കോട്ടയം - കോട്ടയം മണ്ഡലം ഇത്തവണ ജനാധിപത്യ കേരള കോൺഗ്രസിന് നൽകുമോ? ഇതുവരെയും ഇടതു ഘടക കക്ഷികൾക്ക് കോട്ടയം ബാലികേറാമലയായി തുടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ചോദ്യം ഉയരുന്നത്. ജനതാദൾ മത്സരിച്ചപ്പോഴെല്ലാം പരാജയപ്പെട്ടു. സി.പി.എം, കോൺഗ്രസ് കൂടാതെ സമീപകാലത്ത് വിജയിച്ച ചരിത്രം കേരള കോൺഗ്രസ് എമ്മിന് മാത്രം സ്വന്തം. ഇടതു ചേരിയിൽ നിൽക്കുമ്പോൾ കോൺഗ്രസിലെ കെ.എം ചാണ്ടിയെ തോൽപിച്ചാണ് സ്‌കറിയാ തോമസ് കുതിരപ്പുറത്തേറി വിജയം കൊയ്തത്. ഇത്തവണ അതുകൊണ്ടു തന്നെ മണ്ഡലം സിപിഎം ഏറ്റെടുക്കുകയോ അല്ലെങ്കിൽ എൽഡിഎഫിലെ കേരള കോൺഗ്രസ് ആയ ജനാധിപത്യ കേരള കോൺഗ്രസിന് വിട്ടു നൽകുകയോ ചെയ്യാം. ഇത്തരമൊരു സാധ്യത തള്ളിക്കളയുന്നില്ല.
ജനാധിപത്യ കേരള കോൺഗ്രസിന് സീറ്റു നൽകിയാൽ സ്ഥാനാർഥി മുൻ ഇടുക്കി എം.പി കൂടിയായ ഫ്രാൻസിസ് ജോർജായിരിക്കും. കേരള കോൺഗ്രസ് സ്ഥാപക നേതാവ് കെ.എം ജോർജിന്റെ മകൻ. കോട്ടയം-ഇടുക്കി മണ്ഡലങ്ങളിലെ കേരള കോൺഗ്രസ് നേതാക്കൾക്ക് സുപരിചിതൻ. ഇതൊക്കെയാണ് ഫ്രാൻസിസ് ജോർജിന് അനൂകുലമായ ഘടകങ്ങൾ. ഫ്രാൻസിസ് ജോർജിന് ഇത്തരത്തിലുളള ചില സൂചനകൾ ഇടതുമുന്നണി നേതാക്കൾ നൽകിയതായി പറയുന്നു. ഇതോടെ യുഡിഎഫ് ക്യാമ്പും ആശങ്കയിലാണ്. കോട്ടയത്തെ മത്സരം കടുക്കുമോ എന്നാണ് അവരുടെ ആശങ്ക.
കേരളാ കോൺഗ്രസ് എമ്മിലും യുഡിഎഫിലുമുള്ള ഭിന്നത മുതലെടുക്കാനാണ് ഇടതു ശ്രമം. അതിന് ഫ്രാൻസിസ് ജോർജ് നല്ല സ്ഥാനാർഥിയായി അവർ കാണുന്നു. കോട്ടയം സീറ്റ് കേരളാ കോൺഗ്രസിന് നൽകുന്ന നടപടിയെ വർഷങ്ങളായി ജില്ലയിലെ പ്രാദേശിക നേതാക്കളുടെ എതിർപ്പിനിടയാക്കിയിട്ടുണ്ട്. കോൺഗ്രസിലെ പ്രാദേശിക നേതാക്കൾ പലപ്പോഴും തെരഞ്ഞെടുപ്പിൽ മാണി ഗ്രൂപ്പിനെ സഹായിച്ചിട്ടില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ മനോഭാവമാണ് മുന്നണി വിടാൻ ഒരു ഘട്ടത്തിൽ അവരെ പ്രേരിപ്പിച്ചത്. മടങ്ങിവന്നപ്പോൾ കോൺഗ്രസ് നേതൃത്വം ചില വിട്ടുവീഴ്ചകൾ നടത്തി. അതിലൊന്നാണ് രാജ്യസഭാ സീറ്റ്.
