മലപ്പുറം - ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റു വേണമെന്ന മുസ്‌ലിം ലീഗിന്റെ സമ്മർദ്ദ നിലപാട് യു.ഡി.എഫ് നേതൃത്വത്തിന് തലവേദനയാകും. ഇത്തവണ ഒരു സീറ്റ് കൂടുതൽ വേണമെന്ന ആവശ്യം യു.ഡി.എഫിൽ ഉന്നയിക്കുമെന്ന് മുസ്‌ലിം ലീഗ് നേതൃത്വം വ്യക്തമാക്കിയത് സീറ്റ് വിഭജനം സംബന്ധിച്ച് ഐക്യമുന്നണിയിൽ ആശയകുഴപ്പങ്ങൾക്ക് വഴിവെക്കുകയാണ്. മുസ്‌ലിം ലീഗ് ഈ ആവശ്യത്തിൽ നിന്ന് അവസാന ഘട്ടത്തിൽ പിൻമാറുമെന്നാണ് കോൺഗ്രസ് കരുതുന്നത്. എന്നാൽ കോൺഗ്രസിലെ ഒരു വിഭാഗം മുസ്‌ലിം ലീഗിനെ പിന്തുണച്ചെത്തിയതും സുന്നി ഇ.കെ വിഭാഗവും മുസ്‌ലിം ലീഗിന് മേൽ സമ്മർദ്ദമാരംഭിച്ചതും സീറ്റ് വിഭജനം സങ്കീർണമാക്കുകയാണ്. കേരള കോൺഗ്രസും മുസ്‌ലിം ലീഗും സീറ്റ് കൂടുതൽ ചോദിക്കുന്നത് കോൺഗ്രസ് നേതൃത്വത്തിനും വെല്ലുവിളിയാകുന്നുണ്ട്.
മുസ്‌ലിം ലീഗിന് നിലവിലുള്ള മലപ്പുറം, പൊന്നാനി എന്നീ രണ്ടു സീറ്റുകൾ പോരെന്ന് പാർട്ടിക്കുള്ളിൽ ഒരു വിഭാഗം ശക്തമായി വാദിക്കുന്നുണ്ട്. മുൻകാലങ്ങളിൽ ലീഗിന് മൂന്ന് സീറ്റ് വരെ നൽകിയിട്ടുണ്ടെന്നും അതിനാൽ അത് പാർട്ടിയുടെ അവകാശമാണെന്നുമുള്ള വാദങ്ങൾ പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്. യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കരുതെന്ന് കരുതി മുതിർന്ന പാർട്ടി നേതാക്കളായ പി.കെ. കുഞ്ഞാലികുട്ടിയും കെ.പി.എ. മജീദും ഇക്കാര്യത്തിൽ മൃദുസമീപനമെടുക്കുകയാണ്. എന്നാൽ പാണക്കാട് കുടുംബത്തിൽ കൂടുതൽ സീറ്റ് വേണമെന്ന അഭിപ്രായമുണ്ട്. സമസ്തയുടെ സമ്മർദ്ദവും ഇതിന് കാരണമായിട്ടുണ്ട്.
ദേശീയ രാഷ്ട്രീയത്തിൽ മുസ്‌ലിം ലീഗിന് കൂടുതൽ സജീവമായി നിൽക്കാൻ ഒരു സീറ്റിൽ കൂടി വിജയിക്കേണ്ടതുണ്ടെന്നാണ് പാർട്ടി നേതാക്കൾ കരുതുന്നത്. ഇ. അഹമ്മദിന്റെ നിര്യാണത്തിന് ശേഷം പാർട്ടിയുടെ ഏറ്റവും ശക്തനായ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ പാർലമെന്റിലേക്ക് അയച്ചെങ്കിലും അദ്ദേഹത്തിന് വേണ്ടത്ര ശോഭിക്കാനാവുന്നില്ലെന്ന പരാതി പാർട്ടിയിലുമുണ്ട്. മുത്തലാഖ് ബിൽ പോലെയുള്ള പ്രധാന വിഷയങ്ങളിൽ കുഞ്ഞാലിക്കുട്ടി പാർലമെന്റിലെ വോട്ടിംഗിൽ പങ്കെടുക്കാതിരുന്നത് പാർട്ടിക്ക് വലിയ ക്ഷീണമാണുണ്ടാക്കിയത്. കുഞ്ഞാലിക്കുട്ടിക്ക് സംഘടനാ പരമായ തിരക്കുമൂലം പാർലമെന്റിലെ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താനാകുന്നില്ല. അതുകൊണ്ട് മൂന്നാമതൊരാൾ കൂടി മുസ്‌ലിം ലീഗിനായി പാർലമെന്റിലുണ്ടാകണമെന്നാണ് പാർട്ടി നേതൃത്വം കരുതുന്നത്.
