Sorry, you need to enable JavaScript to visit this website.

ദേവഗൗഡ പറയുന്നു: പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽ തന്നെ

ബി.ജെ.പിയെ പടിയിറക്കണമെങ്കിൽ കോൺഗ്രസുമായി സഹകരിക്കാൻ പ്രാദേശിക പാർട്ടികൾ തയാറാവണമെന്ന് എച്ച്.ഡി. ദേവഗൗഡ പറയുന്നു. മുൻ പ്രധാനമന്ത്രിയുമായി അഭിമുഖം. 


കർണാടകയിൽ കോൺഗ്രസുമായി അത്ര സുഖത്തിലല്ല മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയും മുഖ്യമന്ത്രിയായ മകൻ എച്ച്.ഡി. കുമാരസ്വാമിയും. എങ്കിലും ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് നിർവഹിക്കേണ്ട ദൗത്യത്തെക്കുറിച്ച് ദേവഗൗഡക്ക് ഉത്തമ വിശ്വാസമുണ്ട്. കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണത്തിന് അഞ്ചു വർഷം സ്ഥിരത പുലർത്താനാവുമെന്ന് വോട്ടർമാർക്ക് സന്ദേശം നൽകാനാവണമെന്നാണ് ദേവഗൗഡ പറയുന്നത്. പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്ന കാര്യത്തിൽ എല്ലായ്‌പോഴും കോൺഗ്രസിനെ കുറ്റം പറയുന്ന ശൈലി ഒഴിവാക്കി യാഥാർഥ്യങ്ങൾ മനസ്സിലാക്കുകയും വിട്ടുവീഴ്ചക്ക് തയാറാവുകയുമാണ് പ്രാദേശിക പാർട്ടടികൾ ചെയ്യേണ്ടതെന്ന് അദ്ദേഹം നിർദേശിക്കുന്നു.

ചോ: പ്രതിപക്ഷ ഐക്യ ശ്രമത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിരന്തരം പരിഹസിക്കുകയാണ്. മസ്ബൂത്തും മജ്ബൂറും (കരുത്തുറ്റതും ദുർബലവും) തമ്മിലുള്ള പോരാട്ടമാണ് ഇലക്ഷനെന്ന് അദ്ദേഹം വാദിക്കുന്നു. അവസരവാദ കൂട്ടുകെട്ടായി പ്രതിപക്ഷ ഐക്യത്തെ ചിത്രീകരിക്കുന്നു.
ഉ: പ്രതിപക്ഷ ഐക്യത്തിന് സ്വന്തം ദൗർബല്യങ്ങൾ മനസ്സിലാക്കാനും പരിഹരിക്കാനും സാധിക്കുന്നില്ലെങ്കിൽ മോഡിയുടെ വിമർശനങ്ങളോട് പ്രതികരിക്കുന്നതിൽ അർഥമില്ല. സുസ്ഥിരമായ സർക്കാരാണ് ജനങ്ങൾക്കു വേണ്ടത്. പ്രതിപക്ഷ നേതാക്കൾ ഭിന്നതകൾ മാറ്റിവെച്ച് സുസ്ഥിര സർക്കാരിനുള്ള മാർഗരേഖ തയാറാക്കണം. അഞ്ചു വർഷം സദ്ഭരണം കാഴ്ചവെക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം. മതേതര, ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന പ്രാദേശിക പാർട്ടികൾ ഒരുമിച്ചിരുന്ന് തുറന്ന മനസ്സോടെ സീറ്റ് പങ്കുവെക്കലിനെക്കുറിച്ച് ആലോചിക്കണം. കോൺഗ്രസുമായി സഹകരിക്കുക മാത്രമാണ് പോംവഴിയെന്ന് അവർ മനസ്സിലാക്കണം. എന്നാൽ കോൺഗ്രസും പ്രാദേശിക പാർട്ടികളും തമ്മിലുള്ള ഭിന്നത മോഡിക്ക് ആക്രമിക്കാനുള്ള പഴുത് നൽകുകയാണ്. രാജ്യത്തിന്റെ മതേതര സ്വഭാവത്തെയും എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും തകർക്കാനായി ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ് മോഡി.   

