കുവൈത്തിൽ സർക്കാർ വിരുദ്ധ കലാപങ്ങൾക്ക്  വിദേശ ശക്തികൾ ശ്രമിക്കുന്നു -സ്പീക്കർ

മർസൂഖ് അൽഗാനം

റിയാദ് - കുവൈത്തിൽ സർക്കാർ വിരുദ്ധ കലാപങ്ങൾ ഇളക്കിവിടുന്നതിന് വിദേശ ശക്തികൾ ശ്രമിക്കുന്നതായി കുവൈത്ത് പാർലമെന്റ് സ്പീക്കർ മർസൂഖ് അൽഗാനം പറഞ്ഞു. രണ്ടു എം.പിമാരുടെ പാർലമെന്റ് അംഗത്വം റദ്ദാക്കിയ കേസ് മുതലെടുത്ത് രാജ്യത്ത് അറബ് വസന്തമെന്ന പേരിൽ അറിയപ്പെടുന്ന ജനകീയ കലാപങ്ങൾ ഇളക്കിവിടുന്നതിനും ഭരണഘടന മരവിപ്പിക്കുന്നതിനും പാർലമെന്റ് പിരിച്ചുവിടുന്നതിനും വിദേശ ശക്തികൾ ശ്രമിക്കുന്നുണ്ട്. ഭരണഘടന മരവിപ്പിക്കുകയും ആളുകൾ തെരുവിലിറങ്ങുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിലേക്ക് രാജ്യത്തെ തള്ളിയിടുന്നതിനും കുവൈത്തിൽ പുതിയ അറബ് വസന്തം സൃഷ്ടിക്കുന്നതിനുമാണ് വിദേശ ശക്തികൾ ലക്ഷ്യമിടുന്നത്. മേഖലയിൽ പല രാജ്യങ്ങളും സംഘർഷങ്ങളുടെ പിടിയിലാണ്. മേഖലയിലെ രാഷ്ട്രീയ സംഘർഷങ്ങളുടെ ബലാബലത്തിന്റെ മറ്റൊരു പരീക്ഷണ ശാലയായി കുവൈത്തിനെ മാറ്റുന്നതിനെതിരെ സ്പീക്കർ മുന്നറിയിപ്പ് നൽകി. 
പാർലമെന്റ് ആസ്ഥാനത്ത് ഇരച്ചുകയറിയ കേസിലാണ് എം.പിമാരായ വലീദ് അൽത്വബ്തബാഇയുടെയും ജംആൻ അൽഹർബശിന്റെയും അംഗത്വം റദ്ദാക്കിയത്. ഇപ്പോൾ വിദേശത്ത് കഴിയുന്ന ഇരുവരും ഖത്തർ അനുകൂലികളാണ്. കുവൈത്ത് ഭരണകൂടത്തിനും പാർലമെന്റിനും നേരെ ശക്തമായ പ്രചാരണം അഴിച്ചുവിടുന്നതിന് ഇവരുടെ പാർലമെന്റ് അംഗത്വം റദ്ദാക്കിയതിനെ മുതലെടുക്കുന്നതിന് ശ്രമമുണ്ട്. ഈ പശ്ചാത്തലത്തിലാണ് സ്പീക്കർ മർസൂഖ് അൽഗാനം മൗനം വെടിഞ്ഞ് രാജ്യത്തെ സംഘർഷങ്ങളിലേക്കും അശാന്തിയിലേക്കും തള്ളിവിടുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയത്. 
രണ്ടു എം.പിമാരുടെ അംഗത്വം റദ്ദാക്കുന്നതിലേക്ക് നയിച്ച സംഭവവികാസങ്ങൾ അരങ്ങേറിയത് 2011 ലായിരുന്നു. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എം.പിമാരും പ്രതിഷേധക്കാരും പാർലമെന്റ് ആസ്ഥാനത്തേക്ക് ഇരച്ചുകയറുകയായിരുന്നു. ബലപ്രയോഗത്തിലൂടെ പാർലമെന്റ് ആസ്ഥാനത്ത് പ്രവേശിക്കുന്നതും ഫർണിച്ചർ നശിപ്പിക്കുന്നതും സംഘർഷങ്ങൾക്ക് ശ്രമിക്കുന്നതും കുറ്റകൃത്യമാണ്. കേസിൽ വിചാരണ പൂർത്തിയാക്കി 2017 ൽ വലീദ് അൽത്വബ്തബാഇയെയും ജംആൻ അൽഹർബശിയെയും കോടതി മൂന്നു വർഷം വീതം തടവിന് ശിക്ഷിച്ചു. മുസ്‌ലിം ബ്രദർഹുഡ് അനുകൂല കക്ഷി എം.പിയാണ് വലീദ് അൽത്വബ്തബാഇ. സ്വതന്ത്ര ഇസ്‌ലാമിസ്റ്റ് ആണ് താനെന്ന് ജംആൻ അൽഹർബശ് വാദിക്കുന്നു. കീഴ്‌കോടതി വിധി മേൽകോടതി ശരിവെച്ചതിനെ തുടർന്ന് ഇരുവരുടെയും പാർലമെന്റ് അംഗത്വം റദ്ദാക്കുന്നതിന് ദിവസങ്ങൾക്കു മുമ്പ് പാർലമെന്റ് തീരുമാനിക്കുകയായിരുന്നു.

 

 

Latest News