Sorry, you need to enable JavaScript to visit this website.

സി.ബി.ഐ പോലീസ് ഏറ്റുമുട്ടല്‍; മമത സത്യഗ്രഹം തുടരുന്നു

കൊല്‍ക്കത്ത-സി.ബി.ഐ നടപടിക്കെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഞായറാഴ്ച രാത്രി എട്ടരയ്ക്ക് ആരംഭിച്ച സത്യഗ്രഹം തുടരുന്നു. രാജ്യവും ഭരണഘടനയും സുരക്ഷിതമാകുന്നതുവരെ സത്യഗ്രഹം തുടരുമെന്ന് അവര്‍ പറഞ്ഞു. ഈ സമരം പാര്‍ട്ടിക്കു വേണ്ടിയല്ലെന്നും സര്‍ക്കാരിനെ നിലനിര്‍ത്താനാണെന്നും മമത പറഞ്ഞു. രാത്രി ഭക്ഷണം ഉപേക്ഷിച്ച മമത രാത്രി മുഴുവന്‍ ഉറക്കമിളച്ചു. മമതയോടൊപ്പം നിരവധി മന്ത്രിമാരും പാര്‍ട്ടി പ്രവര്‍ത്തകരും സമരപന്തലിലുണ്ട്. 
പ്രതിപക്ഷ നിരയിലെ നിരവധി നേതാക്കള്‍ മമതയെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു.  രാഹുല്‍ ഗാന്ധി, ഉമര്‍ അബ്ദുല്ല, ചന്ദ്രബാബു നായിഡു, ശരത് പവാര്‍,  അഖിലേഷ് യാദവ്, കമല്‍നാഥ്, അരവിന്ദ് കെജ് രിവാള്‍, ജിഗ്‌നേഷ് മേവാനി എന്നിവര്‍ ഫോണില്‍ സംസാരിച്ചതായി മമത അറിയിച്ചു. പിന്തുണ അറിയിച്ച് നിരവധി നേതാക്കള്‍ ഇന്ന് കൊല്‍ക്കത്തയില്‍ എത്തുമെന്നാണ് കരുതുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി എത്തുന്നുണ്ട്. പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കിയാണ് പ്രവര്‍ത്തകര്‍ എത്തുന്നത്.
അതിനിടെ, സി.ബി.ഐ സംഘത്തെ തടഞ്ഞ കൊല്‍ക്കത്ത പോലീസ് നടപടിക്കെതിരെ സി.ബി.ഐ ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. ഹരജി അടിയന്തര മായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്‍പാകെ ആവശ്യപ്പെടുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
ശാരദ , റോസ് വാലി ചിട്ടി തട്ടിപ്പ് കേസില്‍ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന അന്വേഷണം  തടയാന്‍ കൊല്‍ക്കത്ത പോലീസും സംസ്ഥാന സര്‍ക്കാരും ശ്രമിക്കുന്നുവെന്നാണ് സി.ബി.ഐ വാദം.
നേരത്തെ കേസ് അന്വേഷിച്ചിരുന്ന കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍  രാജീവ് കുമാര്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായി  സി.ബി.ഐ അവകാശപ്പെടുന്നു. കോടതിയലക്ഷ്യമാണ് പോലീസ് നടപടിയെന്നും
ഉദ്യോഗസ്ഥര്‍ക്ക് ഭീഷണിയുള്ളതിനാല്‍ അടിയന്തര നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും കോടതിയോട് ആവശ്യപ്പെടും.

Latest News