ദക്ഷിണേന്ത്യയിൽ ഏറ്റവും ലോക്‌സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. 39 ജനപ്രതിനിധികളെ തമിഴകം പാർലമെന്റിലേക്ക് അയക്കുന്നു. പരമ്പരാഗതമായി ദ്രാവിഡ പാർട്ടികളുടെ ശക്തികേന്ദ്രമാണ് തമിഴ്‌നാട്. കേന്ദ്രത്തിൽ ഭരിക്കുന്ന പാർട്ടിക്കൊപ്പം നിന്ന് പരമാവധി അധികാര പങ്ക് സ്വന്തമാക്കുകയും സംസ്ഥാനത്തും വ്യക്തിപരമായും നേട്ടങ്ങൾ കൊയ്യുകയുമാണ് ദ്രാവിഡ പാർട്ടികളുടെ നടപ്പു രീതി. സ്വാഭാവികമായും തമിഴകം ഭരിക്കുന്ന എ.ഐ.എ.ഡി.എം.കെ കേന്ദ്രത്തിൽ ബി.ജെ.പിക്കൊപ്പം പോവേണ്ടതാണ്. എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും കൈകോർക്കുമെന്ന് ജയലളിതയുടെ കാലം മുതൽ പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയിട്ടും അതേക്കുറിച്ച് ധാരണയിലെത്തിയിട്ടില്ല. നേതാക്കന്മാർക്ക് അടുക്കാൻ താൽപര്യമേറെയുണ്ടെങ്കിലും ഇരു പാർട്ടികളുടെയും അണികൾ ബന്ധത്തെ ശക്തമായി എതിർക്കുകയാണ്. 2014 ൽ 37 സീറ്റിലും എ.ഐ.എ.ഡി.എം.കെയാണ് ജയിച്ചത്. അതുകൊണ്ടു തന്നെ തമിഴ്‌നാട്ടിൽ ബി.ജെ.പിക്കു നേടാനേയുള്ളൂ. ഒന്നും നഷ്ടപ്പെടാനില്ല. അതേസമയം ജയലളിതയുടെ മരണ ശേഷം എ.ഐ.എ.ഡി.എം.കെ ദുർബലമായി. തോഴി ശശികലയും അനന്തരവൻ ടി.ടി.വി. ദിനകരനും എ.എം.എം.കെ രൂപീകരിച്ചു. ജയലളിതയുടെ അസംബ്ലി മണ്ഡലമായ ആർ.കെ നഗറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ദിനകരനാണ് ജയിച്ചത്.
കഴിഞ്ഞയാഴ്ച എ.ഐ. എ.ഡി. എം. കെ 40 സീറ്റുകളിലേക്ക് (പുതുച്ചേരിയിലെ ഒന്നുൾപ്പെടെ) സ്ഥാനാർഥികളാവാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചത് ബി.ജെ.പിക്കുള്ള അവസാന മുന്നറിയിപ്പ് കൂടിയായിരുന്നു. സ്ഥാനാർഥികളാവാൻ താൽപര്യമുള്ളവർ 25,000 രൂപ കെട്ടിവെച്ച് അപേക്ഷിക്കാനായിരുന്നു നിർദേശം.
