കൊച്ചി- ജിദ്ദയില്‍ നഴ്‌സായിരുന്ന ആന്‍ലിയയെ ദുരൂഹ സാഹചര്യത്തില്‍ ആലുവ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതിയും ഭര്‍ത്താവുമായ വി.എം. ജസ്റ്റിന്റെ റിമാന്‍ഡ് 14 വരെ നീട്ടി. ചാവക്കാട് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് നീട്ടിയത്. പ്രതി പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന വാദം അംഗീകരിച്ചാണ് റിമാന്‍ഡ് നീട്ടിയത്. മറ്റൊരു പ്രതിക്കൊപ്പം കൈയില്‍ വിലങ്ങ് അണിയിച്ചാണ് ഇന്ന് ജയിലില്‍നിന്നു ജസ്റ്റിനെ പോലീസ് കോടതിയിലെത്തിച്ചത്.
മകളുടെ മരണത്തില്‍ ഭര്‍തൃവീട്ടുകാരുടെ നടപടികളില്‍ സംശയമുണ്ടെന്നും മകളെ കൊന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ആന്‍ലിയയുടെ പിതാവ് ഫോര്‍ട്ട്‌കൊച്ചി നസ്രേത്ത് പാറയ്ക്കല്‍ ഹൈജിനസ് തൃശൂര്‍ സിറ്റി കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണാക്കുറ്റം എന്നിവയാണ് പോലീസ് പ്രതിക്കെതിരെ ചുമത്തിയത്. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയ ഉടനെയാണ് ജസ്റ്റിന്‍ കീഴടങ്ങിയത്.