തബൂക്ക് - ജോർദാനിൽ നിന്നുള്ള ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് റോഡിലൂടെ അലഞ്ഞു നടന്ന ഒട്ടകക്കൂട്ടത്തിൽ ഇടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. ഏതാനും പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
തബൂക്ക്-മദീന റോഡിൽ തൈമായിൽ നിന്ന് 40 കിലോമീറ്റർ ദൂരെ വെള്ളിയാഴ്ച രാത്രിയാണ് അപകടം. ഉംറ കർമം നിർവഹിച്ച് സ്വദേശത്തേക്ക് മടങ്ങുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. ബസിൽ 53 യാത്രക്കാരാണുണ്ടായിരുന്നത്. ഒരാൾ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടാമൻ ഇന്നലെ രാവിലെ ആശുപത്രിയിൽ വെച്ചാണ് അന്ത്യശ്വാസം വലിച്ചത്. റെഡ് ക്രസന്റ് പ്രവർത്തകരും ആരോഗ്യ വകുപ്പ് സംഘങ്ങളും സിവിൽ ഡിഫൻസ് അധികൃതരും രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ തൈമാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി തബൂക്ക് റെഡ് ക്രസന്റ് വക്താവ് നബീൽ അൽഅനസി അറിയിച്ചു. നിസ്സാര പരിക്കേറ്റവർക്ക് സംഭവസ്ഥലത്തു വെച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകി. പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ആരോഗ്യ പരിചരണങ്ങൾ നൽകുന്നതിനും അവശേഷിക്കുന്നവർക്ക് സ്വദേശത്തേക്ക് തിരിച്ചുപോകുന്നതു വരെ ആവശ്യമായ എല്ലാവിധ സഹായങ്ങളും നൽകുന്നതിനും തബൂക്ക് ഗവർണർ ഫഹദ് ബിൻ സുൽത്താൻ രാജകുമാരൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. പരിക്കേൽക്കാത്ത യാത്രക്കാർക്ക് അനുയോജ്യമായ താമസ സൗകര്യം നൽകിയിരുന്നു.
ബന്ധപ്പെട്ട വകുപ്പുകൾ ഏർപ്പെടുത്തിയ ബദൽ ബസിൽ ആറു പേർ ഒഴികെയുള്ള തീർഥാടകർ ഇന്നലെ ജോർദാനിലേക്ക് തിരിച്ചതായി തബൂക്ക് ഗവർണറേറ്റ് വക്താവ് അലി അൽഖഹ്താനി പറഞ്ഞു. ആറു പേർ ആശുപത്രിയിൽ ചികിത്സയിലാണ്.






