ചെന്നൈ- ബാലികാ പീഡനത്തിന് പോക്‌സോ കേസ് നേരിടുന്ന നടി ഭാനുപ്രിയക്ക് കുട്ടികളെ കടത്തുന്നതുമായി ബന്ധമുണ്ടോ എന്ന് സംശയം. ചെന്നൈ ടി നഗറിലെ വീട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത മറ്റു മൂന്നു പെണ്‍കുട്ടികളെ കൂടി കണ്ടെത്തിയെന്നും കുട്ടിക്കടത്തിന്റെ ഭാഗമാണിതെന്നു സംശയിക്കുന്നുവെന്നുമാണ് ആരോപണം.
പതിനാലുകാരിയെ വീട്ടുജോലിക്കു നിര്‍ത്തി പീഡിപ്പിച്ചെന്നാണു നടിക്കെതിരെ ആദ്യമുയര്‍ന്ന പരാതി. നടിയെ അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടി ആവശ്യപ്പെട്ടു ബാലാവകാശ പ്രവര്‍ത്തകന്‍ അച്യുത റാവു ദേശീയ, സംസ്ഥാന ബാലാവകാശ കമ്മിഷനുകള്‍ക്കു കത്തയച്ചു. ദേശീയ ബാലാവകാശ കമ്മിഷന്‍ ഭാനുപ്രിയയുടെ വീട്ടില്‍ റെയ്ഡ് നടത്താന്‍ ഉത്തരവിട്ടു.
റെയ്ഡിനു പിന്നാലെയാണു അച്യുത റാവുവിന്റെ വെളിപ്പെടുത്തല്‍. ഭാനുപ്രിയയുടെ വീട്ടില്‍ പരാതിയില്‍ പറയുന്നതുള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത നാലു പെണ്‍കുട്ടികളെ കണ്ടെത്തിയതായി റാവു പറഞ്ഞു. കുട്ടിക്കടത്തിന്റെ ഭാഗമാണിതെന്നു സംശയിക്കുന്നു, കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്. നടിയും അവരുടെ അമ്മയും ബാലാവകാശങ്ങള്‍ ലംഘിച്ചു. ആന്ധ്രപ്രദേശില്‍നിന്നു ചെന്നൈയിലേക്ക് ഒരേ ഇടനിലക്കാരനാണു കുട്ടികളെ എത്തിച്ചതെന്നതു മനുഷ്യക്കടത്തിന്റെ സാധ്യത കൂട്ടുന്നു– തുടങ്ങിയ ആരോപണങ്ങളാണ് റാവു ഉന്നയിക്കുന്നത്.