ഫ്‌ളൈ ദുബൈ സർവീസ് ഇന്നു മുതൽ
സൗദിയ ജിദ്ദ സർവീസ് ഏഴായി
കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ മൂന്നിന് ഞായറാഴ്ച കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹ മന്ത്രി അൽഫോൺസ് കണ്ണന്താനം മുഖ്യാതിഥിയാവും. ഫ്‌ളൈ ദുബൈ സർവീസിന് ഇന്നു മുതൽ തുടക്കമാവും. സൗദിയ ജിദ്ദ സർവീസ് ഏഴായി വർധിച്ചു.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കുളള ഫ്‌ളൈ ദുബായ് വിമാന കമ്പനിയുടെ സർവീസുകൾക്ക് ഇന്നു മുതൽ തുടക്കമാവും. ഇന്ന് രാത്രി 8.20ന് ദുബായിൽ നിന്നും പുറപ്പെടുന്ന വിമാനം ശനിയാഴ്ച പുലർച്ചെ 1.45ന് കരിപ്പൂരിലെത്തും. തിരിച്ച് പുലർച്ചെ 3.05ന് പുറപ്പെട്ട് ദുബായ് സമയം 6.05ന് എത്തും. കരിപ്പൂരിൽ നിന്ന് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും ദുബായിൽ നിന്നും തിങ്കൾ, ബുധൻ, വെളളി ദിവസങ്ങളിലുമാണ് സർവീസ്. കരിപ്പൂരിൽ നിന്നും ദുബായിലേക്ക് സർവീസ് നടത്തുന്ന അഞ്ചാമത്തെ വിമാന കമ്പനിയാണ് ഫ്‌ളൈ ദുബൈ. ഈ മാസം അഞ്ചു മുതൽ ജിദ്ദയിലേക്ക് സൗദി എയർലൈൻസിന്റെ രണ്ട് അധിക സർവീസുകളും കരിപ്പൂരിൽ നിന്നും ആരംഭിക്കുന്നുണ്ട്. ചൊവ്വ, വ്യാഴം ദിവസങ്ങളിലായിരിക്കും ജിദ്ദയിലേക്ക് സൗദിയയുടെ അധിക സർവീസ്. ഇതോടെ ജിദ്ദയിലേക്ക് സൗദിയയുടെ സർവീസ് ഏഴായി വർധിക്കും. നിലവിൽ ജിദ്ദയിലേക്ക് അഞ്ചും റിയാദിലേക്ക് രണ്ട് സർവീസുകളുമാണുളളത്.
കരിപ്പൂർ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ ഞായറാഴ്ച കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹമന്ത്രി അൽഫോൺസ് കണ്ണന്താനം മുഖ്യാതിഥിയാവും. നേരത്തെ ഫെബ്രുവരി 10ന് ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ മംഗളൂരുവിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ പങ്കെടുക്കാനെത്തുന്ന കേന്ദ്ര മന്ത്രി സുരേഷ് പ്രഭുവിന്റെ സൗകര്യം കണക്കിലെടുത്താണ് ദിവസം മാറ്റിയത്. വിമാനത്താവളത്തിൽ നടന്ന വിവധ ഏജൻസികളുടെ മാരത്തോൺ ചർച്ചയിലാണ് തീരുമാനം കൈക്കൊണ്ടത്. 120 കോടി രൂപ ചെലവിലാണ് ടെർമിനൽ നിർമാണം പൂർത്തിയാക്കിയത്.
17,000 ചതുരശ്ര അടിയിൽ രണ്ട് നിലയിലാണ് പുതിയ ആഗമന ടെർമിനൽ നിർമിച്ചിരിക്കുന്നത്. ഇതോടെ നിലവിലെ ആഗമന ടെർമിനൽ ആഭ്യന്തര യാത്രക്കാരുടെ പുറപ്പെടൽ കേന്ദ്രമായി മാറും. അന്താരാഷ്ട്ര മാനദണ്ഡ പ്രകാരം ഒരു മണിക്കൂറിൽ 1527 യാത്രക്കാരെ ഉൾക്കൊളളാൻ കഴിയുന്ന രീതിയിലാണ് ടെർമിനൽ നിർമിച്ചിരിക്കുന്നത്. ട്രാൻസിറ്റ് യാത്രക്കാർക്കായി പ്രത്യേക ലോഞ്ച്, പ്രാർഥനാ മുറി, വിസ ഓൺ അറൈവൽ യാത്രക്കാർക്ക് മൂന്ന് കൗണ്ടറുകളടക്കം പുതിയ ടെർമിനലിൽ സജ്ജീകരിച്ചിട്ടുണ്ട്.