Sorry, you need to enable JavaScript to visit this website.

പ്രവാസി വോട്ടർമാർ വടക്കൻ  കേരളത്തിൽ ശ്രദ്ധനേടും

മലപ്പുറം- പ്രവാസി വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ റെക്കോർഡ് വർധന ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ ഘടകമാകും. ഏറ്റവും കൂടുതൽ പ്രവാസി വോട്ടർമാരുള്ള വടക്കൻ ജില്ലകളിലാണ് ഇത് വോട്ടെടുപ്പിൽ പ്രതിഫലിക്കുക. 
കോഴിക്കോട്, മലപ്പുറം, കണ്ണൂർ മേഖലകളിൽ പ്രവാസി മലയാളികളുടെ വോട്ടുകളെ സ്വാധീനിക്കാൻ മുന്നണികൾ പ്രത്യേക പ്രവർത്തനങ്ങൾ നടത്തും. കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയമുണ്ടാകുന്ന മണ്ഡലങ്ങളിൽ നിർണായക ശക്തിയാവാൻ വരെ പ്രവാസി വോട്ടുകൾ ഇത്തവണ പ്രബലമായേക്കും.
സംസ്ഥാനത്ത് ഇത്തവണ അംഗീകരിക്കപ്പെട്ടിട്ടുള്ള മൊത്തം പ്രവാസി വോട്ടുകളിൽ മുക്കാൽ ഭാഗവും കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ്. ഏറ്റവും കൂടുതൽ പ്രവാസികൾക്ക് വോട്ടവകാശമുള്ള തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. കേരളത്തിൽ മൊത്തം 66,584 വിദേശ മലയാളികൾക്കാണ് വോട്ടവകാശം ലഭിച്ചിരിക്കുന്നത്. ഇതിൽ 49,000 പേർ ഈ മൂന്നു ജില്ലകളിൽ നിന്നാണ്. ഏറ്റവും കൂടുതൽ പേർ കോഴിക്കോട് ജില്ലയിലാണ് - 22,241 പേർ. മലപ്പുറത്ത് 15,298, കണ്ണൂരിൽ 11,060 എന്നിങ്ങിനെയാണ് മറ്റു രണ്ടു ജില്ലകളിലെ പ്രവാസി വോട്ടർമാർ.
കടുത്ത മൽസരം നടക്കുന്ന മണ്ഡലങ്ങളിൽ ജയപരാജയങ്ങളെ നിർണയിക്കാൻ വരെ പ്രവാസി വോട്ടുകൾ ഇടയാക്കിയേക്കാം. ഇരു മുന്നണികളും പ്രത്യേക താൽപര്യമെടുത്ത് ഇത്തവണ പ്രവാസികളെ വോട്ടർ പട്ടികയിൽ ചേർക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നു. കേരളത്തിൽ മൊത്തം 77,000 പ്രവാസികളാണ് വോട്ടവകാശത്തിന് അപേക്ഷ നൽകിയിരുന്നത്. ബൂത്ത് ലെവൽ ഓഫീസർ വീടുകളിലെത്തി പരിശോധന നടത്തിയാണ് അപേക്ഷകൾ അംഗീകരിച്ചിരുന്നത്. അതേസമയം, പല അപേക്ഷകരുടെയും വീടുകളിൽ ബൂത്ത് ലെവൽ ഓഫീസർമാർ എത്തിയിരുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു.
വടക്കൻ കേരളത്തിൽ പ്രവാസി പ്രശ്‌നങ്ങൾ പ്രചാരണ വിഷയമാകുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്. ഗൾഫ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നാട്ടിൽ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവർക്ക് ഫലപ്രദമായ പുനരധിവാസ പദ്ധതികൾ നടപ്പാക്കുന്നില്ലെന്ന പരാതി ഗൾഫ് മലയാളികൾക്കിടയിൽ വ്യാപകമായുണ്ട്. അതേസമയം, സംസ്ഥാന ബജറ്റിൽ ഇത്തവണ പ്രവാസികൾക്കായി പ്രഖ്യാപിച്ച പദ്ധതികളെ ഇടതു മുന്നണി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉയർത്തിക്കാട്ടും. ഗൾഫിൽ മരണമടയുന്നവരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ നോർക്കക്ക് കീഴിൽ പദ്ധതി തുടങ്ങുമെന്ന പ്രഖ്യാപനം പ്രവാസികളെ ആശ്വസിപ്പിക്കുന്നതാണ്. പുനരധിവാസ പദ്ധതിക്കായി തുക വകയിരുത്തിയതും ഇടതു മുന്നണി ഇത്തവണ പ്രവാസികൾക്കിടയിൽ പ്രചാരണ വിഷയമാക്കും. കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനവും പ്രവാസി വോട്ടർമാരെ സ്വാധീനിക്കാൻ കഴിയുന്നതാണ്. അതേസമയം, കണ്ണൂർ വിമാനത്താവളത്തിന് ഇന്ധന നികുതി കുറച്ചു നൽകുകയും കരിപ്പൂർ വിമാനത്താവളത്തെ അവഗണിക്കുകയും ചെയ്തത് പ്രവാസി വോട്ടർമാർക്കിടയിൽ സജീവ ചർച്ചയായേക്കും.
വോട്ടവകാശം ലഭിച്ച പ്രവാസികൾ എത്ര പേർ വോട്ടു ചെയ്യാൻ നാട്ടിലെത്തുമെന്ന് വ്യക്തമല്ല. അതേസമയം, പരമാവധി പേരെ നാട്ടിലെത്തിച്ച് വോട്ടു ചെയ്യിക്കാൻ മുൻകാലങ്ങളെ പോലെ പ്രധാന പാർട്ടികളുടെ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ ഊർജിത ശ്രമം ഇത്തവണയും ഉണ്ടായേക്കും.

Latest News