എൻ.ഡി.എയിൽ ചേർന്നാൽ എ. ഐ. എ.ഡി. എം.കെക്ക് പകുതിയോളം സീറ്റുകൾ കൈവിടേണ്ടി വരും. അതിനാൽ രണ്ടാം നിര നേതാക്കളെല്ലാം സഖ്യത്തിന് എതിരാണ്. എടപ്പാടി പളനിസ്വാമി മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരും ബന്ധത്തെ എതിർക്കുന്നു. എന്നാൽ സഖ്യസാധ്യത നിലനിർത്തിയാണ് പളനിസ്വാമി മുന്നോട്ടു പോവുന്നത്. കേന്ദ്ര ബജറ്റിനെ പരസ്യമായി പിന്തുണച്ചത് അതിന്റെ സൂചനയായിരുന്നു. എന്നാൽ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറും എ.ഐ.എ.ഡി.എം.കെ പ്രചാരണ വിഭാഗം സെക്രട്ടറിയുമായ എം. തമ്പിദൂരെ ബജറ്റിനെ എതിർക്കുകയാണ് ചെയ്തത്. ബജറ്റ് ബി.ജെ.പിയുടെ ഇലക്ഷൻ വാഗ്ദാനങ്ങൾ മാത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രാദേശിക നേതാക്കളെല്ലാം ബി.ജെ.പി ബന്ധത്തിന് എതിരാണെന്നും ഈ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് നേതൃത്വമെന്നുമാണ് സംസ്ഥാനത്തെ ഒരു മുതിർന്ന മന്ത്രി വെളിപ്പെടുത്തിയത്. 'തമിഴ്‌നാടിന്റെ പല പ്രദേശങ്ങളിലും ന്യൂനപക്ഷ വോട്ടുകൾ നിർണായകമാണ്. പ്രാദേശിക നേതൃത്വത്തിന് ഇൻകം ടാക്‌സ് റെയ്ഡും കേന്ദ്രത്തിൽ നിന്നുള്ള മറ്റു ഭീഷണികളും നേരിടേണ്ടതുമില്ല' -അദ്ദേഹം പറഞ്ഞു. എന്തായാലും എ.ഐ.എ.ഡി.എം.കെ ഒറ്റക്ക് മത്സരിക്കുന്ന പ്രശ്‌നമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന നിയമ മന്ത്രി സി.വി. ഷൺമുഖം, വ്യവസായ മന്ത്രി എം.സി. സമ്പത്ത്, വാണിജ്യ നികുതി മന്ത്രി കെ.സി. വീരമണി തുടങ്ങിയവർ ബി.ജെ.പി സഖ്യത്തെ അതിശക്തമായി എതിർക്കുന്നവരാണ്. വീരമണിയുടെ മണ്ഡലം ന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുള്ളതാണ്. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയാൽ എ. ഐ.എ. ഡി.എം.കെയിൽ നിന്ന് ന്യൂനപക്ഷങ്ങളെ ഒന്നടങ്കം അകറ്റുമെന്ന് അദ്ദേഹം വാദിക്കുന്നു. അതിശക്തമായ അഴിമതി ആരോപണം നേരിടുന്ന എ. ഐ.എ. ഡി.എം.കെയുമായി സഖ്യത്തിലേർപ്പെടുന്നത് തമിഴ്‌നാട്ടിൽ തിരിച്ചടിയാണ് ഉണ്ടാക്കുകയെന്ന ചിന്തയാണ് ബി.ജെ.പി അണികൾക്കിടയിലും.
മുഖ്യമന്ത്രിയുടെ അടുപ്പക്കാരായ പി. തങ്കമണി, എസ്.പി. വേലുമണി എന്നീ മന്ത്രിമാരാണ് ബി.ജെ.പിയുമായി സഖ്യ ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്നത്. ഉപമുഖ്യമന്ത്രി ഒ. പനീർശെൽവത്തെ ഈ വിഭാഗം പൂർണമായും ഒറ്റപ്പെടുത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മിറ്റികളിൽ തന്നെ ഉൾപ്പെടുത്താത്തതിൽ പാർട്ടിയുടെ രാജ്യസഭാ എം.പി വി. മൈത്രേയൻ പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ചു. പനീർശെൽവം ക്യാമ്പിലാണ് മൈത്രേയൻ. ബി.ജെ.പിയുമായി കൈകോർക്കുന്നതിനെതിരെ പാർട്ടിയിൽ അതിശക്തമായ വികാരമുണ്ടെന്നും മൈത്രേയൻ പറഞ്ഞു.
