കൊടുതണുപ്പില്‍ വിറങ്ങലിച്ചു യു.കെ. കാലാവസ്ഥ മോശമായതോടെ ഹീത്രൂവില്‍ നിന്നുമുള്ള ഹൃസ്വദൂര വിമാനങ്ങള്‍ ബ്രിട്ടീഷ് എയര്‍വേസ് റദ്ദാക്കി. ഇന്ന് സ്ഥിതി കൂടുതല്‍ മോശമാകുമെന്നാണ് മുന്നറിയിപ്പ്.
ഐസ് നിറഞ്ഞ് ദുര്‍ഘടമായ റോഡാണ് വാഹനങ്ങളെ കാത്തിരിക്കുന്നത്. വിമാനങ്ങള്‍ റദ്ദാക്കുകയും, റെയില്‍വെ ലൈനുകള്‍ അടച്ചിടുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ വര്‍ഷത്തിലെ ഏറ്റവും തണുപ്പേറിയ അന്തരീക്ഷമാണ്. ജീവന് ഹാനികരമായ ആംബര്‍ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചത്.
ഈ വര്‍ഷത്തെ ഏറ്റവും കടുപ്പമേറിയ ദിനമാണ് ബ്രിട്ടീഷ് ജനത അഭിമുഖീകരിച്ചത്. മെറ്റ് ഓഫീസ് മുന്നറിയിപ്പ് ശരിവച്ചു കൊടും ശൈത്യമായിരുന്നു കഴിഞ്ഞ രാത്രി. താപനില മൈനസ് 14 വരെയെത്തി. ആറ് ഇഞ്ച് കനത്തില്‍ മഞ്ഞുവീഴ്ച ഉണ്ടായി. ഗതാഗത സ്തംഭനം രൂക്ഷമായി. ഹൈവേകളില്‍ നൂറുകണക്കിന് വാഹനങ്ങള്‍ ആണ് കുരുങ്ങിയത്.
സതേണ്‍ ഇംഗ്ലണ്ടും, വെയില്‍സും കനത്ത മഞ്ഞില്‍ മുങ്ങി. ട്രെയിനുകള്‍ പലതും റദ്ദാക്കി. ചിലതു വൈകുമെന്നാണ് മുന്നറിയിപ്പ്. നൂറുകണക്കിന് സ്കൂളുകള്‍ക്ക് അവധി നല്കി. .യുകെയുടെ മിക്ക ഭാഗങ്ങളിലും 10 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്കി. പവര്‍കട്ടുണ്ടാകാനും ഗ്രാമപ്രദേശങ്ങള്‍ ഒറ്റപ്പെട്ടു പോകാനും സാധ്യതുണ്ടെന്നും മുന്നറിയിപ്പുണ്ട്.