ഭോപാല്‍- മധ്യപ്രദേശിലെ ശിവപുരിയില്‍ 'അയല്‍ക്കാരന്‍' മകളെ നിരന്തരം ആക്രമിച്ചെന്ന പരാതിയുമായി ഒരു യുവതി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കോഴി 'അറസ്റ്റിലായി.' പൂനം കുശ്‌വാഹ എന്ന യുവതിയാണ് അയല്‍ വീട്ടിലെ കോഴിയുടെ നിരന്തര കൊത്തല്‍ ആക്രമണത്തില്‍ പെറുതി മുട്ടി ഒടുവില്‍ പേലീസിനെ സമീപിച്ചത്. പരാതിയെ തുടര്‍ന്ന് പോലീസ് പൂനത്തിന്റെ അയല്‍വീട്ടിലെ ദമ്പതികളേയും അവരുടെ പുന്നാര കോഴിയേയും സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി. തര്‍ക്കം രമ്യമായി പരിഹരിച്ച ശേഷമാണ് കോഴിയേയും കൂട്ടരേയും പോലീസ് വിട്ടത്.
ഈ കോഴി തന്റെ മകളെ നിരന്തം കൊത്താറുണ്ടെന്നും ഇനിയും അക്രമം ഏറ്റുവാങ്ങി മകളുടെ ശരീരത്തില്‍ പോറല്‍ വീഴ്ത്താന്‍ അനുവദിക്കില്ലെന്നും പറഞ്ഞാണ് പൂനം പോലീസിനെ സമീപിച്ചത്്. കോഴിയെ കൂട്ടിലടയ്ക്കാന്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും ഉടമകള്‍ അതിനു തയാറായില്ലെന്നും അവര്‍ ആരോപിച്ചു. ഈ കോഴിയുടെ കൊത്ത് ഇനി സഹിക്കാനാവില്ലെന്നും പൂനം പറഞ്ഞു.
പോലീസ് നടപടി ഉണ്ടാകുമെന്ന് പൂനം കോഴിയുടെ ഉടമകളായ ദമ്പതികള്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. തങ്ങള്‍ ജയിലില്‍ കിടന്നാലും കോഴിയെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്നായിരുന്നു ദമ്പതികളുടെ മറുപടി. തങ്ങള്‍ക്കു മക്കളില്ലാത്തതിനാല്‍ സ്വന്തം കുഞ്ഞിനെ പോലെയാണ് കോഴിയെ പോറ്റുന്നതെന്നും ദമ്പതികള്‍ പറഞ്ഞു. ഏതായാലും കോഴിയെ ഇനി കൂട്ടിലടയ്ക്കാമെന്ന് ഇവര്‍ പൂനത്തിന് ഉറപ്പു നല്‍കിയതോടെയാണ് പ്രശ്‌നം തീര്‍ന്നത്. പോലീസ് അറസ്റ്റ് ചെയ്ത് ലോക്കപ്പില്‍ അടച്ചില്ലെങ്കിലും കോഴിക്ക് ഇനി സ്വന്തം വീട്ടില്‍ 'ലോക്കപ്പില്‍' കിടക്കേണ്ടി വരും.






