റിയാദ് - സൗദിയിലെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾ വിതരണം ചെയ്യുന്നതിന് അനുമതി നൽകിയതായി കിംവദന്തി പ്രചരിക്കുന്നു. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും മദ്യം വിതരണം ചെയ്യാവുന്നതാണെന്നും ഇതിന് സ്ഥാപനങ്ങളിൽ പ്രത്യേക സ്ഥലങ്ങൾ നീക്കിവെക്കണമെന്നും വ്യക്തമാക്കുന്ന കത്ത് ഔദ്യോഗിക വകുപ്പുകൾ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും കോഫി ഷോപ്പുകൾക്കും കൈമാറിയതായാണ് കിംവദന്തികൾ പ്രചരിക്കുന്നത്.
ബന്ധപ്പെട്ട വകുപ്പുകൾ കൈമാറിയതെന്ന പേരിൽ കത്തും പ്രചരിക്കുന്നുണ്ട്. ഈ കത്ത് വ്യാജമാണെന്നും ഒറ്റയടിക്കു തന്നെ ഇത് വ്യാജമാണെന്ന് ആർക്കും വ്യക്തമാകുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. ആഭ്യന്തര മന്ത്രിയുടെ പേരിനു മുമ്പായി ഹിസ് എക്സലൻസി (സആദ) എന്ന വാക്കാണ് വ്യാജ കത്തിൽ ഉപയോഗിച്ചിരിക്കുന്നത്. രാജകുമാരന്മാരുടെ വിശേഷണമായി ഈ വാക്ക് സൗദിയിൽ ഉപയോഗിക്കാറില്ല. പകരം ഹിസ് ഹൈനസ് (സുമുവ്വ്) എന്ന വാക്കാണ് ഉപയോഗിക്കുന്നത്. ഇതിൽ നിന്നു തന്നെ കത്ത് വ്യാജമാണെന്ന് ആർക്കും ബോധ്യപ്പെടും. ഇത്തരം കത്തുകൾ നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും സൈബർ ക്രൈം നിയമം അനുസരിച്ച് ശിക്ഷയായി തടവും പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.






