മലപ്പുറം- ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടക്കൻ കേരളത്തിൽ ആധിപത്യം സ്ഥാപിക്കാൻ ഇടതുമുന്നണിക്ക് ഇത്തവണ കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മലബാറിൽ ഏഴു സീറ്റുകളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ഇടതുപക്ഷത്തിന് വിജയിക്കാനായത്. അതും കുറഞ്ഞ ഭൂരിപക്ഷത്തിൽ.
മലപ്പുറം മുതൽ കാസർകോടുവരെയുള്ള ഏഴു ലോക്‌സഭാ മണ്ഡലത്തിൽ ഉത്തര കേരളത്തിലുള്ള രണ്ട് സീറ്റുകൾ, കണ്ണൂരും കാസർകോടും മാത്രമാണ് ഇടതുമുന്നണിക്ക് വിജയിക്കാനായത്. വടകര മണ്ഡലം ഇനിയും അവർക്ക് തിരിച്ചു പിടിക്കാനായിട്ടില്ല.
കാസർകോട്, കണ്ണൂർ മണ്ഡലങ്ങളിലെ കുറഞ്ഞ ഭൂരിപക്ഷം ഇടതുപക്ഷത്തിന് ആശങ്കുണ്ടാക്കുന്നതാണ്. കഴിഞ്ഞ തവണ സി.പി.എമ്മിലെ പി. കരുണാകരൻ കോൺഗ്രസ് സ്ഥാനാർഥി അഡ്വ.ടി. സിദ്ദീഖിനെതിരെ വിജയിച്ചത് 6921 വോട്ടുകൾക്കാണ്. കണ്ണൂരിൽ സി.പി.എമ്മിലെ പി.കെ. ശ്രീമതി ടീച്ചർ കോൺഗ്രസിലെ കെ. സുധാകരനെതിരെ വിജയിച്ചത് 6566 വോട്ടുകൾക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഈ കുറഞ്ഞ ഭൂരിപക്ഷം സുരക്ഷിതമല്ല. സ്ഥാനാർഥി നിർണയത്തിലുണ്ടാകുന്ന മികവും മികച്ച പ്രചാരണ പ്രവർത്തനങ്ങളും കൊണ്ടു മാത്രമേ ഈ രണ്ട് മണ്ഡലങ്ങളിലും നിലമെച്ചപ്പെടുത്താനാകൂ. തെരഞ്ഞെടുപ്പു തന്ത്രങ്ങളിൽ പാളിച്ച പറ്റിയാൽ ഈ മണ്ഡലങ്ങളിൽ തിരിച്ചടിയേൽക്കാനും സാധ്യത കൂടുതലാണ്. ബി.ജെ.പിയുടെ നീക്കങ്ങളും ഈ മണ്ഡലങ്ങളിൽ ഇടതുമുന്നണിയെ പ്രതികൂലമായി ബാധിക്കും.
കോഴിക്കോട് മണ്ഡലത്തിൽ യു. ഡി.എഫിന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വിജയത്തെ മറികടക്കാൻ ഇടതുപക്ഷത്തിന് മികച്ച തന്ത്രങ്ങൾ ആവശ്യമാകും. കഴിഞ്ഞ തവണ കോൺഗ്രസിലെ എം.കെ. രാഘവൻ സി.പി.എം നേതാവ് എ. വിജയരാഘവനെ തോൽപ്പിച്ചത് 16883 വോട്ടുകൾക്കാണ്.
കോഴിക്കോട് സീറ്റ് നേരത്തെ ഇടതുമുന്നണി വിജയിച്ചതാണ്. സീറ്റ് തിരിച്ചു പിടിക്കേണ്ടത് ഇത്തവണ ഇടതുപക്ഷത്തിന്റെ അഭിമാനപ്രശ്‌നമാണ്.
വടകര സീറ്റിൽ കഴിഞ്ഞ രണ്ടു തവണയും കുറഞ്ഞ വോട്ടുകൾക്കാണ് ഇടതുപക്ഷത്തിന് വിജയം നഷ്ടപ്പെടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രൻ എതിർസ്ഥാനാർഥി സി.പി.എമ്മിലെ അഡ്വ.എ.എൻ. ഷംസീറിനെ തോൽപ്പിച്ചത് 3306 വോട്ടുകൾക്കാണ്. വടക്കൻ കേരളത്തിലെ കുറഞ്ഞ മാർജിനിലുള്ള ഇടതുപക്ഷത്തിന്റെ തോൽവിയായിരുന്നു വടകരയിലേത്.
