്രതികാരമെന്ന് ആരോപിച്ച് എതിര്‍ക്കുമ്പോഴും ചിട്ടിക്കേസുകളിലെ വസ്തുതകള്‍ മമതയ്ക്ക് അനുകൂലമല്ലെന്നാണ് റിപ്പോര്‍ട്ട്.  തൃണമൂലിന്റെ ഏതാനും എം.പിമാര്‍ അറസ്റ്റിലായപ്പോള്‍ കാര്യമായി പ്രതികരിക്കാതിരുന്ന മമത ഒരു പോലീസ് കമ്മിഷണറെ സംരക്ഷിക്കാന്‍ കഠിനപ്രയത്‌നം നടത്തുന്നത് എന്തിനാണെന്നാണ് ബി.ജെ.പിയുടെ ചോദ്യം. എം.പിമാരെ അറസ്റ്റ് ചെയ്തപ്പോള്‍ പോലും താന്‍ തെരുവിലിറങ്ങിയില്ലെന്നും കൊല്‍ക്കത്ത പോലീസ് കമ്മിഷണറുടെ കസേരയെ അപമാനിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നാണ്  മമതയുടെ മറുപടി.
 

Latest News