റിയാദ് - സൗദിവൽക്കരിച്ച തൊഴിലിൽ ഏഷ്യൻ വംശജയായ യുവതിയെ ജോലിക്കു വെച്ച സ്ഥാപനത്തിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽനിന്നുള്ള സേവനങ്ങൾ നിർത്തിവെച്ചു. ഭക്ഷ്യവസ്തു വിതരണ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനു കീഴിലെ ശാഖയിലാണ് വിദേശ യുവതിയെ ജോലിക്കു വെച്ചത്. സ്ഥാപനത്തിൽ വിദേശ യുവതി ജോലി ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
തുടർന്ന് സ്ഥാപനത്തിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വിദേശ യുവതിയെ ജോലിക്കു വെച്ചത് അടക്കം ഏതാനും തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു.
സ്ഥാപനത്തിന് പിഴ ചുമത്തിയിട്ടുണ്ട്. നിയമലംഘനങ്ങൾ പൂർണമായും അവസാനിപ്പിച്ച് പദവി ശരിയാക്കുന്നതു വരെയാണ് സ്ഥാപനത്തിന് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ നിർത്തിവെച്ചിരിക്കുന്നത്.