Sorry, you need to enable JavaScript to visit this website.

റബർ പ്രതിസന്ധി: സർവകക്ഷി സംഘം പ്രധാനമന്ത്രിയെ കാണും -മന്ത്രി സുനിൽകുമാർ

കോട്ടയം - സംസ്ഥാനത്തെ റബ്ബർ കൃഷി മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുമെന്ന്  മന്ത്രി  വി.എസ് സുനിൽ കുമാർ. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച്  സംഘടിപ്പിച്ച കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകർക്ക് മികച്ച വരുമാനം നേടി കൊടുത്തിരുന്ന  റബ്ബർ കൃഷി ഇന്ന് നേരിടുന്ന പ്രതിസന്ധി പ്രധാനമന്ത്രിയെ ധരിപ്പിക്കും. വിലത്തകർച്ചയെത്തുടർന്ന് കർഷകർ ഈ മേഖലയിൽ തുടരാനാകാത്ത അവസ്ഥയിലാണ്. റബ്ബർ ഉല്പാദനവും വരുമാനവും ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ ഈ മേഖലയുടെ സുസ്ഥിര പരിരക്ഷയ്ക്കുളള നടപടികൾ പ്രധാനമന്ത്രിയിൽ നിന്നും സംസ്ഥാന സർക്കാർ ഉറപ്പു വരുത്തും. റബ്ബർ മേഖലയുടെ സംരക്ഷണത്തിനുളള സംസ്ഥാന സർക്കാർ ശ്രമങ്ങളുടെ ഭാഗമായി കിഫ്ബിയുടെ സഹായത്തോടെ  കോട്ടയത്ത് ഒരു റബ്ബർ അധിഷ്ഠിത അഗ്രോ പാർക്ക് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകോത്തര നിലവാരത്തിലുളള റബ്ബർ ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിനുളള സൗകര്യങ്ങൾ ഇവിടെ ഒരുക്കും.
മറ്റ് വിളകളുടെ ഉൽപാദനം വർധിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള സംവിധാനങ്ങളും മെച്ചപ്പെടുത്തും. ഉൽപന്നങ്ങളുടെ ലഭ്യത, ഉൽപാദന ക്ഷമത എന്നിവ സംബന്ധിച്ച്  പഠനം നടത്തി കൂടുതൽ ചിട്ടപ്പെടുത്തിയ മാർക്കറ്റിംഗ് സംവിധാനം ഏർപ്പെടുത്താനും നടപടി ഉണ്ടാകും. കാർഷികോത്പന്നങ്ങൾ മൂല്യവർദ്ധിത ഉൽപന്നങ്ങളാക്കുന്നതിനുളള പരിമിതികൾ മറികടക്കുന്നതിനുളള നയങ്ങളും സർക്കാർ രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പഞ്ചായത്തുകളിലും മൂല്യവർദ്ധിത ഉല്പന്ന യൂണിറ്റ് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. കാർഷിക നഷ്ട പരിഹാരം നൽകുന്നതിനുളള സ്‌കീമിൽ വരുത്തിയിട്ടുളള മാറ്റമനുസരിച്ച് കർഷകർക്ക് നിലവിലെ നിരക്കിന്റെ 13 ഇരട്ടി വരെ നഷ്ടപരിഹാരം ലഭിക്കും.  'ഓണത്തിന് ഒരുമുറം പച്ചക്കറി എന്റെ വീട്ടിൽ' എന്ന മുദ്രാവാക്യത്തോടെ 68 ലക്ഷം കുടുംബങ്ങളിൽ പച്ചക്കറി വിത്ത് ലഭ്യമാക്കുന്നതോടൊയുളള നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിദ്യാലയങ്ങളുടെയും സഹകരണത്തോടെ ഉടൻ ആരംഭിക്കുമെന്നും കൃഷി മന്ത്രി അറിയിച്ചു. 
മണ്ണിലും ചെളിയിലും ഇറങ്ങുന്ന പുതിയ തലമുറയെ വാർത്തെടുക്കുന്ന വിദ്യാഭ്യാസ രീതിക്ക് ഊന്നൽ നൽകുമെന്നും  കൃഷി പഠിക്കാതെ പത്താംക്ലാസ് പാസാകൻ ആരേയും അനുവദിക്കുകയില്ലെന്നും ചടങ്ങിൽ പങ്കെടുത്ത  മന്ത്രി പ്രൊഫി. സി. രവീന്ദ്രനാഥ് പറഞ്ഞു. ഹരിത കേരളം പച്ചക്കറി വികസന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും പച്ചക്കറി കൃഷി ചെയ്ത മികച്ച സ്‌കൂളുകൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, കർഷകർ, ഉദ്യോഗസ്ഥർ എന്നിവർക്കുളള അവാർഡ് ദാനവും അദ്ദേഹം നിർവ്വഹിച്ചു. മികച്ച സ്‌കൂളിനുളള അവാർഡ് ചാമംപതാൽ ഹോളി ഫാമിലി ഇന്റർനാഷണൽ സ്‌കൂളും മികച്ച പൊതു സ്ഥാപനത്തിനുളള അവാർഡ് വൈക്കം ഗവ. വെസ്റ്റ് വി.എച്ച്.എസും മികച്ച സ്വകാര്യ സ്ഥാപനത്തിനുളള അവാർഡ് പാലപ്ര ഗദ്സമേൻ ആശ്രമവും മികച്ച പ്രധാന അദ്ധ്യാപകനുളള അവാർഡ് വൈക്കം ഗവ. വെസ്റ്റ് വി.എച്ച്.എസിലെ പ്രധാന അദ്ധ്യാപിക കെ.കെ ചന്ദ്രമതിയും മികച്ച അധ്യാപകനുളള അവാർഡ് കിടങ്ങൂർ സെന്റ് മേരീസ് എച്ച്.എസ്.എസിലെ ഫാദർ ജോയി കട്ടിയാക്കലും മികച്ച വിദ്യാർഥിക്കുളള അവാർഡ് കല്ലറ സെന്റ് തോമസ് എച്ച്.എസിലെ ഹരിപ്രസാദും മികച്ച കർഷകനുളള അവാർഡ് ശ്രീകുമാർ പന്തപ്ലാക്കലും മികച്ച കൃഷി ഡെപ്യൂട്ടി ഡയറക്ടർക്കുളള അവാർഡ് മാഗി മെറീനയും (മാടപ്പള്ളി), മികച്ച കൃഷി ഓഫീസർക്കുളള അവാർഡ് റീന കുര്യനും (മരങ്ങാട്ടുപ്പള്ളി), മികച്ച കൃഷി അസിസ്റ്റന്റിനുളള അവാർഡ് മജ്ജു പുരുഷോത്തമനും മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. സി.കെ ആശ എം.എൽ.എ ചടങ്ങിൽ അധ്യക്ഷയായിരുന്നു.
 

Latest News