വയനാട്, കാസർകോട്, വടകര സീറ്റുകളിലേതെങ്കിലുമൊന്ന് നൽകണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. യു.ഡി.എഫ് സംവിധാനം ശക്തമായി പ്രവർത്തിച്ചാൽ ഈ സീറ്റുകളിൽ മുസ്‌ലിം ലീഗിന് വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. എം.ഐ. ഷാനവാസിന്റെ മരണത്തെ തുടർന്ന് വയനാട് സീറ്റിൽ കോൺഗ്രസിന് പുതിയ സ്ഥാനാർഥിയെ കണ്ടെത്തേണ്ടതുണ്ട്. നിലമ്പൂർ മണ്ഡലം കൂടി ഉൾപ്പെടുന്ന വയനാട്ടിലേക്ക് കോൺഗ്രസിലെ മുതിർന്ന നേതാവ് ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്തിന്റെ പേര് ഉന്നയിക്കപ്പെടാൻ സാധ്യത കാണുന്നതുണ്ട്. അതേസമയം കെ. മുരളീധരനും വയനാടിനായി ശ്രമിക്കുന്നുണ്ടെന്നാണറിയുന്നത്. എം.ഐ. ഷാനവാസിന്റെ മകൾ മൽസര രംഗത്തേക്കിറങ്ങുന്നുവെന്ന അഭ്യൂഹങ്ങളും കോൺഗ്രസ് നേതൃത്വം നീരീക്ഷിച്ചു വരുന്നുണ്ട്. വടകര മണ്ഡലം ലീഗിന് വിട്ടു കൊടുക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായേക്കില്ല. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വിജയിച്ച സീറ്റിന് വേണ്ടി വാശിപിടിക്കരുതെന്ന് ലീഗ് നേതൃത്വത്തോട് ഇതിനകം ചില കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നറിയുന്നത്. മുല്ലപ്പള്ളി രാമചന്ദ്രൻ പാണക്കാട് എത്തി കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് നേതാക്കളെ കണ്ടിരുന്നു. തന്റെ സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും ലീഗിന്റെ സമ്മർദ്ദതന്ത്രത്തെ തണുപ്പിക്കാനുള്ള സന്ദർശനമാണതെന്ന് സംശയമുയർന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പു വരുമ്പോൾ ഘടകകക്ഷികൾ സീറ്റ്കൂട്ടി ചോദിക്കുന്നത് സ്വാഭാവികമാണെന്ന നിലപാടിലാണ് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ. തെരഞ്ഞെടുപ്പിന് ശേഷം ദൽഹിയിൽ ബി.ജെ.പി വിരുദ്ധ മുന്നണി അധികാരത്തിൽ വരികയാണെങ്കിൽ നേതൃസ്ഥാനം കോൺഗ്രസിന് ലഭിക്കാൻ കൂടുതൽ സീറ്റുകളിൽ കോൺഗ്രസ് വിജയിക്കേണ്ടതുണ്ടെന്ന് അവർ ഘടകകക്ഷി നേതാക്കളെ ധരിപ്പിച്ചിട്ടുണ്ട്. ചർച്ചകളിലൂടെ മുസ്‌ലിം ലീഗിന്റെ സമ്മർദ്ദങ്ങളെ തണുപ്പിക്കാനാകുമെന്ന വിശ്വാസത്തിലാണ് കോൺഗ്രസ് നേതാക്കൾ.