2009 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇവിടെ യു.ഡി.എഫ് നേടിയ വിജയത്തിന്റെ ശക്തികുറക്കാൻ കഴിഞ്ഞ തവണ ഇടതുപക്ഷത്തിനായിട്ടുണ്ട്. ഇത്തവണ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെച്ചാൽ എൽ.ഡി.എഫിന് വടകര തിരിച്ചുപിടിക്കാനാകും.
വയനാട് മണ്ഡലത്തിൽ വിജയിക്കണമെങ്കിലും ഇടതുമുന്നണി തന്ത്രങ്ങൾ മാറ്റേണ്ടിവരും. എൽ.ഡി.എഫിന് വേണ്ടി സി.പി.ഐ മൽസരിക്കുന്ന മണ്ഡലമാണിത്. കഴിഞ്ഞ തവണ കോൺഗ്രസിലെ എം.ഐ. ഷാനവാസ് വയനാട്ടിൽ 20870 വോട്ടുകൾക്കാണ് വിജയിച്ചത്. സത്യൻ മൊകേരി (സി.പി.ഐ) ആയിരുന്നു എതിർസ്ഥാനാർഥി. ഷാനവാസിന്റെ നിര്യാണത്തെ തുടർന്ന് ആദ്യമായാണ് വയനാട് മണ്ഡലം തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിന്റെ വിജയസാധ്യതകൾ വിദൂരമാണ്. എന്നാൽ പൊന്നാനിയിൽ മികച്ച സ്ഥാനാർഥിയെ മൽസരിപ്പിച്ച് ചിട്ടയായ പ്രവർത്തനത്തിലൂടെ എതിരാളികൾക്ക് വെല്ലുവിളിയുയർത്താനാകുമെന്ന കണക്കുകൂട്ടലിലാണ് ഇടതു നേതൃത്വം.
മലപ്പുറം മണ്ഡലത്തിൽ ഇടതുപക്ഷം നേരിട്ടുവരുന്നത് വലിയ തോൽവികളാണ്. 2009 ൽ നിലവിൽ വന്ന മലപ്പുറം മണ്ഡലത്തിൽ ഒരു ഉപതെരഞ്ഞെടുപ്പ് അടക്കം നാലാമത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പാണ് നടക്കുന്നത്.
എല്ലാ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് സ്ഥാനാർഥിക്ക് ഒരു ലക്ഷത്തിൽപരം വോട്ടുകളുടെ വിജയം സമ്മാനിച്ചു വരുന്ന മണ്ഡലമാണിത്. 2014 തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിലെ ഇ.അഹമ്മദ് സി.പി.എമ്മിലെ പി.കെ. സൈനബയെ തോൽപ്പിച്ചത് 1.94 ലക്ഷം വോട്ടുകൾക്കാണ്. ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് 2017 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടി ഇടതുപക്ഷത്തെ എം.ബി. ഫൈസലിനെ തോൽപ്പിച്ചത് 1.71 ലക്ഷം വോട്ടുകൾക്കും. ലക്ഷങ്ങളുടെ വോട്ടുനഷ്ടം തടയൽ മലപ്പുറം മണ്ഡലത്തിൽ ഇടതുപക്ഷത്തിന് എളുപ്പമാകില്ല.
പൊന്നാനിയിൽ മുസ്‌ലിം ലീഗിന്റെ ഭൂരിപക്ഷം കുറഞ്ഞു വരുന്നത് ഇടതുമുന്നണിക്ക് പ്രതീക്ഷ നൽകുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിലെ ഇ.ടി. മുഹമ്മദ് ബഷീർ ഇടതുസ്വതന്ത്രൻ വി. അബ്ദുറഹ്മാനെ തോൽപ്പിച്ചത് 25410 വോട്ടുകൾക്കാണ്.
ന്യൂനപക്ഷ വോട്ടുകൾ ഏറെയുള്ള പൊന്നാനി മണ്ഡലത്തിൽ പുത്തൻ തെരഞ്ഞെടുപ്പു തന്ത്രങ്ങളിലൂടെ അട്ടിമറി നടത്താൻ ഇത്തവണ ഇടതുപക്ഷം ശ്രമിച്ചേക്കും.