ഫിറോസ് കുന്നംപറമ്പില്‍ രോഗികളെ ഭയപ്പെടുത്തുകയാണോ?

കോഴിക്കോട്-പ്രശസ്ത ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന്റെ ഫേസ് ബുക്ക് പോസ്റ്റ് വിവാദത്തില്‍. ആശുപത്രിയില്‍ വെച്ച് രക്തം സ്വീകരിച്ച ഗര്‍ഭിണിക്ക് അതുവഴി എയ്ഡ്‌സ് ബാധിച്ചുവെന്നും ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും അശ്രദ്ധ കാരണമാണ് ഇത് സംഭവിച്ചതെന്നുമാണ് ഫിറോസ് ഫേസ് ബുക്ക് വീഡിയോ സന്ദേശത്തില്‍ പറയുന്നത്.

എന്നാല്‍ ആയിരക്കണക്കിനാളുകള്‍ ശ്രദ്ധിക്കുന്ന വീഡിയോയില്‍ ഫിറോസ് കാര്യങ്ങള്‍ മനസ്സിലാക്കാതെ ഡോക്ടര്‍മാരേയും നഴ്‌സുമാരേയും അടച്ചാക്ഷേപിക്കുകയാണെന്ന് ഫിറോസിന്റെ വാദങ്ങളെ ചോദ്യം ചെയ്യുന്ന യുവാവ് പറയുന്നു. ഫിറോസിന്റേയും ആശുപത്രിയില്‍ ജോലി ചെയ്യുന്ന യുവാവിന്റെയും വിഡീയോകള്‍ ചേര്‍ത്തുവെച്ചുകൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ ഇതു പ്രചരിക്കുന്നത്.
രക്തം സ്വീകരിക്കുമ്പോഴും നല്‍കുമ്പോഴും ബ്ലഡ് ബാങ്കുകള്‍ അതീവ സൂക്ഷ്മ പരിശോധന നടത്താറുണ്ടെന്നും രോഗബാധിതരുടെ രക്തം സ്വീകരിക്കാനുള്ള സാധ്യത വളരെ വിദൂരമാണെന്നും ഫിറോസ് തിരുത്തണമെന്ന് ആവശ്യപ്പെടുന്ന വിഡിയോയില്‍ പറയുന്നു.

Latest News