Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒന്നു രണ്ട് ബജറ്റ് ഓർമകൾ

തോമസ് ഐസക്കിന്റെ ഊഴമായപ്പോൾ മലയാളസാഹിത്യത്തിലെ തെരഞ്ഞെടുത്ത ഗദ്യവും പദ്യവും ബജറ്റിന്റെ പ്രാണഗീതമായി. പണത്തിന്റെ പറ്റുവരവിൽ സാമൂഹ്യശാസ്ത്രവും ആത്മഗന്ധവും ഇഴുകിച്ചേർന്നു.  നാട്യമോ നാടകമോ കാട്ടാത്ത ധനമന്ത്രിയായിരുന്നു മൻമോഹൻ സിംഗ്. പ്രധാനമന്ത്രിയായപ്പോഴും ആ വഴക്കം വെടിഞ്ഞില്ല.


ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ഒരിക്കലും ഒക്കാത്ത ഒന്നുണ്ടെങ്കിൽ അത് ബജറ്റ് ആയിരിക്കും. വികസനത്തിനുതകുന്നതെന്നു ഭരണപക്ഷവും സാധാരണക്കാരന്റെ വയറ്റത്തടിക്കുന്നതെന്നു പ്രതിപക്ഷവും വിശേഷിപ്പിക്കാത്തതായി ഒരു ബജറ്റും ചരിത്രത്തിലില്ല.
നൂറു മിനുട്ട് നീണ്ടുപോകുന്ന ബജറ്റ് പ്രസംഗം അവസാനിക്കുന്ന മുറയ്ക്ക് പ്രതിപക്ഷനേതാക്കന്മാർ തയ്യാറാകും, വിശകലനവുമായി. പൊതുധനവിനിയോഗത്തിന്റെയും സമാഹരണത്തിന്റെയും കണക്ക് കൂട്ടിയും കിഴിച്ചും വിദഗ്ധന്മാർ കുഴയുന്ന നേരത്ത് വിശേഷാൽ ധനശാസ്ത്രപാണ്ഡിത്യമൊന്നുമില്ലാത്ത പ്രതിപക്ഷപ്രവരന്മാർ ഉദാരമായി വിധി പറയുകയായി.
ഏതു പ്രതിപക്ഷവും എവിടെയും ഉന്നയിക്കുന്ന അഭിപ്രായം ഒന്നു തന്നെ: ബജറ്റ് സാധാരണക്കാരനെ വലയ്ക്കും. വില കയറ്റും. നികുതി ഭാരം കൂട്ടും.  ഒടുവിൽ പറഞ്ഞത് ശരി തന്നെ. നികുതി കൂട്ടിയോ കൂട്ടിക്കുഴച്ചോ സർക്കാരിന്റെ വരുമാനം ഈടാക്കുകയാണ് ധനമന്ത്രിയുടെ പ്രാഥമികമായ ജോലി. പണ്ടൊരാൾ പറഞ്ഞതോർമയില്ലേ, ജീവിതത്തിൽ രണ്ടേ രണ്ടു കാര്യമേ സുനിശ്ചിതമായുള്ളു, മരണവും വർധമാനമായ നികുതിയും. വേണമെങ്കിൽ ഒന്നു കൂടി കൂട്ടിക്കോളൂ: സാധനങ്ങളുടെ വില. പക്ഷേ കൂടുന്ന വിലയുടെയും നികുതിയുടെയും ഭാരം പേറാൻ വയ്യാതെ തകരുന്ന സാധാരണക്കാരന്റെ സ്ഥിതിയെപ്പറ്റിയുള്ള പ്രതിപക്ഷ പ്രരോദനമില്ലാതെ ഒരു ബജറ്റ് ചർച്ചയും തീരാറില്ല. വാസ്തവത്തിൽ അതാതാണ്ടത്തെ വരവു ചെലവുകണക്കു മാതമാണ് ബജറ്റ്. വരവുണ്ടാക്കുന്നതിന്റെയും ചെലവു ചെയ്യുന്നതിന്റെയും രീതി നോക്കി സർക്കാരിന്റെ വികസനരാഷ്ട്രീയവും സാമൂഹ്യസങ്കൽപവും മനസ്സിലാക്കാം. അത് പാവപ്പെട്ടവനെ, സാധാരണക്കാരനെ, സഹായിക്കുന്നതാകണം. അതുകൊണ്ട്, ഓരോ ബജറ്റിന്റെയും ഒടുവിൽ പ്രതിപക്ഷം വേവലാതിപ്പെടുന്നു, സാധാരണക്കാരന്റെ പേരിൽ.  വോട്ടു തന്ന് തങ്ങളെ അധികാരത്തിലേറ്റിയ ജനസാമാന്യത്തിന്റെ അഭിലാഷങ്ങൾ പൂർത്തീകരിക്കുന്നതായി ഭരണപക്ഷവും ഊറ്റം കൊള്ളുന്നു.