രണ്ടാഴ്ച മുമ്പ് കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് തമിളിശൈ സൗന്ദരരാജനും മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് ചർച്ച നടത്തിയിരുന്നു. എന്നിട്ടും ചർച്ചകളിൽ വഴിത്തിരിവുണ്ടായില്ല.
മുല്ലപ്പെരിയാർ ഉൾപ്പെടെ വിഷയങ്ങളിൽ കേന്ദ്ര സർക്കാർ തമിഴ്‌നാടിന്റെ താൽപര്യങ്ങൾക്കൊപ്പം നിന്നിട്ടില്ലെന്ന് ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കർ തമ്പിദുരൈ പരസ്യമായി ആരോപിച്ചു. തമിഴ്‌നാടിന്റെ താൽപര്യങ്ങൾ അവഗണിച്ച കേന്ദ്ര സർക്കാരിനെതിരെ അതിശക്തമായ രോഷം നിലനിൽക്കുന്നുണ്ടെന്ന് എ. ഐ.എ. ഡി.എം.കെ വക്താവ് സി. പൊന്നയ്യൻ പറഞ്ഞു. കാവേരി പ്രശ്‌നത്തിൽ കേന്ദ്രം കർണാടകക്കൊപ്പമാണ് നിന്നത്. ഹിന്ദി അടിച്ചേൽപിക്കാൻ കേന്ദ്രം ശ്രമിച്ചു. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾക്ക് ആശ്വാസം നൽകിയില്ല. സൈക്ലോൺ ബാധിത പ്രദേശങ്ങളിൽ ആശ്വാസമെത്തിക്കാനും തയാറായില്ല -പൊന്നയ്യൻ ആരോപിച്ചു.
ജയലളിത അന്തരിച്ചതോടെ എ. ഐ.എ.ഡി.എം.കെ നാഥനില്ലാത്ത അവസ്ഥയിലാണ്. പാർട്ടിയുമായി ഐക്യം ചേർന്നാൽ എളുപ്പം സഖ്യത്തിന്റെ നേതൃത്വം പിടിക്കാമെന്നും സംസ്ഥാനത്ത് വേരൂന്നാനുള്ള ദീർഘകാല ശ്രമങ്ങൾ സഫലമാക്കാമെന്നുമാണ് ബി.ജെ.പി ചിന്തിക്കുന്നത്. ആരോഗ്യ മന്ത്രി, ചീഫ് സെക്രട്ടറി, പോലീസ് മേധാവി എന്നിവർക്കെതിരായ നിരന്തര സി.ബി.ഐ റെയ്ഡുകൾ എ.ഐ.എ.ഡി.എം.കെയെ വരുതിയിൽ നിർത്താനുള്ള ബി.ജെ.പി ശ്രമങ്ങളുടെ ഭാഗമാണ്. എന്നാൽ അണികളുടെ വ്യാപകമായ എതിർപ്പ് മറികടന്ന് ബി.ജെ.പിയുമായി കൈകോർക്കാൻ മാത്രം ശക്തമല്ല എ.ഐ.എ.ഡി.എം.കെയുടെ നേതൃത്വം.
ചില നേതാക്കൾക്കു മാത്രമാണ് ബി.ജെ.പി ബാന്ധവത്തോട് എതിർപ്പുള്ളതെന്ന് ബി.ജെ.പി വക്താവ് നാരായൺ തിരുപ്പതി പറയുന്നു. കാവേരി പ്രശ്‌നത്തിൽ കാവേരി റിവർ അതോറിറ്റി സ്ഥാപിച്ചത് ബി.ജെ.പി സർക്കാരാണ്. നീറ്റ് (നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) പരീക്ഷ നടപ്പാക്കുന്നതിൽ നിന്ന് തമിഴ്‌നാടിന് ഒരു വർഷത്തെ ഇളവ് നൽകി -അദ്ദേഹം വാദിച്ചു. സഖ്യം സമയത്തിന്റെ മാത്രം പ്രശ്‌നമാണെന്ന് അദ്ദേഹം പറഞ്ഞു.