കൊച്ചി- കളമശേരി-വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ റോഡില്‍ ടോള്‍ പിരിവ് ആരംഭിച്ചതോടെ പ്രതിഷേധവുമായി ജനങ്ങള്‍. പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.
പ്രദേശത്ത് ചെറിയ തോതിലുള്ള സംഘര്‍ഷമുണ്ടായി. അറസ്റ്റിലായ നാട്ടുകാര്‍ പോലീസ് വാഹനത്തില്‍നിന്നിറങ്ങി ടോള്‍ പിരിവ് തടയാന്‍ ശ്രമിച്ചതോടെ പോലീസ് ബലപ്രയോഗം നടത്തി. സര്‍വീസ് റോഡ് പൂര്‍ത്തിയാകാതെ ടോള്‍ പിരിവ് സാധ്യമല്ലെന്നാണ് മുളവുകാട് നിവാസികളുടെ വാദം.
കാര്‍, ജീപ്പ് ഉള്‍പ്പെടെയുള്ള ലൈറ്റ് മോട്ടോര്‍ വിഭാഗത്തില്‍പ്പെട്ട വാഹനങ്ങള്‍ ഒരുദിശയിലേക്ക് 45 രൂപയും ഇരുദിശകളിലേക്കുമായി 70 രൂപയും ടോള്‍ നല്‍കണം. ബസുകള്‍ക്ക് ഒരു ദിശയിലേക്ക് 160 രൂപയും ഇരുദിശകളിലേക്കുമായി 240 രൂപയും ഈടാക്കും. മറ്റു വലിയ വാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്ക് 250 രൂപയും ഏഴ് ആക്‌സിലുകളില്‍ കൂടുതലുള്ള വലിയ വാഹനങ്ങള്‍ക്ക് ഒരുദിശയിലേക്ക് 305 രൂപയും ഇരുദിശയിലേക്കുമായി 460 രൂപയും ടോള്‍ നല്‍കണം.
909 കോടി രൂപ ചിലവഴിച്ചാണ് കണ്ടെയ്‌നര്‍ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതിന്റെ 40 ശതമാനമെങ്കിലും ടോള്‍പിരിവിലൂടെ കണ്ടെത്തുകയാണ് ദേശീയപാത അതോറിറ്റിയുടെ ലക്ഷ്യം.
പൊന്നാരിമംഗലത്തെ ടോള്‍ പ്ലാസയില്‍ നേരത്തെ ടോള്‍ പിരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അധികൃതര്‍ പിന്മാറുകയായിരുന്നു.