Sorry, you need to enable JavaScript to visit this website.

സിമി നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി

ന്യൂഡല്‍ഹി: സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി)യുടെ നിരോധനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി.  രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ സിമി പ്രവര്‍ത്തകര്‍ തുടരുന്നതാണ് നിരോധനം നീട്ടാനുള്ള കാരണമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്. 
2014 ഫെബ്രുവരി 1 മുതല്‍ 5 വര്‍ഷത്തേക്കുള്ള നിരോധനം ഇന്നലെ അവസാനിച്ചിരുന്നു. ഈ  സാഹചര്യത്തിലാണ് നിരോധനം വീണ്ടും നീട്ടിയത്. സിമിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ ചിതറിപ്പോയ സംഘടനയിലെ അംഗങ്ങള്‍ രാജ്യത്തിനു ഭീഷണിയായി ഒത്തുചേരുമെന്നും മന്ത്രാലയം നിരീക്ഷിക്കുന്നു. 
ജമാഅത്ത് ഇസ്‌ലാമിയുടെ യുവജനവിഭാഗമായി 1977 ലാണ് സിമി (സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ) ആരംഭിച്ചത്. പിന്നീട് ജമാഅത്ത് ഇസ്‌ലാമി സിമിയുമായുള്ള ബന്ധം വേര്‍പെടുത്തിയിരുന്നു.
2001 സെപ്റ്റംബറിലാണ് ആദ്യമായി സിമി രാജ്യത്ത് നിരോധിച്ചത്. 2003, 06, 08, 14 വര്‍ഷങ്ങളില്‍ ഇത് പുതുക്കിയിരുന്നു. സിമിയിലെ അംഗങ്ങള്‍ ഉള്‍പ്പെട്ട 58 കേസുകളാണ് ആഭ്യന്തര മന്ത്രാലയം നിരോധനത്തിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.

Latest News