നിലവിലുള്ള ഈ സാഹചര്യങ്ങൾ മുതലെടുക്കാനാണ് എൽഡിഎഫ് ശ്രമം. ഇതിനായി ജനാധിപത്യ കേരളാ കോൺഗ്രസുമായി ചർച്ച നടത്തിയതായി സൂചനയുണ്ട്. നിലവിൽ കേരളാ കോൺഗ്രസിന് വളക്കൂറുള്ള മണ്ണിൽ മാണി ജോസഫ് ഭിന്നത മുതലെടുത്ത് വിജയിക്കാമെന്നാണ് എൽഡിഎഫ് കരുതുന്നത്. ഇതിനായി ഫ്രാൻസിസ് ജോർജ്ജിനെ രംഗത്തിറക്കാനാണ് നീക്കം. അടുത്തിടെ ഇടതുമുന്നണി മുന്നണിയുടെ ഭാഗമായ ഫ്രാൻസിസ് ജോർജ്ജും ജനാധിപത്യ കേരളാ കോൺഗ്രസ്സും കോട്ടയത്ത് മത്സരിച്ചാൽ നിലവിൽ കോട്ടയത്ത് മാണിയോട് എതിർപ്പുള്ള വോട്ടുകൾ സ്വന്തമാക്കി വിജയിക്കാനാവും. കെഎം ജോർജിനോട് കേരളാ കോൺഗ്രസ് പ്രവർത്തകർക്ക് ഇപ്പോഴും പ്രത്യേക സ്‌നേഹമുണ്ട്. ഇതേ വാത്സല്യം മകനോടും ഉള്ളതായാണ് വിലയിരുത്തൽ
കേരള കോൺഗ്രസ് എമ്മിനെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമർഹിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഒന്നാണ് ഇത്തവണത്തേത്. നിലവിൽ മകൻ ജോസ് കെ മാണി രാജ്യസഭാ എംപി ആയതിനാൽ മാണിക്ക് ശക്തനായ ഒരു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാവില്ല. പുറത്തുനിന്നു ഒരാളെ കൊണ്ടുവന്നു മത്സരിപ്പിച്ചാൽ അത് തന്റെ തന്നെ നിലനിൽപ്പിനു ബാധിച്ചേക്കുമോ എന്ന ഭയവും മാനിക്കുണ്ട്. കേരളാ കോൺഗ്രസിൽ നിന്നും ലോക്‌സഭയിലെത്തിയവരെല്ലാം പിന്നീട് കളം മാറി ചവുട്ടിയിട്ടുണ്ട്. ഇത് ആവർത്തിക്കാതിരിക്കാൻ കുടുംബത്തിൽ നിന്നും തന്നെ ഒരാളെ കൊണ്ടുവരാനാണ് പാർട്ടി ശ്രമിക്കുന്നതത്രെ. ജോസഫ് വിഭാഗവും സീറ്റിൽ കണ്ണുടക്കിയതോടെ സുഗമമായ സ്ഥാനാർഥി നിർണയം പാർട്ടിക്ക് അത്ര എളുപ്പമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ മതം. ഇതോടൊപ്പം ജോസഫ് ഗ്രൂപ്പ് കൂടി ഇടഞ്ഞാൽ ഫ്രാൻസിസ് ജോർജിന് വഴി എളുപ്പമാണ്. കേരള കോൺഗ്രസിനോട് താൽപര്യമില്ലാത്ത കോൺഗ്രസ് പ്രവർത്തകരും ഫ്രാൻസിസ് ജോർജിനെ തുണയ്ക്കും. കോട്ടയം പിടിക്കുക എന്നത് ഇടതു മുന്നണിയുടെ പ്രസ്റ്റീജായതിനാൽ എന്തു വിട്ടുവീഴ്ചയ്ക്കും അവരും തയാറായേക്കും.
കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ യുഡിഎഫിന് മേൽക്കൈ ഉണ്ടെന്നതാണ് യുഡിഎഫിനെയും മാണി ഗ്രൂപ്പിനെയും തുണയ്ക്കുന്ന വികാരം. ഏറ്റുമാനൂരും വൈക്കവും എൽഡിഎഫ് മണ്ഡലങ്ങളാണ്. പാലായും കടുത്തുരുത്തിയും, ചങ്ങനാശേരിയും കേരള കോൺഗ്രസ് വിജയിച്ച അസംബഌ മണ്ഡലങ്ങളാണ്. കോട്ടയവും പുതുപ്പള്ളിയും കോൺഗ്രസ് മണ്ഡലങ്ങളും.