Sorry, you need to enable JavaScript to visit this website.
Friday , September   30, 2022
Friday , September   30, 2022

എൻഡോസൾഫാൻ ഇരകളുടെ നിലവിളി

അനന്തമായി തുടരുന്ന എൻഡോസൾഫാൻ ഇരകളുടെ പോരാട്ടത്തിന്റെ ഒരു ഘട്ടം കൂടി അവസാനിച്ചു. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇരകൾ നടത്തിയ സങ്കടയാത്രയെ തുടർന്ന് സമരസമിതിയുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്.  
2017-ലെ മെഡിക്കൽ ക്യാമ്പിൽ ബയോളജിക്കൽ പോസിബിൾ ലിസ്റ്റിൽ ഉൾപ്പെട്ട 1905 പേരിൽ അന്ന് 18 വയസിൽ താഴെ പ്രായമുണ്ടായിരുന്ന കുട്ടികളെ മെഡിക്കൽ പരിശോധനയുടെ അടിസ്ഥാനത്തിൽ എൻഡോസൾഫാൻ ആനുകൂല്യത്തിൻെറ പരിധിയിൽ ഉൾപ്പെടുത്തും,  ഹർത്താൽ കാരണം മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ കഴിയാതെ പോയ കുട്ടികൾക്ക് വേണ്ടി വീണ്ടും മെഡിക്കൽ ക്യാമ്പ് നടത്തും,  അതിരു ബാധകമാക്കാതെ 500 ഓളം കുട്ടികളെ കൂടി ലിസ്റ്റിൽ ഉൾപ്പെടുത്തും. സുപ്രീംകോടതി വിധിയിലെ അവ്യക്തത നീക്കാനും നടപടി ഉണ്ടാകും,  മറ്റുള്ളവരുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തുമെന്നിവയൊക്കെയാണ് ഒത്തുതീർപ്പിലെ പ്രധാന തീരുമാനങ്ങൾ. ദുരിതബാധിതരുടെ സാധ്യതാ പട്ടികയിൽ 1905 പേർ ഉൾപ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോൾ എണ്ണം 364 ആയിരുന്നു. ഇതിൽ മാറ്റം ആവശ്യപ്പെട്ടായിരുന്നു സമരം. 
എൻഡോസൾഫാൻ ഇരകളുടെ സമരചരിത്രം കേരളത്തിലെ ജനകീയപോരാട്ടങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ഇന്ത്യയിൽ തന്നെ കാസർകോട് ജില്ലയിലെ പ്ലാന്റേഷൻ കോർപ്പറേഷന്റെ കശുമാവ് കൃഷിയിടങ്ങളിലാണ് ഏറ്റവും കൂടുതൽ എൻഡോസൾഫാൻ ഉപയോഗിച്ചു വന്നിരുന്നത്. ഹെലികോപ്റ്റർ ഉപയോഗിച്ചാണ് ഇവിടങ്ങളിൽ ഇത് വ്യാപകമായി തളിച്ചിരുന്നത്.  ഹെലികോപ്ടർ വഴിയുള്ള വിഷപ്രയോഗം കഴിഞ്ഞാൽ പിന്നെ മാസങ്ങളോളം അന്തരീക്ഷം മൂടൽമഞ്ഞ് പിടിച്ചപോലെയാണ്. മഴ വന്നാൽ മാത്രമാണ് അന്തരീക്ഷം ശുദ്ധമാകുന്നത്. അതുവരെ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന വിഷാംശമാണ് അവിടത്തുകാർ ശ്വസിച്ചിരുന്നത്.  
