Sorry, you need to enable JavaScript to visit this website.

എന്‍ഡോസള്‍ഫാന്‍ ഇരകളെ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ മന്ത്രി ശൈലജ

തിരുവനന്തപുരം- സെക്രട്ടേറിയറ്റിന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളായ കുട്ടികളെ പ്രദര്‍ശിപ്പിച്ച് സമരം ചെയ്യുന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വെള്ളിയാഴ്ച റവന്യൂ മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സമരം തുടങ്ങി നാല് ദിവസമായിട്ടും സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ഇരകളെ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന ആരോപണം ഉയരുന്നതിനിടെയാണ് ആരോഗ്യമന്ത്രിയുടെ പ്രസ്താവന. ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലേക്ക് സങ്കട യാത്ര നടത്തുമെന്നും സമരം നടത്തുന്ന ഇരകളുടെ കുടുംബങ്ങള്‍ വ്യക്തമാക്കി.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കിയെന്ന് അവരെ അറിയിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമരത്തിനെതിരെ ആരോഗ്യമന്ത്രി രംഗത്തു വന്നത്. കുട്ടികളെ സമരപ്പന്തലിലിരുത്തി കഷ്ടപ്പെടുത്തുകയാണെന്നും സമരം തുടരുന്നതിന്റെ ലക്ഷ്യം എന്താണെന്ന് അറിയില്ലെന്നും കെ.കെ ശൈലജ പറഞ്ഞു. നേരത്തേ സമരത്തിന്റെ മുന്നില്‍ പ്രമുഖരുണ്ടായിരുന്നു ഇപ്പോള്‍ അവരെ കാണാനില്ലെന്നും മന്ത്രി ശൈലജ പറഞ്ഞു.

ആരോഗ്യമന്ത്രി കുറ്റബോധം കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് ഇരകളോട് പിന്തുണ പ്രഖ്യാപിച്ച് ഒപ്പം സമരം ചെയ്യുന്ന സാമൂഹ്യപ്രവര്‍ത്തക ദയാബായി പറഞ്ഞു. മനഃസാക്ഷിയുണ്ടെങ്കില്‍ സമരം ശരിയാണോ എന്ന് മന്ത്രി ചിന്തിക്കണം. കുട്ടികളെ പ്രദര്‍ശിപ്പിക്കുകയല്ല, ഇവിടെ ഇങ്ങിനേയും ചിലരുണ്ടെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയാണെന്നും അവര്‍ പറഞ്ഞു.

 

 

Latest News