ചോ: പ്രതിപക്ഷ നിരയിലെ പ്രധാന ഭിന്നത എന്തിനെച്ചൊല്ലിയാണ്?
ഉ: ഈയിടെ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.എസ്.പി ലീഡർ മായാവതി 10 സീറ്റ് ചോദിച്ചു. കോൺഗ്രസിന് ആ ആവശ്യം പരിഗണിക്കാമായിരുന്നു. അവരത് ചെയ്തില്ല. ബി.എസ്.പി മധ്യപ്രദേശിൽ രണ്ടും രാജസ്ഥാനിൽ ആറും മണ്ഡലങ്ങളിൽ ജയിച്ചു. 
കോൺഗ്രസിനെ ഒഴിവാക്കി ഉത്തർപ്രദേശിൽ എസ്.പിയും ബി.എസ്.പിയും ഒന്നിക്കാനുണ്ടായതിന്റെ കാരണം ഇതാണ്. ഇതൊരു പരാജയമായി ഞാൻ കാണുന്നില്ല. എന്നാൽ ഈ നീക്കം പ്രതിപക്ഷത്തെ ആക്രമിക്കാൻ മോഡിക്ക് ആത്മവിശ്വാസം നൽകി. പ്രതിപക്ഷ കൂട്ടായ്മയെ പരാജയപ്പെട്ട പരീക്ഷണമായി അദ്ദേഹം ചിത്രീകരിക്കാൻ തുടങ്ങി. കർണാടകയിൽ എച്ച്.ഡി. കുമാരസ്വാമിയുടെ സ്ഥാനാരോഹണച്ചടങ്ങിൽ പ്രതിപക്ഷ നേതാക്കൾ കൈകോർത്തത് മോഡിക്ക് വലിയ ഭീതി സൃഷ്ടിച്ചിരുന്നു. ആ നേട്ടം മുന്നോട്ടു കൊണ്ടുപോകാൻ പ്രതിപക്ഷത്തിന് സാധിച്ചില്ല.

ചോ: തെറ്റ് തിരുത്താൻ ഇനിയും സാധ്യതകളുണ്ടോ?
ഉ: തീർച്ചയായും. എന്നാൽ കോൺഗ്രസ് ഇപ്പോഴും ബി.ജെ.പിക്കെതിരെ ഒറ്റ നിര എന്ന ആശയത്തോട് പൂർണമായി സന്ധിയിലെത്തിയിട്ടില്ല. സഹകരിക്കാൻ തയാറായ പ്രാദേശിക പാർട്ടികളെ കോർത്തിണക്കി രാജ്യമെമ്പാടും റാലികൾ സംഘടിപ്പിക്കാൻ കോൺഗ്രസിന് സാധിക്കേണ്ടതായിരുന്നു. അത് പ്രതിപക്ഷ ഐക്യത്തെ ബലപ്പെടുത്തിയേനേ. 
എങ്കിൽ ഇപ്പോൾ തന്നെ പ്രതിപക്ഷ ഐക്യനിര സജ്ജമായേനേ. എട്ടു മാസമായി ബംഗളൂരുവിൽ പ്രതിപക്ഷ നേതാക്കൾ സംഗമിച്ചിട്ട്. 

ചോ: ആരാണ് പ്രതിപക്ഷ നിരയുടെ പ്രധാനമന്ത്രി സ്ഥാനാർഥി എന്നാണ് ബി.ജെ.പിയുടെ മുന വെച്ച ചോദ്യം?
ഉ: കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയാണ് സ്വാഭാവികമായും മുന്നിൽ. മറ്റാരും പ്രധാനമന്ത്രി സ്ഥാനത്തിനായി അവകാശമുന്നയിക്കുന്നില്ല. അതുകൊണ്ടാണ് കോൺഗ്രസ് പ്രതിപക്ഷ സഖ്യത്തെക്കുറിച്ച കാഴ്ചപ്പാട് രാജ്യത്തിനു മുന്നിൽ വെക്കണമെന്ന് ഞങ്ങൾ നിർദേശിക്കുന്നത്. 

ചോ: പ്രിയങ്കാ ഗാന്ധിയുടെ രംഗപ്രവേശം ലോക്‌സഭാ ഇലക്ഷനിൽ കോൺഗ്രസിന് ഗുണം ചെയ്യുമോ?
ഉ: രാഹുൽ ഗാന്ധിയേക്കാൾ നന്നായി പ്രിയങ്കാ ഗാന്ധിക്ക് പ്രവർത്തിക്കാനാവുമെന്നാണ് ഞാൻ കരുതുന്നത്. പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം മുത്തശ്ശി ഇന്ദിരാഗാന്ധിയെ പോലെയാണ് പ്രിയങ്ക. അവരുടെ രംഗപ്രവേശം തീർച്ചയായും കോൺഗ്രസിന് ഗുണം ചെയ്യും. അവരുടെ സാന്നിധ്യം കോൺഗ്രസിന് ഗുണം ചെയ്യുമെങ്കിൽ ഞാനായിരിക്കും ഏറ്റവും സന്തോഷവാൻ. 

Latest News