2001 ൽ ഈ പ്രദേശങ്ങളിലെ ശിശുക്കളിൽ കാണപ്പെട്ട അസാധാരണമായ ചില രോഗങ്ങൾ എൻഡോസൾഫാന്റെ ഉപയോഗവുമായി ബന്ധപ്പെട്ടതാണെന്ന സംശയമുയർന്നു. 2001 ഫെബ്രുവരി 28 ന്  ആദ്യത്തെ എൻഡോസൾഫാൻ വിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ടു. അതേകുറിച്ച്  ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അന്വേഷണം ആരംഭിക്കുകയും ഓഗസ്റ്റ് 25 ന് സംസ്ഥാനത്തിന്റെ അതിർത്തിക്കുള്ളിൽ എൻഡോസൾഫാൻ ഉപയോഗിക്കുന്നത് സർക്കാർ നിരോധിക്കുകയും ചെയത്ു. ഈ മാരക കീടനാശിനിയുടെ ഉപയോഗം മൂലം കസർകോട്ടെ നൂറുകണക്കിന് പേർ, കാൻസർ ഉൾപ്പെടെയുളള മാരകരോഗങ്ങൾക്ക് അടിപ്പെടുകയും മരണപ്പെടുകയും ചെയ്ത വിഷയം അന്നു പ്രതിപക്ഷനേതാവായിരുന്ന വി.എസ് അച്യുതാനന്ദൻ നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതും നിരോധനത്തിനു കാരണമായി.  എന്നാൽ കീടനാശിനി ലോബികളുടെ കടുത്ത സമ്മർദ്ദങ്ങളെ തുടർന്ന് 2002 മാർച്ചിൽ നിരോധനം നീക്കുകയായിരുന്നു. ആകാശമാർഗം സ്പ്രേ ചെയ്യുന്നതിലെ നിരോധനം മാത്രം നിലനിർത്തി. തുടർന്ന് പ്രശ്നം പഠിക്കാൻ കേന്ദ്രഗവൺമെന്റ് ഡുബെ കമ്മീഷനെ നിയോഗിച്ചു. 2002 ഓഗസ്റ്റ് 12 ന്  കേരള ഹൈക്കോടതി എൻഡോസൾഫാൻ കേരളത്തിൽ ഉപയോഗിക്കുന്നത് വിലക്കി. എന്നാൽ എൻഡോസൾഫാൻ ദോഷരഹിതമായ കീടനാശിനിയാണെന്നായിരുന്നു  ഡുബെ കമ്മീഷന്റെ  റിപ്പോർട്ട്. ആ കമ്മിറ്റിയിൽ കീടനാശിനി ഉൽപ്പാദകരുടെ രണ്ട് പ്രതിനിധികളും സ്ഥാനം പിടിച്ചിരുന്നു. 
പുല്ലൂർ ഗ്രാമത്തിൽ എൻഡോസൾഫാൻ പ്രയോഗത്തെത്തുടർന്ന് ജീവിക്കാനാവാഞ്ഞതിനെ തുടർന്ന്  കൃഷി ഉദ്യോഗസ്ഥയായ ലീലാകുമാരിയമ്മയാണ് ആദ്യമായി കോടതിയിലെത്തുന്നത്. തുടർന്നങ്ങോട്ട് ഡോ. മോഹൻകുമാർ, ദേവപ്പനായ്ക്, പരേതനായ മധുസൂദന ഭട്ട് തുടങ്ങി നിരവധിപേർ നിയമപോരാട്ടത്തിൽ അണിചേർന്നു.  2006ൽ കേന്ദ്രസംഘത്തിന്റെ പഠനറിപ്പോർട്ട് പുറത്തുവന്നു. ജനങ്ങളുടെ ഭീതിയും മറ്റും കണക്കിലെടുത്ത് കേരള സർക്കാർ ഒരു സർക്കുലറിലൂടെ എൻഡോസൾഫാൻ തളി നിരോധിച്ചു. 
ഡി.വൈ.എഫ്.ഐ. സുപ്രീംകോടതിയിൽ എൻഡോസൾഫാൻ നിരോധിക്കണമെന്നാവശ്യപ്പെട്ട് അന്യായം ഫയൽ ചെയ്തതിനെത്തുടർന്ന് 2011 മെയ് 13 മുതൽ എട്ടാഴ്ചത്തേക്ക് എൻഡോസൾഫാൻ വില്പനയും ഉപയോഗവും രാജ്യമാകെ നിരോധിച്ചു. അതോടൊപ്പം എൻഡോസൾഫാന്റെ ദോഷഫലങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് ഡയറക്ടർ, കാർഷിക കമ്മീഷണർ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് പഠനസമിതികൾ രൂപീകരിക്കുകയും അവയുടെ ഏകോപിതറിപ്പോർട്ട് എട്ടാഴ്ചക്കുള്ളിൽ സുപ്രീംകോടതിക്ക് സമർപ്പിക്കണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തു. നിരോധനത്തിനെതിരായി കേന്ദ്രഗവൺമെന്റ് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. മാത്രമല്ല, എൻഡോസൾഫാൻ ഉൽപാദനത്തിനായുള്ള ലൈസൻസുകൾ മരവിപ്പിക്കുകയും ചെയ്തു. 2011 സെപ്റ്റംബർ 30നുണ്ടായ അന്തിമവിധിയിൽ എൻഡോസൾഫാൻ ഉൽപാദനവും ഉപയോഗവും രാജ്യത്ത് സമ്പൂർണമായി നിരോധിച്ചു. 
