അമേരിക്കയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ട്രാക്കിംഗ് ഉപകരണങ്ങള്‍ ഘടിപ്പിച്ചു

ഹൈദരാബാദ്- അമേരിക്കയില്‍ വ്യാജ യൂനിവേഴ്‌സിറ്റി വിസാ തട്ടിപ്പില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ട്രാക്കിംഗ് ഉപകരണങ്ങള്‍ ഘടിപ്പിച്ച ശേഷമാണ് പോലീസ് വിട്ടയച്ചതെന്ന് റിപ്പോര്‍ട്ട്. യൂനിവേഴ്‌സിറ്റി ഓഫ് ഫാമിംഗ്ടണ്‍ തട്ടിപ്പിനിരയായ വിദ്യാര്‍ഥികളുടെ നീക്കം നിയന്ത്രിക്കുന്നതിനാണ് അധികൃതര്‍ ഇങ്ങനെ ചെയ്തത്. ട്രാക്കര്‍ ഘടിപ്പിച്ച ശേഷം ഒരു വിദ്യാര്‍ഥിനിക്ക് ഭൂപടം നല്‍കി നിശ്ചിത അതിര്‍ത്തിക്ക് പുറത്തുപോകരുതെന്ന് നിര്‍ദേശിച്ചതായി അറ്റ്‌ലാന്‍ഡയിലെ ലീഗല്‍ കണ്‍സള്‍ട്ടന്റ് ഫാനി ബൊബ്ബ പറഞ്ഞു. ഉപകരണത്തില്‍ ചാര്‍ജുണ്ടെന്ന് ഉറപ്പുവരുത്താന്‍ അധികം ബാറ്ററി നല്‍കിയതായും വിദ്യാര്‍ഥിനി അഭിഭാഷകരോട് പറഞ്ഞു. 14 മണിക്കൂറോളം തടവില്‍ വെച്ച ശേഷമാണ് ഇവരുടെ ഇമിഗ്രഷേന്‍ പദവിയെ കുറിച്ചുള്ള അന്വേഷണം പൂര്‍ത്തയാകുന്നതുവരെ ട്രാക്കര്‍ ഘടിപ്പിച്ച ശേഷം പോകാന്‍ അനുവദിച്ചത്.
തടവിലാക്കിയ മുഴുവന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടേയും വിവരങ്ങള്‍ യു.എസ് ആഭ്യന്തര സുരക്ഷാ വിഭാഗത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിക്രൂട്ടിംഗ് നടത്തിയവരേയും ഇരകളായ വിദ്യാര്‍ഥികളേയും വേര്‍തിരിക്കണമെന്നും യു.എസ് അധികൃതരോട് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുമായി ബന്ധപ്പെടാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനോടും ഇന്ത്യന്‍ സംഘടനകളോടും നിര്‍ദേശിച്ചതായും സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

Latest News