Sorry, you need to enable JavaScript to visit this website.

ഹുറൂബാക്കിയാലുടൻ എസ്.എം.എസ്, വിയോജിപ്പ് അറിയിക്കാനും അവസരം

റിയാദ് - ജോലി സ്ഥലത്തുനിന്ന് ഒളിച്ചോടിയതായി തൊഴിലുടമകൾ വ്യാജ പരാതികൾ നൽകുന്ന പക്ഷം ഓൺലൈൻ വഴി വിയോജിപ്പ് പ്രകടിപ്പിക്കുന്നതിന് സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് അവസരമൊരുക്കുന്ന പുതിയ സേവനം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചു. 
തൊഴിലാളികളുടെ സർവീസ് ആനുകൂല്യങ്ങളടക്കമുള്ള അവകാശങ്ങൾ നിഷേധിക്കുന്നതിനും അവരെ നിയമ പ്രശ്‌നങ്ങളിൽ കുടുക്കുന്നതിനും തൊഴിലാളികളെ വ്യാജമായി ഹുറൂബാക്കുന്ന പ്രവണത ഇതോടെ അവസാനിക്കും. വ്യാജമായാണ് ഹുറൂബാക്കിയതെന്ന അപേക്ഷ നൽകുന്നതിനു തൊഴിലാളികൾക്ക് അവസരമൊരുക്കുന്നതിനും ഹുറൂബാക്കൽ സേവനം തൊഴിലുടമകൾ ദുരുപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് പുതിയ സേവനത്തിലൂടെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യമിടുന്നത്. 
തൊഴിലുടമകൾ നൽകുന്ന ഹുറൂബ് പരാതികളുടെ നിജസ്ഥിതി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഉറപ്പുവരുത്തും. നിതാഖാത്ത് അനുസരിച്ച് എല്ലാ വിഭാഗം സ്ഥാപനങ്ങൾക്കും ഓൺലൈൻ വഴി തൊഴിലാളികളെ ഹുറൂബാക്കുന്ന സേവനം പ്രയോജനപ്പെടുത്താം. സ്ഥാപനത്തിനെതിരെ കേസ് നൽകിയ തൊഴിലാളികളെ ഹുറൂബാക്കാനാവില്ല. കൂടാതെ തൊഴിലാളികളെ ഹുറൂബാക്കുന്നതിന് അവരുടെ വർക്ക് പെർമിറ്റും ഇഖാമയും കാലാവധിയുള്ളതായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. കാലാവധി അവസാനിച്ചിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂവെങ്കിലും ഹുറൂബാക്കാനാകും.
ഹുറൂബാക്കുന്നതിന് മറ്റു അനുബന്ധ രേഖകളും ഓൺലൈൻ അപേക്ഷയോടൊപ്പം അറ്റാച്ച് ചെയ്യണം. നടപടികളെല്ലാം പൂർത്തിയാക്കുന്ന ഹുറൂബ് പരാതികൾ സ്വീകരിച്ചതായി സിസ്റ്റം അറിയിക്കുകയും തൊഴിലാളി ഒളിച്ചോടിയതായി ആഭ്യന്തര മന്ത്രാലയത്തിലെ സിസ്റ്റത്തിൽ തൊഴിലാളിയുടെ സ്റ്റാറ്റസിൽ മാറ്റം വരുത്തുകയും ചെയ്യും. തൊഴിലാളിയെ ഹുറൂബാക്കിയ കാര്യം സ്ഥിരീകരിച്ച് സ്ഥാപന പ്രതിനിധിക്കും തൊഴിലാളിക്കും എസ്.എം.എസ്സുകൾ അയക്കുകയും ചെയ്യും. തൊഴിലുടമകൾക്കും അവരുടെ നിയമാനുസൃത പ്രതിനിധികൾക്കും ഓൺലൈൻ വഴി തൊഴിലാളികളെ ഹുറൂബാക്കുന്നതിനും ഹുറൂബ് റദ്ദാക്കുന്നതിനും സാധിക്കും. 
വ്യാജമായാണ് ഹുറൂബാക്കിയതെങ്കിൽ ഓൺലൈൻ വഴി അതിൽ വിയോജിപ്പ് പ്രകടിപ്പിക്കുന്നതിന് തൊഴിലാളിക്കോ തൊഴിലാളിയെ പ്രതിനിധീകരിക്കുന്നവർക്കോ സാധിക്കും. ഇതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രവേശിച്ച് സൈറ്റിൽ വ്യക്തികൾക്കുള്ള സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് വിവരങ്ങൾ നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കുകയാണ് ആദ്യം വേണ്ടത്. ഇതിനു ശേഷം സൈറ്റിൽ വ്യക്തികൾക്കുള്ള സേവനങ്ങൾക്കുള്ള ലിങ്കിൽ പ്രവേശിച്ച് സൈഡിലെ പട്ടികയിൽ നിന്ന് വ്യാജ ഹൂറൂബ് സ്ഥാപിക്കൽ അപേക്ഷ സേവനം തെരഞ്ഞെടുക്കണം. ഇതോടെ ഹുറൂബാക്കിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പ്രത്യക്ഷപ്പെടും. 
ഹുറൂബാക്കി ഒരു വർഷം പിന്നിട്ട ശേഷം വ്യാജമായാണ് ഹുറൂബാക്കിയതെന്ന് സ്ഥാപിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കില്ല. 

Latest News