വെറും വരവു ചെലവുകണക്കായ ബജറ്റിനെ അത്ര വലിയ രഹസ്യമാക്കിവെക്കേണ്ടതുണ്ടോ? ബജറ്റിന്റെ നിഗൂഢത പൊളിച്ചടക്കണമെന്ന പക്ഷക്കാരാണ് പലരും.  ഒരു ഗമക്കുവേണ്ടിയാണ് പരസ്യമാകേണ്ടതെല്ലാം രഹസ്യമാക്കി കൊണ്ടുനടക്കുന്നതത്രേ. വരാനിരിക്കുന്ന നികുതികൾ നേരത്തേ അറിഞ്ഞാൽ കച്ചവടക്കാരും മറ്റും പൂഴ്ത്തിവെപ്പിനും കരിഞ്ചന്തക്കും സൗകര്യം കണ്ടെത്തുമെന്നാണ് ഒരു വാദം. അതിലളിതമായി ചോദിച്ചാൽ, വരാൻ പോകുന്ന നികുതികണ്ടറിഞ്ഞ് നേരത്തേത്തന്നെ വില കൂട്ടിക്കൂടേ? ഊഹിച്ചെടുക്കാനോ മണത്തുമനസ്സിലാക്കാനോ വയ്യാത്ത ഒരു ബജറ്റ് രഹസ്യമുണ്ടോ? അംഗരക്ഷകരുടെ ബലം പ്രദർശിപ്പിക്കുന്നതുപോലെ, പലപ്പോഴും ഗമ കാണിക്കാനും മേനി പറയാനുമുള്ളതാകാം ബജറ്റിന്റെ രഹസ്യാത്മകത. അതു ചോർത്തിയെടുക്കുന്നതാണ് മാധ്യമങ്ങളുടെ വീരസ്യം.
വെറും വരവു ചെലവുകണക്കോ മാനിഫെസ്‌റ്റോ തന്നെയോ ആയ ബജറ്റിനെ അതിലേറെയൊന്നും ഗൗരവത്തോടെ കാണാതിരുന്നതായിരുന്നു വി. വിശ്വനാഥ മേനോൻ ധനമന്ത്രിയായിരുന്ന കാലം. സരസനും സഹൃദയനുമായ വിശ്വം ധനധുരന്ധരന്റെ വേഷം കെട്ടൊന്നും കാണിച്ചിരുന്നില്ല. അദ്ദേഹം ബജറ്റ് അവതരിപ്പിച്ചപ്പോൾ ബജറ്റിന്റെ
 അപ്രമാദിത്വത്തെപ്പറ്റിയുള്ള ധാരണയെല്ലാം തകിടം മറിഞ്ഞു. അങ്കഗണിതത്തിൽ പറ്റിപ്പോയ പിഴകൾ നാൾ തോറും പുറത്തുകൊണ്ടിരുന്നു. അക്ഷോഭ്യനും സുഹൃത്തുമായ വിശ്വനാഥ മേനോൻ പോലും ഒന്നു വിരണ്ട പോലെയായി. എനിക്കൊരു സൗഹൃദം നഷ്ടപ്പെട്ടു.
