പാലക്കാട് - പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയെച്ചൊല്ലി ബി.ജെ.പിയിൽ ചേരിപ്പോര് രൂക്ഷമാകുന്നു. ശോഭാ സുരേന്ദ്രനു പകരം പാലക്കാട് നഗരസഭാ വൈസ് ചെയർമാൻ സി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് മുരളീധരപക്ഷം സമ്മർദ്ദം ശക്തമാക്കുന്നതാണ് കാര്യങ്ങൾ സങ്കീർണ്ണമാക്കിയത്. 2014ൽ ലോക്‌സഭയിലേക്കും 2017ൽ നിയമസഭയിലേക്കും പാലക്കാട്ട് നിന്ന് മൽസരിച്ച വനിതാ നേതാവ് തന്നെയായിരിക്കണം ഇക്കുറി ലോക്‌സഭയിലേക്ക് മണ്ഡലത്തിൽ നിന്ന് മൽസരിക്കേണ്ടത് എന്ന ധാരണയിൽ സംഘ്പരിവാർ നേരത്തേ എത്തിയതായിരുന്നു. മുരളീധരപക്ഷത്തിന്റെ പൂർണനിയന്ത്രണത്തിലുള്ള ബി.ജെ.പി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ വികാരം അവഗണിച്ചാണ് ശോഭാ സുരേന്ദ്രൻ സ്ഥാനാർഥിയാവണമെന്ന ധാരണ ഉണ്ടായത്. പാർട്ടി വിജയസാധ്യത കൽപ്പിക്കുന്ന എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള പാലക്കാട്ട് കൃഷ്ണകുമാറാണ് കൂടുതൽ അനുയോജ്യനായ സ്ഥാനാർഥി എന്ന വാദം വി. മുരളീധരനെ അനുകൂലിക്കുന്നവർ ഉന്നയിക്കുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി കൂടിയാണ് കൃഷ്ണകുമാർ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ശോഭാ സുരേന്ദ്രനേയും കൃഷ്ണകുമാറിനേയും മുന്നിൽ നിർത്തി ബി.ജെ.പിയിൽ നടന്ന ചേരിപ്പോരിന്റെ തുടർച്ചയാണ് ഇപ്പോൾ കാണുന്നത്. പാലക്കാട് നഗരസഭയിൽ പാർട്ടി അധികാരത്തിലേറുന്നതിന് ചുക്കാൻ പിടിച്ച നേതാവിനെ നിയമസഭാ സ്ഥാനാർഥിയാക്കണമെന്ന് മുരളീധര വിഭാഗം ശക്തിയായി വാദിച്ചു. എന്നാൽ വനിതാ നേതാവ് പിന്മാറിയില്ല. കൃഷ്ണകുമാറിനെ മലമ്പുഴയിൽ വി.എസ്. അച്യുതാനന്ദനെതിരേ സ്ഥാനാർഥിയാക്കിയാണ് താൽക്കാലിക വെടിനിർത്തൽ ഉണ്ടാക്കിയത്. പാലക്കാട്ട് പ്രതീക്ഷിച്ച പോലെ ശോഭാ സുരേന്ദ്രൻ രണ്ടാം സ്ഥാനത്തെത്തിയതിനേക്കാൾ ശ്രദ്ധിക്കപ്പെട്ടത് മലമ്പുഴയിൽ കൃഷ്ണകുമാറിന്റെ പോരാട്ടമാണ്. അതുവരെ ജില്ലാ നേതൃത്വത്തിൽ ഒതുങ്ങിക്കൂടിയിരുന്ന കൃഷ്ണകുമാറിന് സംസ്ഥാന ഭാരവാഹിത്വം ലഭിച്ചത് അതിനു ശേഷമാണ്.
വിവാദങ്ങൾ അവിടെ തീർന്നില്ല. പാലക്കാട്ടെ പാർട്ടി നേതാക്കളിൽനിന്ന് തനിക്ക് വേണ്ട പിന്തുണ ലഭിക്കാതിരുന്നതിനാലാണ് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത് എന്ന് ആരോപിച്ച് ശോഭാ സുരേന്ദ്രൻ രംഗത്തെത്തി. പാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വ.കൃഷ്ണദാസ് ഉൾപ്പെടെയുള്ള മുരളീധരപക്ഷ നേതാക്കളെ പ്രതിക്കൂട്ടിൽ കയറ്റിക്കൊണ്ടായിരുന്നു ഇത്. സാധാരണ പ്രവർത്തകരുമായി ഇടപഴകുന്നതിൽ വനിതാ നേതാവ് വിമുഖത കാണിച്ചു എന്ന പ്രത്യാരോപണം മറുപക്ഷവും ഉയർത്തിക്കൊണ്ടു വന്നു. നേതാക്കൾ പരസ്യമായി തമ്മിലടിച്ചതിനെത്തുടർന്ന് ഒരു ഘട്ടത്തിൽ ആർ.എസ്.എസ് നേതാക്കൾ പ്രശ്‌നത്തിൽ ഇടപെടുന്നതു വരെ കാര്യങ്ങൾ എത്തി.
വിജയസാധ്യത എന്ന തുരുപ്പുചീട്ടാണ് മുരളീധരപക്ഷം ഇപ്പോഴും ശോഭക്കെതിരേ ഇറക്കിയിരിക്കുന്നത്. ജില്ലയിൽ വിപുലമായ വ്യക്തിബന്ധങ്ങളുള്ള കൃഷ്ണകുമാർ മികച്ച സ്ഥാനാർഥിയാണ് എന്നാണ് വാദം. പാലക്കാട് നഗരസഭാ ഭരണം പിടിച്ചെടുക്കുന്നതിലും മലമ്പുഴയിൽ അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെക്കുന്നതിലും അദ്ദേഹം കാഴ്ചവെച്ച മിടുക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഗുണകരമാവുമെന്ന് കൃഷ്ണകുമാറിനു വേണ്ടി വാദിക്കുന്നവർ കരുതുന്നു. അതേസമയം ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന നിലപാടിലാണ് ശോഭാ സുരേന്ദ്രനും പി.കെ. കൃഷ്ണദാസ് വിഭാഗവും. സീനിയോറിറ്റിയും വനിതാ നേതാവെന്ന പരിഗണനയും അവർക്ക് അനുകൂലമാണ്. അതേസമയം സംസ്ഥാന തലത്തി ൽ സീറ്റുകൾ പങ്കിട്ടെടുക്കുന്ന സമയത്ത് പാലക്കാടിനു വേണ്ടി ശക്തമായി വാദിക്കാനാണ് മുരളീധര വിഭാഗത്തിന്റെ തീരുമാനം.