തീർച്ചയായും കോടതിവിധികൾ മാത്രമല്ല എൻഡോസൾഫാൻ നിരോധനത്തിനു കാരണമായത്. സമാന്തരമായി  ശക്തമായ ജനകീയ പ്രക്ഷോഭങ്ങളും പലവട്ടം നടന്നു. അനിതരസാധാരണമായ ആ സമരചരിത്രത്തിലെ മറ്റൊരു അധ്യായമായിരുന്നു അഞ്ചുദിവസം ദയാബായിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്നത്. 4500 ഏക്കറോളം വരുന്ന സർക്കാർ വകയായുള്ള കശുമാവിൻ തോട്ടങ്ങളുടെ പരിസരങ്ങളിലായി പതിനൊന്ന് പഞ്ചായത്തുകളിൽപ്പെട്ട ജനങ്ങളാണ് എൻഡോസൾഫാൻ എന്ന ഭീകരൻ വരുത്തിവെച്ച കെടുതികൾക്കിരകളായത.് നിരവധി പേർ മരണത്തിന് കീഴടങ്ങി. ജനിതകവൈകല്യങ്ങൾ ബാധിച്ച് മരണതുല്യമായ നരകജീവിതം തള്ളിനീക്കുന്ന അനേകം പേർ ഇപ്പോഴുമുണ്ട്.  കാലുകളും കൈകളും തളർന്നവർ, അന്ധർ, ബധിരർ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ, കാൻസർ അടക്കമുള്ള മാരകരോഗങ്ങളുമായി മല്ലിടുന്നവർ, തല അസാധാരണമാംവിധം വളരുന്ന അപൂർവരോഗം ബാധിച്ചവർ, പല തരത്തിലുള്ള ചർമരോഗങ്ങൾക്ക് അടിമപ്പെട്ടവർ, ഗർഭാവസ്ഥയിൽ തന്നെ മരിച്ച കുഞ്ഞുങ്ങൾ. ചാപിള്ളകൾ, ജനിച്ച് ദിവസങ്ങൾ കഴിയും മുമ്പെ മരണത്തിന് കീഴടങ്ങിയ നവജാത ശിശുക്കൾ, മാറാരോഗം പേറി ജീവിക്കേണ്ടിവരുന്ന ബാല്യങ്ങൾ  എന്നിങ്ങനെ പട്ടിക നീളുന്നു. ഭോപ്പാൽ വാതക ദുരന്തത്തിനു സാമ്യതപുലർത്തുന്ന ഒന്നായി കേരളത്തിലെ എൻഡോസൾഫാന്റെ പ്രത്യാഘാതത്തെ വിലയിരുത്തപ്പെടുന്നു.  പ്രശസ്ത ഫോട്ടോഗ്രാഫർ മധുരാജിന്റെ ഹൃദയസ്പർശിയായ ഫോട്ടോകൾ, എം.എ. റഹ്മാന്റെ ഫോട്ടോകളും ഡോക്യുമെന്ററിയും, ഡോക്ടർ വൈ.എസ്. മോഹൻകുമാറിന്റെ സാക്ഷ്യങ്ങൾ, എൻഡോസൾഫാനെക്കുറിച്ച് ആദ്യം പുറം ലോകത്തെയറിയിച്ച കന്നട പത്രലേഖകനായ പഡ്രെയുടെ കുറിപ്പുകൾ,  മാതൃഭൂമിയിലും മറ്റും വന്ന വാർത്തകൾ  അത്രയുമാണ്  ദുരന്തങ്ങളുടെ സാക്ഷ്യങ്ങളായി ആദ്യകാലത്തുണ്ടായിരുന്നത്. അതിന്റെയെല്ലാമടിസ്ഥാനത്തിലാണ്  ബഹുജന സമരം വളർന്നുവന്നത്. എൻഡോസൾഫാൻ വിരുദ്ധ സമിതി നടത്തിയ എൻഡോസൾഫാൻ ക്വിറ്റ് ഇന്ത്യാ മാർച്ചും കാസർഡോഡ് കളകടറേറ്റിനുമുന്നിൽ നടന്ന നിരവധി ദിവസം നീണ്ടുനിന്ന നിരാഹാരവും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിലേക്കു നടന്ന ജനകീയ മാർച്ചും കാസർകോട്ട് നിന്ന് തിരുവനന്തപുരത്തേക്കു നടന്ന ''മുഖ്യമന്ത്രിയെ തേടി'' മാർച്ചുമൊക്കെ ഏറെ ശ്രദ്ധേയമായിരുന്നു. 