ബജറ്റ് വായിച്ചവസാനിപ്പിക്കുന്നതിനു മുമ്പ് തന്നെ എവിടെയെല്ലാമോ അപകടം മണത്തിരുന്നു.  ഉദ്യോഗസ്ഥഗാലറിയിലിരുന്ന് ധനസെക്രട്ടറി ആർ. നാരായണനും ചീഫ് സെക്രട്ടറി വി. രാമചന്ദ്രനും എന്തോ കൂടെക്കൂടെ അടക്കം പറയുന്നതു കണ്ടു. ഇതെല്ലാം തെറ്റാണെന്ന് രാമചന്ദ്രൻ പിറുപിറുക്കുന്നതുകണ്ടപ്പോൾ
ഞാൻ പുറകേ കൂടി. ധനസെക്രട്ടറി നാരായണനും കയ്യൊഴിയുകയായിരുന്നു ആ ബജറ്റിനെ.  പിറ്റേന്നത്തെ പത്രം ആഘോഷിച്ചത് ബജറ്റ് ബ്ലൂമർ ആയിരുന്നു, ബജറ്റല്ല. ധനസെക്രട്ടറി അറിയാത്ത അബദ്ധജടിലമായ ബജറ്റിനെ വീണ്ടും വീണ്ടും തിരുത്തിക്കാണിക്കുകയായി പ്രതിപക്ഷത്തിന്റെ വിനോദം. വിശ്വനാഥ
മേനോനെ അന്ന് അങ്ങനെ കുഴിയിലിറക്കിയവരെ തൊട്ടുകാണിക്കാൻ എ. കെ. ജി സെന്റർ ഇന്നേ വരെ മുതിർന്നിട്ടില്ല. ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി ആയിരുന്നു കെ എം മാണി. താൻ ചെയ്യുന്നതെല്ലാം കുറ്റമറ്റതാവണമെന്നു നിർബന്ധമുള്ള മാണി സാർ ബജറ്റ് തന്റെ ഇഷ്ടപ്പെട്ട കളിയാക്കി. അദ്ദേഹത്തിന്റെ കുരുട്ടുരാഷ്ട്രീയത്തിനും അതൊരു ഉപകരണമായി. കേരളത്തെ തഴഞ്ഞിരിക്കുന്ന കേന്ദ്രത്തിനെതിരെ യുദ്ധം
പ്രഖ്യാപിക്കുന്ന കേരളകോൺഗ്രസിന്റെ വിലാപവും വിധ്വംസനവുമായി പലപ്പോഴും മാണിയുടെ ബജറ്റ്, ഭീമവും നിത്യവുമായ ഒരു കമ്മി ധനരേഖ. അങ്ങനെയിരിക്കേ ഉറക്കം തൂങ്ങുന്ന ചില കോൺഗ്രസുകാർ ഉണർന്നെണീറ്റു, കേരളത്തെ ഖലിസ്ഥാൻ ആക്കാനാണോ നീക്കം എന്ന ചോദ്യവുമായിട്ട്. അത് ഏശി. മാന്ത്രികന്റെ തൊപ്പിയിൽനിന്ന് മുയൽ പുറത്തു വരുന്നതുപോലെ, മാണിയുടെ അടുത്ത ബജറ്റിൽനിന്ന് മിച്ചം വെളിച്ചം കണ്ടു. കമ്മി മിച്ചമാകുന്നതും മിച്ചം കമ്മിയാകുന്നതും ധനമാന്ത്രികന്റെ വിദ്യ മാത്രമെന്നോ?
