അലോക് വര്‍മക്കെതിരായ പീഡനം തുടരും, അച്ചടക്ക നടപടി, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടയും


ന്യൂദല്‍ഹി- മുന്‍ സി.ബി.ഐ മേധാവി അലോക് വര്‍മക്കെതിരം അച്ചടക്ക നടപടിക്ക് കേന്ദ്രം ഒരുങ്ങുന്നു. വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഡയറക്ടര്‍ സ്ഥാനത്തുനിന്നുള്ള രാജി സ്വീകരിക്കില്ലെന്നും ഫയര്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ സ്ഥാനം ഏറ്റെടുക്കാതിരുന്നതിന് അച്ചടക്ക നടപടികള്‍ നേരിടേണ്ടി വരുമെന്നുമാണ് റിപ്പോര്‍ട്ട്. അലോക് വര്‍മക്ക് നല്‍കേണ്ട പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പിടിച്ചു വെക്കുമെന്നും ആഭ്യന്തരവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു.

അഴിമതി ആരോപണത്തേത്തുടര്‍ന്ന് സി.ബി.ഐ മേധാവി സ്ഥാനത്തുനിന്നും നീക്കിയ അലോക് വര്‍മയെ സുപ്രീംകോടതി ഇടപെട്ട് വീണ്ടും തിരിച്ചുകൊണ്ടുവന്നുവെങ്കിലും 48 മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രി ഉള്‍പ്പെട്ട ഉന്നതാധികാര സമിതി അദ്ദേഹത്തെ പുറത്താക്കി. തുടര്‍ന്നാണ് അദ്ദേഹം സര്‍വീസില്‍നിന്ന് രാജിവെച്ചത്.

അലോക് വര്‍മക്കെതിരേയുള്ള അന്വേഷണം അവസാനിക്കുന്നതുവരെ അദ്ദേഹത്തിന്റെ രാജി സ്വീകരിക്കില്ലെന്ന് ഒരു മുതിര്‍ന്ന കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു. ജനുവരി 31 നാണ് അദ്ദേഹം വിരമിക്കേണ്ടിയിരുന്നത്.

 

Latest News