അമേരിക്കയില്‍ വിസ തട്ടിപ്പ് നടത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുടുങ്ങി

ന്യൂയോര്‍ക്ക്- വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് എട്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യു.എസില്‍ അറസ്റ്റിലായി. വിദ്യാര്‍ഥി വിസ ദുരുപയോഗം ചെയ്യുകയും മറ്റ് വിദ്യാര്‍ഥികളെ യു.എസില്‍ തങ്ങാന്‍ സഹായിക്കുന്ന വ്യാജരേഖകള്‍ ചമച്ചു എന്നതുമാണ് ഇവര്‍ക്കെതിരായ കുറ്റം. ഇവര്‍ മുഖാന്തിരം രേഖകള്‍ സംഘടിപ്പിച്ച് യു.എസില്‍ തങ്ങിയ നുറുകണക്കിന് പേര്‍ക്കെതിരെ നിയമനടപടികള്‍ ഉണ്ടായേക്കും. ഇവരെ നാടുകടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മിസോറി, ന്യു ജഴ്‌സി,ന്യൂയോര്‍ക്ക്, ജോര്‍ജിയ, ഒഹിയോ,ടെക്‌സാസ് എന്നിവിടങ്ങളില്‍ യു.എസ് അധികൃതര്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് അറസ്റ്റ്്.

ഭരത് കാകിറെഡ്ഡി, അശ്വന്ത് നുണ്‍, സുരേഷ് റെഡ്ഡി കണ്ടാല, ഫനിദീപ് കര്‍ണാടി, പ്രേം കുമാര്‍ റാംപീസ, സന്തോഷ് റെഡ്ഡി സമ, അവിനാഷ് തക്കലപ്പള്ളി, നവീന്‍ പാര്‍ഥിപാഠി എന്നിവരാണ് തട്ടിപ്പുകേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. ഹോംലാന്‍ഡ് സെക്യൂരിറ്റി, കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് എന്നീ ഏജന്‍സികള്‍ സംയുക്തമായി നടത്തിയ നീക്കത്തിലാണ് അറസ്റ്റ് നടന്നത്.

വലിയൊരു തട്ടിപ്പാണ് അധികൃതര്‍ പുറത്തുകൊണ്ടുവന്നതെന്നാണ് പുറത്തുവരുന്ന വിവരം. തട്ടിപ്പുകാര്‍ മുഖേനെ അനധികൃതമായി രേഖകള്‍ സംഘടിപ്പിച്ച വിദ്യാര്‍ഥികളില്‍ അധികവും ഇന്ത്യയില്‍നിന്നുള്ളവരാണെന്നാണ് വിവരങ്ങള്‍.
രഹസ്യനീക്കത്തിലൂടെയാണ് അന്വേഷണ ഏജന്‍സികള്‍ തട്ടിപ്പുകാരെ കുടുക്കിയത്.

 

Latest News