കര്‍ഷകരുടെ ആത്മാഭിമാനത്തെ പരിഹസിക്കുന്ന ബജറ്റെന്ന് രാഹുല്‍

ന്യൂദല്‍ഹി- അജ്ഞതയും ധിക്കാരവും നിറഞ്ഞ ഭരണത്തിലൂടെ അഞ്ചു വര്‍ഷം കൊണ്ട് കര്‍ഷകരുടെ ജീവിതം തരിപ്പണമാക്കിയ മോഡി സര്‍ക്കാര്‍, പ്രതിദിനം 17 രൂപ വീതം നല്‍കുന്നത് അവരുടെ ജോലിയെയും ആത്മാഭിമാനത്തെയും പരിഹസിക്കുന്ന നടപടിയാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പരിഹാസം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ ധനമന്ത്രി കൂടിയായ പി.ചിദംബരം, ശശി തരൂര്‍ എംപി തുടങ്ങിയവരും ബജറ്റിനെ വിമര്‍ശിച്ച് രംഗത്തെത്തി.

തിരഞ്ഞെടുപ്പു മുന്നില്‍ കണ്ട് ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയാണ് ബജറ്റെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിമര്‍ശിച്ചു. ബജറ്റില്‍ വാഗ്ദാനങ്ങളുടെ പെരുമഴ സമ്മാനിച്ച ബിജെപി, തിരഞ്ഞെടുപ്പിനു മുന്‍പ് വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കിയിരിക്കുകയാണെന്നും ഖാര്‍ഗെ ആരോപിച്ചു. മേയില്‍ കാലാവധി തീരുന്ന മോഡി സര്‍ക്കാര്‍ ആദായനികുതിയിളവ് പ്രഖ്യാപിച്ചത് തമാശ’ മാത്രമാണെന്നും ഖാര്‍ഗെ പരിഹസിച്ചു.

ഇടക്കാല ബജറ്റെന്ന പേരില്‍ നീണ്ട ബജറ്റ് പ്രസംഗം നടത്തി എല്ലാവരുടെയും ക്ഷമ പരീക്ഷിച്ചിരിക്കുകയാണ് ഇടക്കാല ധനമന്ത്രിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം വിമര്‍ശിച്ചു. ഇത് ഇടക്കാല ബജറ്റല്ല, വലുപ്പിത്തില്‍ സമ്പൂര്‍ണ ബജറ്റ് തന്നെയാണ്. തെരഞ്ഞെടുപ്പു പ്രചാരണ പ്രസംഗമാണ് പീയൂഷ് ഗോയല്‍ നടത്തിയതെന്നും ചിദംബരം പരിഹസിച്ചു. ബജറ്റില്‍ വിദ്യാഭ്യാസം, തൊഴിലവസരം എന്നീ രണ്ടു വാക്കുകള്‍ കാണാന്‍ പോലുമില്ലെന്നും ചിദംബരം ചൂണ്ടിക്കാട്ടി.
പ്രതിവര്‍ഷം കര്‍ഷകര്‍ക്ക് 6000 രൂപ നല്‍കുമെന്ന പ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂരും രംഗത്തെത്തി. പ്രതിവര്‍ഷം 6000 രൂപയെന്നു പറയുമ്പോള്‍ മാസം ലഭിക്കുക 500 രൂപ മാത്രമാണ്. ആത്മാഭിമാനത്തോടെ ജീവിക്കാന്‍ കര്‍ഷകരെ പ്രാപ്തരാക്കാന്‍ ഉതകുന്ന തുകയാണോ ഇതെന്നും തരൂര്‍ ചോദിച്ചു.

 

Latest News