അസംഘടിത തൊഴിലാളികള്‍ക്ക് 3000 രൂപ പെന്‍ഷന്‍; 10 കോടി പേര്‍ക്ക് ഗുണകരമാകും

ന്യൂദല്‍ഹി- അസംഘടിത മേഖലയില്‍ തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷന്‍ നല്‍കുമെന്ന് ഇടക്കാല ധനമന്ത്രി പിയൂഷ് ഗോയല്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി ശ്രം യോഗി മന്ദന്‍’ എന്ന പദ്ധതിയിലൂടെ അസംഘടിത തൊഴിലാളികള്‍ക്ക് 
പ്രതിമാസം 100 രൂപ മാത്രം നല്‍കി പദ്ധതിയുടെ ഗുണഭോക്താവാകാം. അറുപതു വയസെത്തുന്നതോടെ പെന്‍ഷന്‍ കിട്ടും. വീട്ടുജോലിക്കാര്‍, െ്രെഡവര്‍, പ്ലംബര്‍, ഇലക്ട്രീഷ്യന്‍, ബാര്‍ബര്‍ തുടങ്ങി അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പത്തു കോടി തൊഴിലാളികള്‍ക്ക് പദ്ധതി ഗുണകരമാകും. 

രാജ്യത്തെ 50 കോടി തൊഴിലാളികളില്‍ 90 ശതമാനവും അസംഘടിത മേഖലയിലാണ്. കുറഞ്ഞ വേതനംപോലും ലഭിക്കാത്ത ഇവര്‍ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ തുടങ്ങിയ സാമൂഹിക സുരക്ഷാ പദ്ധതികളില്‍ ഇടം ലഭിക്കാത്തവരും. ഇതില്‍ 15,000 രൂപയിലേറെ മാസവരുമാനം നേടുന്നവര്‍ ഇഎസ്‌ഐസി (എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍), ഇപിഎഫ്ഒ (എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍) എന്നിവക്കു കീഴില്‍ ഉള്‍പ്പെടുന്നതിനാല്‍ ഇവര്‍ ആദ്യഘട്ടത്തില്‍ ഈ പുതിയ പെന്‍ഷന്‍ പദ്ധതിക്കു കീഴില്‍ വരില്ലെന്നാണ് സൂചന.

പത്തുകോടി തൊഴിലാളികള്‍ക്ക് പുതിയ പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ഗോയല്‍ പറഞ്ഞു. അഞ്ചു വര്‍ഷത്തിനകം ലോകത്തെ ഏറ്റവും വലിയ പെന്‍ഷന്‍ പദ്ധതിയായി ഇതു മാറിയേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.


 

Latest News