പബ്ജി നിരോധിക്കണമെന്നാവശ്യപ്പെട്ട്  പതിനൊന്ന് വയസുകാരന്റെ  ഹര്‍ജി 

ജനപ്രിയ മൊബൈല്‍ ഗെയിമായ പബ്ജി നിരോധിക്കണമെന്നാവശ്യപ്പെട്ട് പതിനൊന്ന് വയസുകാരന്റെ ഹര്‍ജി. അഹ്മദ് നിസാം എന്ന വിദ്യാര്‍ഥിയാണ് മുംബൈ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.ഗെയിം നിരോധിക്കാന്‍ കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പബ്ജി ഗെയിം അക്രമം, കൈയേറ്റം, സൈബര്‍ ഭീഷണി തുടങ്ങിയവയെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് കാണിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. 
ഇന്റര്‍നെറ്റിലെ സമാനമായ ഗെയിമുകള്‍ നിരീക്ഷിക്കാന്‍ ഓണ്‍ലൈന്‍ എത്തിക്ക്‌സ് കമ്മിറ്റി രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ചീഫ് ജസ്റ്റിസ് എന്‍ എച്ച് പാട്ടീല്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്ലെയേഴ്‌സ് അണ്‍നോണ്‍ ബാറ്റില്‍ ഗ്രൗണ്ട് എന്ന പബ്ജി യുവാക്കളുടെയും കുട്ടികളുടെയും ഇടയില്‍ തരംഗമായി മാറിയ ഓണ്‍ലൈന്‍ ഗെയിമാണ്. 

Latest News