കൊച്ചി- നഗരത്തില്‍ സ്കൂട്ടര്‍ യാത്രക്കാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചൊവ്വാഴ്ച നടന്ന ദാരുണമായ സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കുമ്പളങ്ങി സ്വദേശിയായ തോമസാണ് പോലീസ് സംഘത്തിന്റെ കണ്മുന്നില്‍ കാറിടിച്ച് കൊല്ലപ്പെട്ടത്. പനമ്പിള്ളി നഗറിലെ വിനീത് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയ കാറിടിച്ചായിരുന്നു അപകടം. ലൂഥര്‍ ബെന്‍, ജോണ്‍പോള്‍ എന്നിവരാണ് വിനീതിനെ കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോയത്. വിനീതില്‍നിന്ന് പണം ആവശ്യപ്പെട്ട സംഘം വിനീതിന്റെ കാറില്‍തന്നെയാണ് യുവാവിനെ കയറ്റിക്കൊണ്ടുപോയത്. ഇതിനിടെ പോലീസ് വാഹന പരിശോധന നടത്തുന്നത് കണ്ട് ഇവര്‍ കാറിന്റെ വേഗംകുറച്ചു. ഈ സമയം വിനീത് കാറിന്റെ ഡോര്‍ തുറന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വാഹനം ഓടിച്ചിരുന്നയാള്‍ വേഗം കൂട്ടുകയും തൊട്ടുമുന്‍പിലുണ്ടായിരുന്ന തോമസിനെ ഇടിച്ചിടുകയുമായിരുന്നു. കാര്‍ സ്കൂട്ടറില്‍ ഇടിച്ചതിനിടെ വിനീത് ഡോര്‍ തുറന്ന് രക്ഷപ്പെടുകയും ചെയ്തു.
സംഭവത്തിനുശേഷം കാര്‍ ഉപേക്ഷിച്ച് കടന്ന ജോണ്‍പോളിനെയും ലൂഥര്‍ബെന്നിനെയും എറണാകുളം സൗത്ത് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികള്‍ക്കെതിരേ കൊലപാതകത്തിനും തട്ടിക്കൊണ്ടുപോകലിനും കേസെടുത്തതായി പോലീസ് പറഞ്ഞു. ഇരുവരും നേരത്തെയും പലരെയും ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.