കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്ന് രാഹുല്‍

പട്‌ന- രാജ്യത്തെ ദരിദ്രര്‍ക്ക് സാര്‍വത്രിക അടിസ്ഥാന വരുമാനമെന്ന മോഹന വാഗ്ദാനത്തിനു പിന്നാലെ കോണ്‍ഗ്രസിന്റെ രണ്ടാമത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പു വാഗ്ദാനവും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ കര്‍ഷകരുടെ എല്ലാ കടവും എഴുതിത്തള്ളുമെന്ന് രാഹുല്‍ പട്‌നയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച കൂറ്റന്‍ റാലിയിലാണ് വാഗ്ദാനം നല്‍കിയത്. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസിനെ അധികാരത്തിലെത്താന്‍ സഹായിച്ച പ്രധാന വാഗ്ദാനമായിരുന്നു ഇത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇതു നേട്ടമാക്കാനാണ് ശ്രമം. ഈ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി മണിക്കൂറുകള്‍ക്കകം ഈ തീരുമാനം നടപ്പിലാക്കി ഉത്തരവിറക്കിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

രാജ്യത്തെ കര്‍ഷകരെ മോഡിജി അവഹേളിച്ചിരിക്കുകയാണ്. കര്‍ഷകരെ അവഹേളിച്ചവര്‍ക്ക് അവര്‍ തന്നെ മറുപടി നല്‍കും. കര്‍ഷകര്‍ ആവശ്യപ്പെടുന്നത് കോണ്‍ഗ്രസിനെയാണ്, ബിജെപിയെ അല്ല- രാഹുല്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബിഹാറില്‍ ഇത്ര വിപുലമായ പാര്‍ട്ടി റാലി കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. പ്രതിപക്ഷ നേതാക്കളായ തേജസ്വി യാദവ്, ശരത് യാദവ് തുടങ്ങിയവരും രാഹുലിനൊപ്പം വേദി പങ്കിട്ടു.

Latest News