വരവു ചെലവു കണക്കിൽ പാട്ടിന്റെ ഈണം ചേർക്കാൻ തുടങ്ങിയത് മാണിയാണോ എന്നു തറപ്പിച്ചു പറയാൻ വയ്യ.  നേരം കിട്ടുമ്പോഴൊക്കെ ലതാ മങ്കേഷ്‌ക്കറിന്റെ ലയത്തിൽ മുഴുകുന്ന മാണി സാർ ബജറ്റിൽ ഒരിക്കൽ ധ്യാനശ്ലോകം തിരുകിക്കയറ്റി.  പണത്തിൽ കവിതയില്ല, കവിതയിൽ പണവും എന്നാണ് പഴമൊഴി. മാണി സാർ പണത്തിൽ
ഫിലോസഫി കണ്ടെത്തി, ബജറ്റിൽനിന്ന് ഗീത വാർത്തെടുത്തു.  കണക്കിനിടെ കേട്ടു, നൈനം ഛിന്ദന്തി ശസ്ത്രാണി, നൈനം ദഹതി പാവക: അന്പിൽ മുറിയുന്നതോ തീയിൽ എരിയുന്നതോ അല്ല, ആത്മാവിനെപ്പോലെ, പണത്തിന്റെ കണക്ക്.
തോമസ് ഐസക്കിന്റെ ഊഴമായപ്പോൾ മലയാളസാഹിത്യത്തിലെ തെരഞ്ഞെടുത്ത ഗദ്യവും പദ്യവും ബജറ്റിന്റെ പ്രാണഗീതമായി. പണത്തിന്റെ പറ്റുവരവിൽ സാമൂഹ്യശാസ്ത്രവും ആത്മഗന്ധവും ഇഴുകിച്ചേർന്നു.  നാട്യമോ നാടകമോ കാട്ടാത്ത ധനമന്ത്രിയായിരുന്നു മൻമോാഹൻ സിംഗ്. പ്രധാനമന്ത്രിയായപ്പോഴും ആ വഴക്കം വെടിഞ്ഞില്ല. ഒരിക്കൽ അദ്ദേഹം ബജറ്റ് പ്രസംഗം ഉപസംഹരിച്ചത് അബ്രഹാം ലിങ്കണെ അനുസ്മരിച്ചായിരുന്നു. 'അക്രമികളെ അറിയിച്ചേക്കൂ, ഞാൻ നാടകത്തിനു പോകുന്നു.' അവർ ലിങ്കണു നേരേ തിരയുതിർത്തു, മൻമോഹൻ സിംഗിനെ തൊട്ടില്ല. ബജറ്റ് പീയൂഷ് ഗോയലിൽ എത്തിയപ്പോൾ ഉദ്ധരണി ചുവടിനെയും പാതയെയും പറ്റിയായി, വചനം മറാഠിയിൽനിന്നും.
ഇത്തവണത്തെ ബജറ്റ് വരുമ്പോൾ സംസാരം ട്രാൻസ്‌പോർട് കോർപറേഷന്റെ തലപ്പത്തുനിന്ന് ഒരാളെ പറഞ്ഞയച്ചതിനെപ്പറ്റിയായിരുന്നു. കടം കേറി മുടിഞ്ഞ കോർപറേഷനെ രക്ഷിക്കാനുള്ള നടപടികളായിരുന്നു പശ്ചാത്തലം. മുപ്പത്തേഴുകൊല്ലം മുമ്പ് മാണി സാർ ബജറ്റ് അവതരിപ്പിക്കുമ്പോഴും അതായിരുന്നു സംസാരം. ബജറ്റിലൂടെ അദ്ദേഹം പറഞ്ഞു, കെ. എസ്. ആർ. ടി. സിയെ അഞ്ചാക്കി ഉടച്ചു വാർക്കും. അതു കേട്ട ഗതാഗതമന്ത്രി കെ. കെ ബാലകൃഷ്ണൻ ചാടിയെണീറ്റു.  'തന്റെ വകുപ്പിൽ താനറിയാത്ത പരിഷ്‌ക്കാരമോ?'. പിന്നെ ഒന്നുമുണ്ടായില്ല.  കാരവുമില്ല, പരിഷ്‌ക്കാരവുമില്ല. ബജറ്റിലെ വചനം ജലത്തിലെ രേഖയായി.

 

Latest News