കാസർകോട്ട് വിവിധ സംഘടനകൾ നടത്തിയ സമരങ്ങൾ, സാംസ്‌കാരിക കൂട്ടായ്മകൾ, ഒപ്പുമരം പോലുള്ള പരിപാടികൾ, ഉപവാസ സത്യഗ്രഹങ്ങൾ എന്നിവയെല്ലാം വൻതോതിൽ ജനശ്രദ്ധയാകർഷിച്ചു. സ്റ്റോക്ഹോം കൺവൻഷൻ നടക്കുന്ന ഘട്ടത്തിൽ തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തിന് സമീപം  വി.എസ്സിന്റെ നേതൃത്വത്തിൽ നടന്ന ഉപവാസം സ്റ്റോക്ക്ഹോം കൺവൻഷനിൽ ചർച്ചാ വിഷയമായി. എൻഡോസൾഫാൻ നിരോധനത്തിനനുകൂലമായി ലോകതലത്തിൽ തന്നെ ജനവികാരമുയർത്താൻ ആ സമരങ്ങൾ സഹായകമായി. 
സർക്കാരിന്റെ വാഗ്ദാനലംഘനത്തിനും നീതിനിഷേധത്തിനുമെതിരെ 2012ൽ മേധാപട്കറുടെ നേതൃത്വത്തിൽ നടന്ന കലക്ടറേറ്റ് മാർച്ചും 2013ൽ നടന്ന അനശ്ചിതകാല നിരാഹാരവും 2014ൽ എൻഡോസൾഫാൻ ഇരകളുടെ അമ്മമാർ സെക്രേട്ടറിയറ്റിന് മുന്നിൽ നടത്തിയ കഞ്ഞിവെപ്പുസമരവും സംസ്ഥാനമൊട്ടുക്കും ശ്രദ്ധയാകർഷിച്ചിരുന്നു. അന്ന് സമരപ്പന്തലിലെത്തിയ സി പി എമ്മിന്റെ പ്രമുഖ നേതാക്കൾ അമ്മമാരുടെ സഹനസമരത്തിന് ഐക്യദാർഢ്യം  പ്രകടിപ്പിച്ചിരുന്നുവെങ്കിലും അധികാരം ലഭിച്ചതോടെ അവരും ഇരകളെ മറക്കുകയായിരുന്നു. 
2016 ൽ സമരസമിതി കൺവീനർ അമ്പലത്തറ കുഞ്ഞികൃഷ്ണനും പ്രസിഡന്റ് മുനീസയും ഉമ്മൻ ചാണ്ടി സർക്കാരുമായി നടത്തിയ ചർച്ചയിൽ അംഗീകരിച്ച ആവശ്യങ്ങളും നടപ്പായില്ല. അന്നത്തെ ചർച്ചയിൽ പ്രതിപക്ഷ നേതാവ് അച്യുതാനന്ദനും കൂടെ ഉണ്ടായിരുന്നു. എന്നാൽ 'ഇരകൾ'ക്കൊപ്പം സമരം ചെയ്ത ഇടത് പാർട്ടികൾ അധികാരത്തിൽ എത്തിയപ്പോഴും ഒന്നും സംഭവിക്കാതിരുന്ന സാഹചര്യത്തിലായിരുന്നു പുതിയ സമരം നടന്നതും താൽക്കാലികമായെങ്കിലും വിജയകരമായി അവസാനിച്ചതും.

Latest News