ദല്‍ഹിയില്‍ ശിവസേനക്കാരുടെ തമാശ
ന്യൂദല്‍ഹി- പശുവിനെ കൊന്നത് എവിടെയാണന്നറിയാതെ പ്രതിഷേധിക്കാനത്തിയ ശിവസേനക്കാര്‍ തലസ്ഥാനത്ത് തമാശയായി. പശുവിനെ കൊന്നവരെ തൂക്കിക്കൊല്ലണമെന്നായിരുന്നു ഇവരുടെ മുദ്രാവാക്യം. എവിടെയാണ് പശുവിനെ കൊന്നതെന്ന് ചോദിച്ചപ്പോഴാണ് അമ്പരിപ്പിക്കുന്ന മറുപടി. എവിടെയൊ കൊന്നിട്ടുണ്ടെന്നാണ് പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ അഞ്ച് പേരും പറഞ്ഞത്.
ദല്‍ഹി കേരള ഹൗസിനു മുന്നില്‍ ശിവസേന നടത്തിയ പ്രതിഷേധത്തിലാണ് ഇവര്‍ ഊര്‍ജസ്വലതയോടെ മുദ്രാവാക്യം മുഴക്കിയത്.
സത്യത്തില്‍ പ്രതിഷേധം കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാളക്കുട്ടിയെ പരസ്യമായി അറുത്തു പ്രതിഷേധിച്ച സംഭവത്തിലായിരുന്നു. ഇതൊന്നുമറിയാതെ എത്തിയവരാണ് കേരള ഹൗസിനു മുന്നില്‍ ജന്ദര്‍മന്തറില്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്തത്. നേതാക്കള്‍ വിളിച്ചു കൊടുത്ത മുദ്രാവാക്യം മുപ്പതോളം വരുന്ന അണികള്‍ ഏറ്റു വിളിച്ചു. അതിനിടെ, ഗോ ഹത്യ നടത്തിയവരെ തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്ന് ശിവസേന ദല്‍ഹി പ്രസിഡന്റ് നീരജ് സേത്തി മാധ്യമങ്ങളോടു പറഞ്ഞു.
കണ്ണൂരില്‍ കാളക്കുട്ടിയെ പരസ്യമായി കശാപ്പ് ചെയ്ത സംഭവത്തില്‍ യുവമോര്‍ച്ചയും ദല്‍ഹിയില്‍ പ്രതിഷേധ പ്രകടനം നടത്തി. യുവമോര്‍ച്ച ദല്‍ഹി ഘടകം കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിലാണ് കലാശിച്ചത്. എഐസിസി ആസ്ഥാനത്തിനു മുന്നില്‍ ഗോ പൂജ നടത്താന്‍ പശുക്കുട്ടിയുമായാണ് യുവമോര്‍ച്ച പ്രവര്‍ത്തകരെത്തിയത്. ചാനല്‍ ക്യാമകറകള്‍ കണ്ടതോടെ പ്രതിഷേധത്തിനെത്തിയ എല്ലാവര്‍ക്കും പശുക്കുട്ടിയെ തൊട്ടു നില്‍ക്കാന്‍ മോഹം. തിക്കും തിരക്കും തന്റെ മേലായതോടെ പശുക്കുട്ടിയുടെ കാര്യം പരിങ്ങലിലായി. ഒടുവില്‍ ഒരു ഓട്ടോറിക്ഷയില്‍ ബലംപ്രയോഗിച്ച് തള്ളിക്കയറ്റിയാണ് പശുക്കിടാവിനെ ഇവിടെ നിന്ന് കൊണ്ടുപോയത്.
പ്രതിഷേധവുമായി നീങ്ങിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞു. ഇത് മറികടന്ന പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഒടുവില്‍ ജലപീരങ്കി പ്രയോഗിച്ചാണ് പോലീസ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. പ്രതിഷേധക്കാര്‍ സോണിയയുടെയും രാഹുലിന്റെയും കോലവും കത്തിച്ചു.